നഗരത്തില്‍ സീബ്രാ ലൈനില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്ന സ്വകാര്യ ബസ്.
സ്വകാര്യ ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ ജീവന് നഷ്ടപ്പെടുന്നവരുടെ വാര്‍ത്തകള്‍ ആവര്‍ത്തിക്കുകയാണ്. ഓരോ അപകടത്തിനുശേഷവും കുറച്ചുദിവസം ചര്‍ച്ചകളും പരിശോധനകളും നടപടികളുടെ പ്രഖ്യാപനങ്ങളുമുണ്ടാകും. പിന്നെ, എല്ലാം പഴയപടിയാകും. അപകടത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് ഒരു ജീവന് മാത്രമല്ല; ഒരു കുടുംബത്തിന്റെ താങ്ങും പ്രതീക്ഷയും സ്വപ്നങ്ങളുമാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ജീവിതം തന്നെ മാറിമറിയുന്നു. ഇത്തരം ദുരന്തങ്ങളില്‍നിന്ന് നഗരത്തിലെ ഗതാഗതസംവിധാനം എന്തെങ്കിലും പാഠം പഠിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.
ജീവന് നഷ്ടമായവരില്‍ എട്ടു വയസുകാരന് മുതല്‍ വൃദ്ധദമ്പതികള്‍ വരെ
ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ സ്വകാര്യ ബസ് ഇടിച്ച് ജീവന് നഷ്ടമായവരില്‍ എട്ടു വയസുകാരന് മുതല്‍ വൃദ്ധദമ്പതികള്‍ വരെ ഉള്‍പ്പെടും. ഇത്തരം അപകടങ്ങൾ ദിവസങ്ങള്‍ മാത്രം വാര്‍ത്തകളില്‍ നിലനില്ക്കും. ജാമ്യത്തിലിറങ്ങുന്ന ബസ് ഡ്രൈവര്‍ വീണ്ടും വാഹനം ഓടിക്കും. ഇയാൾ മറ്റൊരു അപകടമുണ്ടാക്കിയാല്‍ പിന്നെയും കേസെടുക്കും. എന്നാല്‍, ആരുടെയോ അശ്രദ്ധയിൽ മരണം കവര്‍ന്നെടുത്ത കുടുംബങ്ങളുടെ കണ്ണീര് തോരുന്നേയില്ല.
ആ കുരുന്നു മിഴികള്‍ അടഞ്ഞു...
എനോയ് ജൂഡ് എന്ന എട്ടു വയസുകാരന് പതിവു പോലെ സമീപത്തെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ അമ്മ ചിന്നു മറ്റൊന്നും കരുതിക്കാണില്ല. പക്ഷേ, പരിചിതമായ സ്ഥലത്തേക്കുള്ള അവന്റെ യാത്ര അവസാനയാത്രയായി മാറുകയായിരുന്നു.
സ്കൂട്ടറിനെ മറികടക്കുമ്പോള്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് ചെല്ലാനം കാളിപ്പറമ്പില്‍ ജൂഡിന്റെ മകന് എനോയ് ജൂഡ് മരിച്ചത് ഇക്കഴിഞ്ഞ ജനുവരി 30 ന് ആയിരുന്നു. രാത്രി 7.30ന് കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി റോഡരികിലൂടെ വീട്ടിലേക്ക് നടന്നുവരികയായിരുന്ന കുഞ്ഞിനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. അടുത്തുള്ള വൈദ്യുതി പോസ്റ്റും തകർത്താണ് ബസ് നിന്നത്.
എരമല്ലൂര്‍ സാന്താക്രൂസ് സ്കൂളി മൂന്നാംക്ലാസ് വിദ്യാര്‍ഥിയായിരുന്ന എനോയി മരണപ്പെട്ടത് ആലുവ - ചെല്ലാനം റൂട്ടിൽ സര്‍വീസ് നടത്തുന്ന ശ്രീനന്ദ ബസ് ഇടിച്ചാണ്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിടും ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പൊലിസിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നാട്ടുകാര്‍ റോഡിലിറങ്ങി സ്വകാര്യ ബസുകള്‍ തടഞ്ഞതോടെയാണ് ഒളിവിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ അണ്ടിക്കടവ് സ്വദേശി പി.ഡി. ജോൺ(39)നെ കണ്ണമാലി പൊലിസ് അറസ്റ്റ് ചെയ്തത്.
തുറന്ന വാതില്‍ കന്യാസ്ത്രീയുടെ ജീവനെടുത്തു
സ്വകാര്യ ബസുകള്‍ വാതിലുകള്‍ അടച്ചിട്ടേ സര്‍വീസ് നടത്താവൂവെന്ന് കര്‍ശന നിയമമുണ്ടെങ്കിലും ചില ബസുകാര്‍ക്ക് അതൊന്നും ബാധകമല്ല. ബസുകാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ സമീപനത്തിന്റെ ഇരയാണ് സിസ്റ്റര്‍ ഹെയ്സ്ലെറ്റ് പുത്തേട്ട് (56). സ്വകാര്യ ബസിന്റെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ കന്യാസ്ത്രീക്ക് ജീവന് നഷ്ടമായത് കഴിഞ്ഞ ജൂലൈ ഒന്നിനായിരുന്നു. ബസ് വളവു തിരിയുമ്പോള്‍ മുന്‍വാതിലിലൂടെ സിസ്റ്റര്‍ റോഡിലേക്ക് തലയിടിച്ചു വീഴുകയായിരുന്നു.
വാഴക്കുളം കോതമംഗലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന റെജിമോന് ബസാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ നിയന്ത്രിക്കുന്ന ഹൈഡ്രോളിക് വാതില്‍ അടക്കാതിരുന്നതാണ് അപകട കാരണം.
സഹോദരന്റെ വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27ന് കുട്ടമ്പുഴ ഉരുളന്തണ്ണി കോര്പറേഷന്പടി പുത്തന്‍പുരയ്ക്കല്‍ ജോസ് വര്‍ഗീസി(66)ന്റെയും ഭാര്യ സൂസന്റെ(57)യും ജീവനെടുത്തത് സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധയായിരുന്നു.
ഭൂതത്താന്‍കെട്ട് വടാട്ടുപാറ റോഡില്‍ ആഞ്ഞിലിച്ചുവട് ഭാഗത്തെ വളവില്‍വച്ചാണ് ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ എതിര്‍ദിശയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചത്. ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇവരെ ഉടന്‍ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇരുവരും മരിച്ചു. സൂസന്റെ സഹോദരന്റെ വീട്ടിലേക്കുള്ള യാത്ര ദമ്പതികളുടെ അവസാന യാത്രയായി മാറുകയായിരുന്നു.
(തുടരും)