പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്തിമ റിപ്പോർട്ട് ഒക്ടോബറിൽ സമർപ്പിക്കുമെന്നും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സുപ്രീംകോടതിയെ അറിയിച്ചു. 2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്ന് ഒരാൾ ഒഴികെ മറ്റെല്ലാവരും മരിച്ചിരുന്നു.
സംഭവത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് എഎഐബി സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയത്. അന്വേഷണ സംഘത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ ഉദ്യോഗസ്ഥർ മാത്രമല്ലയുള്ളത്. അപകടത്തിൽ മരിച്ച പൗരന്മാരുടെ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന്റെ ഭാഗമാണെന്നും എഎഐബി വ്യക്തമാക്കി.
വിമാനത്തിന്റെ ക്യാപ്റ്റൻ സുമിത് സബർവാളിന്റെ പിതാവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സും ഉൾപ്പെടെയാണ് കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. നിലവിലെ അന്വേഷണത്തിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ അന്വേഷണം ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എഎഐബിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അന്തിമ റിപ്പോർട്ട് ഒക്ടോബറിൽ മുദ്രവച്ച കവറിൽ സമർപ്പിക്കുമെന്ന് കോടതിയെ അറിയിച്ചു. വിമാനത്തിന്റെ ചില ഭാഗങ്ങൾ പ്രത്യേക ഫോറൻസിക് സാങ്കേതിക പരിശോധനകൾക്കായി വിദേശത്തേക്ക് അയക്കേണ്ടി വന്നതാണ് അന്വേഷണം പൂർത്തിയാക്കാൻ വൈകുന്നതെന്ന് തുഷാർ മേത്ത വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ രണ്ട് എൻജിൻ ഫ്യൂവൽ കൺട്രോൾ സ്വിച്ചുകൾ ഓഫായെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സ്വിച്ചുകൾ മാറാനുള്ള കാരണം എന്താണന്നോ അപകടത്തിന് ആരാണ് ഉത്തരവാദിയെന്നോ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നില്ല.
Tags : AhmedabadPlaneCrash AircraftAccident AAIB AirCrash Investigation SupremeCourt