അഞ്ചല്‍ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം.
കൊല്ലം: അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയമായ അഞ്ചല്‍ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇപ്പോഴും കിടത്തച്ചികിത്സയില്ല. രാത്രി ചികിത്സാ സൗകര്യവുമില്ല. ഏഴ് ഡോക്ടര്‍മാരുണ്ടെങ്കിലും രാത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല.ഉച്ചയ്ക്കുശേഷം ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. അതിനാല്‍ ഉച്ചയ്ക്കുശേഷം എത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടാണ്. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉച്ചകഴിഞ്ഞും രാത്രിയിലും ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഗൈനക്കോളജി, സിവില്‍ സര്ജന്, ഇഎന്‍ടി, ഡെന്റല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി, മികച്ച ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പ്രസവംമുതല്‍ പോസ്റ്റ്മോര്‍ട്ടംവരെ നടന്നിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ കിടത്തി ചികിത്സപോലും ലഭിക്കുന്നില്ലെന്നാണ് പരാതി.അസുഖങ്ങളുമായി വരുന്നവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്.
പ്രതിദിനം 1,200 വരെ രോഗികളാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. അഞ്ചല്‍, അലയമണ്‍, ഏരൂര്‍, കുളത്തൂപ്പുഴ, ഇടമുളയ്ക്കല്‍ പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയകേന്ദ്രമാണിവിടം. ഡയാലിസിസ്, സ്കാനിംഗ് സംവിധാനം, കിടത്തി ചികിത്സാസൗകര്യം, മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം എന്നിവ അടിയന്തരമായി ഉണ്ടാകണമെന്നാണ ആവശ്യപ്പെടുന്നത്. എല്ലാം മരുന്നുകളും ആശുപത്രിയില്‍ നിന്നു ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
Tags : ealth Centre family NattuVishesham DistrictNews