തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി നിധിൻ രാജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് ഒഴികെ മറ്റാർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
ഒമ്പതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് നേരത്തെ ജാമ്യം ലഭിച്ചത്. പോലീസ് റിപ്പോർട്ടിന് വിരുദ്ധമായ നിലപാടാണ് പബ്ലിക് പ്രോസിക്യൂട്ടർ സ്വീകരിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. മറ്റ് പ്രതികൾ രണ്ട് മാസത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കർ ജംഗ്ഷനിലെ വസതിയിൽ മേയ് 27നാണ് ഇഡി പരിശോധന നടത്തിയത്. മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിന് ഉണ്ടായിരുന്ന നിയമതടസങ്ങൾ ഹൈക്കോടതി നീക്കിയതിന് പിന്നാലെയായിരുന്നു പരിശോധന. പരിശോധനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തിരുന്നു.
Tags : EDRaid PinarayiVijayan VeenaVijayan MasappadiCase Exalogic