സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്നു ധർമേന്ദ്ര പ്രധാനെ മാറ്റിയതു പ്രധാനമന്ത്രി നരേന്ദ്രമോദിയെ രക്ഷിക്കാനാണെന്നു സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പരീക്ഷാ ക്രമക്കേട് വിവാദങ്ങൾക്കിടയിലെ രാഷ്ട്രീയ നീക്കമാണ് മന്ത്രിയുടെ മാറ്റമെന്നും അദ്ദേഹം ആരോപിച്ചു.
രാമക്ഷേത്രത്തിലെ സംഭാവന പണം മോഷ്ടിച്ചവർക്കാണ് ചോദ്യ പേപ്പർ ചോർച്ച തടയാൻ കഴിയാത്തതെന്നും അദ്ദേഹം പരിഹസിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പോരാട്ടത്തിൽ സർക്കാരിനെക്കൊണ്ട് ആവശ്യങ്ങൾ അംഗീകരിപ്പിച്ച യുവതലമുറയെ അഖിലേഷ് യാദവ് അഭിനന്ദിച്ചു. യുവാക്കളുടെ പ്രതിഷേധങ്ങൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കി.
മോദി സർക്കാർ രാജ്യത്തുടനീളം ഒരു ലക്ഷത്തിലധികം സ്കൂളുകൾ അടച്ചുപൂട്ടി. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഇല്ലാതാക്കുകയാണ്. ഉത്തർപ്രദേശിൽ ബിജെപി ഭരണകാലത്ത് പത്തു വർഷത്തിനിടെ 20 ചോദ്യ പേപ്പർ ചോർച്ചകൾ ഉണ്ടായതായി അഖിലേഷ് ആരോപിച്ചു.
പ്രശ്നം നിയമങ്ങളിലല്ല അവ നടപ്പാക്കുന്ന രീതിയിലാണ്. കർഷക സമരത്തെ പരാമർശിച്ച അഖിലേഷ് ജനകീയ സമ്മർദ്ത്തിനു മുന്നിലാണ് സർക്കാർ പലപ്പോഴും തീരുമാനങ്ങൾ മാറ്റുന്നത്. തെരഞ്ഞെടുപ്പ് ഭയം മൂലമാണ് കർഷക നിയമങ്ങൾ പിൻവലിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags : AkhileshYadav DharmendraPradhan NarendraModi BJP SamajwadiParty