വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡിന്‍റെ സുരക്ഷയ്ക്കായി ഡെന്മാർക്കും അമേരിക്കയും തമ്മിൽ കരാർ ഉണ്ടാക്കാൻ തീരുമാനിച്ചു. ഗ്രീൻലാൻഡിനെ സ്വന്തമാക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനത്തോടെ ഉടലെടുത്ത നയതന്ത്ര പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്.
ഉത്തരധ്രുവത്തിൽ തന്ത്രപ്രാധാന്യമുള്ള ഗ്രീൻലാൻഡിന്‍റെ സുരക്ഷാകാര്യങ്ങളിൽ അമേരിക്കയ്ക്ക് സ്ഥിരം നിയന്ത്രണം ലഭിക്കുന്ന കരാറാണിതെന്ന് ട്രംപ് അറിയിച്ചു. ഡെന്മാർക്കിലെയും ഗ്രീൻലാൻഡിലെയും നേതാക്കൾ കരാറിനെ സ്വാഗതം ചെയ്തു.
അടുത്തയാഴ്ച ന്യൂയോർക്കിൽ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ കരാർ ഒപ്പുവയ്ക്കും എന്നാണ് അറിയിപ്പ്. കരാറിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അമേരിക്കയ്ക്ക് ഒരു ചിലവുമില്ലാതെയാണ് കരാർ സാധ്യമായതെന്ന് ട്രംപ് പറഞ്ഞു. കരാർ പ്രകാരം അമേരിക്കയുടെ അനുമതിയില്ലാതെ ശത്രുരാജ്യങ്ങൾക്ക് ഗ്രീൻലാൻഡിൽ സൈനിക താവളം തുറക്കാനാവില്ല. ചിലതരം നിക്ഷേപങ്ങളും അസാധ്യമാകുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ഡെന്മാർക്കിന്‍റെ പരമാധികാരവും ഗ്രീൻലാൻഡിന്‍റെ സ്വയംനിർണയാവകാശവും കരാറിൽ സംരക്ഷിക്കപ്പെടുന്നതായി ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണും ഗ്രീൻലാൻഡ് പ്രധാനമന്ത്രി യെൻസ് ഫ്രഡറിക് നീൽസണും പ്രതികരിച്ചു.
ഡെന്മാർക്കിലെ സ്വയംഭരണ പ്രദേശമായ ഗ്രാൻലാൻഡിനെ അമേരിക്കയോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്‍റെ ആഗ്രഹം വലിയ പ്രതിസന്ധിക്കിടയാക്കിയിരുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് വേണമെന്നായിരുന്നു ട്രംപിന്‍റെ നിലപാട്. ശത്രുരാജ്യങ്ങളായ ചൈനയും റഷ്യയും ഗ്രീൻലാൻഡിൽ സ്വാധീനം ശക്തമാക്കുമെന്ന് അദ്ദേഹം വാദിച്ചു. ഗ്രീൻലാൻഡിലെ വിലയ്ക്കു വാങ്ങാൻ തയാറാണെന്നും വേണ്ടിവന്നാൽ ബലംപ്രയോഗിച്ച് കൂട്ടിച്ചേർക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയിൽ വലിയ എതിർപ്പിനും ഭിന്നതയ്ക്കും ട്രംപിന്‍റെ നീക്കം വഴിവച്ചിരുന്നു.
Tags : Greenland Denmark Trump