പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഭാഗ്യശ്രീ ജിഗലൂറിനെ (23) ആണ് ഭർത്താവ് പ്രവീൺ ജിഗലൂർ കൊലപ്പെടുത്തിയത്.
ആദ്യം മരത്തടി ഉപയോഗിച്ച് ഭാര്യയെ മർദിച്ച ശേഷം ഇയാൾ വീടിനുള്ളിൽ തൂക്കിക്കൊല്ലുകയായിരുന്നു. ഭാഗ്യശ്രീ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് പ്രവീൺ ഫോണിൽ പകർത്തുകയും, യുവതിയുടെ മാതാപിതാക്കളെ വീഡിയോ കോളിൽ വിളിച്ച് മകളുടെ ദയനീയവസ്ഥ നേരിട്ട് കാണാൻ നിർബന്ധിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇയാൾ മറ്റുചിലർക്കും അയച്ചുകൊടുത്തിട്ടുണ്ട്.
കുടുംബവഴക്കിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ഭാഗ്യശ്രീ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാൽ സമാധാനത്തോടെ ജീവിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവീൺ ഭാഗ്യശ്രീയെ വീട്ടിലേക്ക് തിരികെ വിളിച്ചുവരുത്തുകയായിരുന്നു. തിരികെ എത്തിയ അന്നുതന്നെയാണ് കൊലപാതകം നടന്നത്.
വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Tags : Deepika BreakingNews Wife Death