Business
കൊച്ചി: കേരളത്തിലെ സ്വര്‍ണാഭരണ വിപണിയില്‍ 18 കാരറ്റ് സ്വര്‍ണത്തിനും ഏകീകൃത വിലനിലവാരത്തിലേക്ക് എത്തിക്കാന്‍ സംസ്ഥാനത്തെ സ്വര്‍ണാഭരണ വ്യാപാര മേഖലയിലെ അസോസിയേഷനുകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം.
18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കു കേരളത്തില്‍ വ്യത്യസ്തമായ വിലകളാണ് പല ജ്വല്ലറികളും ഈടാക്കി വന്നിരുന്നത്. വിലനിലവാരം ഏകീകരിക്കുന്നതിന് വളരെക്കാലമായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.
യോഗത്തില്‍ ടി.എസ്. കല്യാണരാമന് അധ്യക്ഷത വഹിച്ചു. ഡോ. ബി. ഗോവിന്ദന് (എകെജിഎസ്എംഎ), കെ. സുരേന്ദ്രന്, അഡ്വ. എസ്. അബ്ദുൾ നാസര്‍ (കെജിഎസ്എംഎ), എം.പി. അഹമ്മദ്, എ.കെ. നിഷാദ്, ഒ. അഷര്‍ (കെജെഎഫ്) എന്നിവര്‍ പ്രസംഗിച്ചു.
ഏകീകൃത വില ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നും സംസ്ഥാനത്ത് 18 കാരറ്റ് ആഭരണങ്ങളുടെ വില്പനയില് കുതിപ്പുണ്ടാകുമെന്നും സ്വര്‍ണവിപണിയുടെ 20 ശതമാനം വ്യാപാര ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുമെന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍നാസര്‍ അറിയിച്ചു.
Business
ഏഷ്യൻ റബർ വിപണികളിൽ നിക്ഷേപകരും ഊഹക്കച്ചവടകാരും തമ്മിൽ വടംവലി, 421 യെന്നിലെ വൻ മതിൽ തകർക്കാൻ ഒസാക്കയിൽ കടുത്ത മത്സരം. യൂറോപ്യൻ യൂണിയൻ ചൈനീസ് ടയറിന് ഏർപ്പെടുത്തിയ അധിക നികുതി റബറിനു തിരിച്ചടിയാകുമോ? ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വെളിച്ചെണ്ണ വിലയിൽ ഉണർവ്, ഓണ വില്പന മുന്നിൽ കണ്ട് വ്യവസായികൾ ചരടുവലി തുടങ്ങി. വാങ്ങലുകാർ നിരക്ക് ഇടിച്ചതോടെ നാടൻ കുരുമുളക് ലഭ്യത കുറഞ്ഞു. ഇഞ്ചിയുടെ വിലക്കയറ്റം ചുക്കിനു വൻ വിലയ്ക്ക് അവസരം ഒരുക്കും.
റബറിൽ സെല്ലിംഗ് മൂഡ്
ഏഷ്യയിലെ മുൻനിര റബർ അവധി വ്യാപാര കേന്ദ്രമായ ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഉത്പന്ന വില സ്റ്റെഡി. സാങ്കേതികമായി റബർ സെല്ലിംഗ് മൂഡിലേക്ക് തിരിഞ്ഞതിനാൽ ഫണ്ടുകളും ഊഹക്കച്ചവടക്കാരും കരുതലോടെയാണ് ഓരോ കരുക്കളും നീക്കുന്നത്. വിപണിക്ക് 400 യെന്നിലെ നിർണായക താങ്ങ് നിലനിൽക്കുവോളം ഉത്പാദക രാജ്യങ്ങൾ ആശങ്കപ്പെടേണ്ടതില്ല. തായ്ലൻഡിലെ കാലാവസ്ഥ മാറ്റങ്ങളും വിനിമയ വിപണിയിൽ യെൻ ദുർബലമായതും ഊഹക്കച്ചവടക്കാരെ സമ്മർദത്തിലാക്കി.
ഒരു വിഭാഗം വില്പനകൾ തിരിച്ചുപിടിക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു കൂട്ടർ വാങ്ങൽ വിറ്റുമാറാനും അണിയറ നീക്കം നടത്തി. റബർ കിലോ 413 യെന്നിൽനിന്നും 421 യെന്നിലേക്ക് ഉയർന്ന ശേഷം 417- 419 റേഞ്ചിലാണ്. വിപണിയുടെ 50 ദിവസങ്ങളിലെ ശരാശരി കണക്കിലെടുത്താൽ 422ലെ പ്രതിരോധം തകർത്താൽ 433-438 യെൻ വരെ മുന്നേറാം. വില്പന സമ്മർദമുണ്ടായാൽ 400-396ലേക്ക് ആദ്യ പരീക്ഷണത്തിന് ഇടയുണ്ട്. യൂറോപ്യൻ യൂണിയൻ ചൈനീസ് ടയറിന് അധിക നികുതി പ്രഖ്യാപിച്ചത് ടയർ വ്യവസായികളിൽ നിന്നുള്ള ഡിമാൻഡ് കുറയ്ക്കാം.
തിരിച്ചടിയായി ആന്റിഡമ്പിംഗ് തീരുവ
ചൈനയിൽ നിന്നുള്ള കാർ, ട്രക്ക് ടയറുകൾക്കു നാല് മുതൽ 45 ശതമാനം വരെ ആന്റിഡമ്പിംഗ് തീരുവ ഏർപ്പെടുത്തിയ യൂറോപ്യൻ യൂണിയൻ തീരുമാനം റബർ വിപണിയെ ബാധിക്കും. ഇതിന്റെ ആഘാതത്തിൽനിന്നും രക്ഷനേടാൻ ബെയ്ജിംഗിലെ ടയർ വ്യവസായികൾക്ക് അല്പ സമയം വേണ്ടിവരും.
ഇന്ത്യയിൽ ഷീറ്റ് ക്ഷാമം
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ടാപ്പിംഗ് സീസൺ ശക്തമാകുന്നു. ബാങ്കോക്കിൽ കിലോ 271 രൂപയിൽനിന്നും വാരാന്ത്യം 287 രൂപയായി. എന്നാൽ, തൊട്ട് മുൻവാരത്തിലെ 288 രൂപ മറികടക്കാനായില്ല. ഇന്ത്യൻ ടയർ വ്യവസായികൾ റബറിനെ തളർത്താൻ ശ്രമിച്ചെങ്കിലും വിപണിയിലെ കടുത്ത ഷീറ്റ് ക്ഷാമം ടയർ ലോബിക്ക് തിരിച്ചടിയായി. ആർഎസ്എസ് നാലാം ഗ്രേഡ് കിലോ 270 രൂപയിൽനിന്നും വാരാന്ത്യം 280 രൂപ വരെ വാങ്ങലുകാർ ഉയർത്തി, അഞ്ചാം ഗ്രേഡ് 266ൽനിന്നും 276 രൂപയായി. ഒട്ടുപാലിന് ഏഴ് രൂപ കയറി 180 രൂപയിലും ലാറ്റക്സ് 165ൽനിന്ന് 172 രൂപയുമായി.
മഴ വകവയ്ക്കാതെ ചെറുകിട കർഷകർ പുലർച്ചെ ടാപ്പിംഗിന് ഉത്സാഹിച്ചെങ്കിലും വലിയ പങ്ക് കർഷകരും ഷീറ്റിനു താത്പര്യം കാണിക്കാതെ ലാറ്റക്സ് വില്പന നടത്തി. ഷീറ്റാക്കി മാറ്റാനുള്ള കാലതമാസത്തിനിടയിൽ വിലയിൽ കുറവ് സംഭവിക്കുമോയെന്ന ഭീതിയിലാണു പലരും, അവരെ കുറ്റം പറയാനാവില്ല, അനുഭവമല്ലേ ഗുരു.
പ്രതാപം തിരിച്ചുപിടിക്കാൻ വെളിച്ചെണ്ണ
ഒരു മാസത്തെ നിർജീവാവസ്ഥയ്ക്ക് ശേഷം വെളിച്ചെണ്ണ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ. കൊച്ചിയിൽ വെളിച്ചെണ്ണ വില 22,200 രൂപയിൽ നിന്ന് 22,500 രൂപയായി. കൊപ്രയ്ക്ക് 600 രൂപ വർധിച്ച് ശനിയാഴ്ച്ച 13,700 രൂപയിലെത്തി. തമിഴ്നാട് ലോബി ഓണം അടുക്കുന്നത് മുന്നിൽക്കണ്ട് ചരടുവലികൾ ആരംഭിച്ചു. വാരത്തിന്റെ തുടക്കത്തിൽ എണ്ണ 19,850 രൂപയിലായിരുന്നെങ്കിലും പിന്നീട് നിരക്ക് 21,175 വരെ ഉയർത്തി. എന്നാൽ, അമിത വിലക്കയറ്റത്തിനിടയിൽ കേരളത്തിൽനിന്നും എണ്ണയ്ക്ക് ആവശ്യക്കാരില്ലെന്നു വ്യക്തമായതോടെ അവർ നിരക്ക് 20,850ലേക്ക് താഴ്ത്തി.
കർക്കടകത്തിൽ വിപണിയെ 23,000നു മുകളിലെത്തിക്കാനായാൽ ചിങ്ങത്തിൽ 25,000 കടത്തിവിടാനാവുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. വിപണിയെ അമ്മാനമാടുന്നവർ മറന്ന മറ്റ് ഒരു കാര്യമുണ്ട്, വിപണിയിൽ പാചകയെണ്ണ പലതുണ്ട്, ഉപഭോക്താക്കൾ വില കുറഞ്ഞ വിദേശ ചരക്കിലേക്ക് തിരിഞ്ഞാൽ നിലവിലുള്ള സ്വാധീനം പോലും വെളിച്ചെണ്ണയ്ക്ക് നഷ്ടപ്പെടുമെന്ന സത്യം. അത് ഫലത്തിൽ നാളികേര കർഷകർക്കാവും തിരിച്ചടിയാവുക. കാങ്കയത്തെ കൊപ്രയാട്ട് വ്യവസായികൾ അവരുടെ താത്പര്യങ്ങൾക്ക് മാത്രമാണു മുൻതൂക്കം നൽക്കുന്നത്. അവിടെ കൊപ്ര വില 13,800 രൂപ. എണ്ണ വില ഉയർത്തുമ്പോൾ പച്ചത്തേങ്ങയ്ക്കും കൊപ്രയ്ക്കും മെച്ചപ്പെട്ട വില നൽക്കാൻ വ്യവസായികൾ പലപ്പോഴും തയാറാകുന്നില്ല.
നിരക്ക് ഉയരാതെ കുരുമുളക്
ഉത്തരേന്ത്യൻ വ്യവസായികൾ കുരുമുളകിനായുള്ള ഓട്ടം തുടരുന്നു. വിദേശ ചരക്ക് ലഭ്യമെങ്കിലും മലബാർ മുളക് ശേഖരിക്കുക ക്ലേശകരമായി. ഹൈറേഞ്ചിലെയും മറ്റ് ഭാഗങ്ങളിലെ സ്റ്റോക്കിസ്റ്റുകളും തോട്ടങ്ങളും ചരക്ക് നീക്കം നിയന്ത്രിക്കുന്നത് വാങ്ങലുകാരെ അസ്വസ്ഥരാക്കിയെങ്കിലും നിരക്ക് ഉയർത്താൻ അവർ തയാറായില്ല. അൺഗാർബിൾഡ് കുരുമുളക് 69,600 രൂപയിലും ഗാർബിൾഡ് 72,600 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 7650 ഡോളർ. ഇന്തോനേഷ്യ 6700 ഡോളറിനും ബ്രസീൽ 5900 ഡോളറിനും വിയറ്റ്നാം 6200 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഇഞ്ചിക്ക് വിലക്കയറ്റം; ക്ഷാമം
ചുക്ക് കുതിച്ചു കയറിയ ശേഷം അല്പം കിതച്ചു. കാർഷിക മേഖലയിൽ പച്ച ഇഞ്ചി വില കിലോ 260 രൂപയിലേക്ക് കയറിയതു വിപണിയെ പെടുന്നനെ പിടിച്ചുലച്ചു. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം പല ഭാഗങ്ങളിലും ഇഞ്ചി കൃഷിക്ക് നേരിട്ട തിരിച്ചടി ചരക്ക് ക്ഷാമം ഉളവാക്കുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയാൽ ചുക്ക് വില വീണ്ടും ഉയരാൻ സാധ്യത. എന്നാൽ, പരമാവധി വില കുറച്ച് ലഭ്യമായ ചുക്ക് കൈക്കലാക്കാൻ കയറ്റുമതിക്കാരും അന്തർസംസ്ഥാന വ്യാപാരികളും ശ്രമിക്കുന്നുണ്ട്. ഇഞ്ചി ക്ഷാമം കണക്കിലെടുത്താൽ ശൈത്യകാലത്ത് ചുക്ക് വില കത്തിക്കയറുമെന്ന് കയറ്റുമതി ലോബി കണക്ക് കൂട്ടുന്നു. ലഭ്യമായ ഉത്പന്നം അത്രയും ശേഖരിച്ച ശേഷം വില ഉയർത്താമെന്ന മോഹത്തിലാണവർ. കൊച്ചിയിൽ മീഡിയം ചുക്ക് 31,000 രൂപയിലും ബെസ്റ്റ് ചുക്ക് 32,500 രൂപയിലുമാണ്. അറബ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ട്.
Tech
ന്യൂ ഡൽഹി : ഇന്ത്യൻ വിപണിയിൽ പ്രമുഖ ബ്രാൻഡുകളുടെ തെരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളുടെ വില കുത്തനെ കൂട്ടി. ആപ്പിൾ തങ്ങളുടെ ഐപാഡ്, മാക്ബുക്ക് മോഡലുകളുടെ വില വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ, റിയൽമി, നതിംഗ് എന്നിവയും വില പുതുക്കി നിശ്ചയിച്ചത്. മോഡലുകൾക്ക് അനുസരിച്ച് 1,000 രൂപ മുതൽ 7,000 രൂപ വരെയാണ് വർധനവ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയെത്തുടർന്ന് റാം , സ്റ്റോറേജ് തുടങ്ങിയ മെമ്മറി ഘടകങ്ങളുടെ ആഗോള വിപണിയിലെ വിലക്കയറ്റമാണ് സ്മാർട്ട്ഫോൺ കമ്പനികളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വിവോ തങ്ങളുടെ എക്സ്, വി, ടി, വൈ, സീരിസ് ഉൾപ്പെട്ട നിരവധി ഫോണുകൾക്കാണ് വില കൂട്ടിയിരിക്കുന്നത്. ഇതിൽ ഏറ്റവും വലിയ വിലവർധനവ് ഉണ്ടായത്, വിവോ എക്സ്300എഫ്ഇ മോഡലിനാണ്. ഈ ഫോണിന്റെ 256ജിബി, 512ജിബി പതിപ്പുകൾക്ക് മുന്പത്തേക്കാൾ 7000 രൂപയാണ് വർധിച്ചത്. ഇതിന് പുറമെ വിവോ വി70എഫ്ഇ, ടി5എക്സ്, ടി4ലൈറ്റ് എന്നിവയുൾപ്പെടെയുള്ള മോഡലുകൾക്ക് 2,000 രൂപ മുതൽ 5,000 രൂപ വരെ വർധിച്ചിട്ടുണ്ട്.
നതിംഗ് തങ്ങളുടെ 4എ സീരിസിന്റെ വിലയിൽ 4000 രൂപയാണ് വരെയാണ് വർധിപ്പിച്ചത്. നതിംഗ് ഫോൺ 4എയുടെ അടിസ്ഥാന മോഡലായ 8ജിബി + 128ജിബി പതിപ്പിന് ഇനി മുതൽ 39,999 രൂപ നൽകണം. ഈ സീരീസിലെ മറ്റ് ഉയർന്ന സ്റ്റോറേജ് മോഡലുകൾക്കും വില കൂടിയിട്ടുണ്ട്.
റിയൽമി 16, റിയൽമി 16 പ്രോ പ്ലസ് എന്നീ മോഡലുകൾക്ക് 4,000 രൂപ വരെ വില വർധിപ്പിച്ചു. എന്നാൽ, ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം നൽകിക്കൊണ്ട് റിയൽമി 16 പ്രോ മോഡലിന്റെ തെരഞ്ഞെടുത്ത പതിപ്പുകൾക്ക് 3,000 രൂപ വരെ കമ്പനി കുറച്ചിട്ടുമുണ്ട്. ഫോൺ നിർമാണത്തിനാവശ്യമായ അനുബന്ധ സാമഗ്രികളുടെ കനത്ത വിലക്കയറ്റം കാരണം ഉപഭോക്തൃ ഇലക്ട്രോണിക്സ് വിപണിയിൽ മൊത്തത്തിൽ വിലവർധനവിന്റെ ട്രെൻഡാണ് കാണാൻ സാധിക്കുന്നത്.
Business
വാഷിംഗ്ടൺ: പ്രമുഖ ഗെയിമിംഗ് കൺസോളുകളായ എക്സ്ബോസ് (Xbox Series X, Series S) മോഡലുകളുടെ വില മൈക്രോസോഫ്റ്റ് വീണ്ടും വർധിപ്പിച്ചു. എക്സ്ബോക്സ് കൺസോളുകളുടെ വില ആഗോളതലത്തിൽ 150 ഡോളർ വരെ വർധിപ്പിക്കും. ഓഗസ്റ്റ് ഒന്നു മുതൽ പുതിയ വില നിലവിൽ വരും. 2025 മേയ്ക്കു ശേഷം കമ്പനി നടത്തുന്ന മൂന്നാമത്തെ വിലവർധനയാണിത്.
512 ജിബി മോഡലുകൾക്ക് 100 ഡോളറും 1 ടിബി മോഡലുകൾക്ക് 150 ഡോളറുമാണ് വർധിക്കുക. ഇതോടൊപ്പം രണ്ടു ടിബി മോഡലിന്റെ ഉത്പാദനം നിർത്തുകയും ചെയ്യും.
യുഎസിൽ ഏറ്റവും വില കുറഞ്ഞ എക്സ്ബോസ് മോഡലായ ‘സീരീസ് എക്സ് ’ന്റെ വില 500 ഡോളറായി ഉയരും സീരിസ് എക്സിന്റെ വില 800 ഡോളറിലെത്തും. കൺസോൾ നിർമാണത്തിന് ആവശ്യമായ മെമ്മറി, സ്റ്റോറേജ് ഘടകങ്ങളുടെ വിലയിൽ 2.5 മടങ്ങിലധികം വർധനയുണ്ടായതാണ് വില കൂട്ടാൻ നിർബന്ധിതമാക്കിയതെന്ന് മൈക്രോസോഫ്റ്റ് ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.
മൈക്രോസോഫ്റ്റിന് പുറമെ സോണി , നിന്റെൻഡോ , വാൽവ് തുടങ്ങിയ പ്രമുഖ കമ്പനികളും തങ്ങളുടെ ഗെയിമിംഗ് ഉപകരണങ്ങളുടെ വില അടുത്തിടെ വൻതോതിൽ വർധിപ്പിച്ചിരുന്നു. വരും വർഷങ്ങളിലും ഈ വിലക്കയറ്റം തുടർന്നേക്കുമെന്നാണ് സൂചന.
ഇന്ത്യയിൽ ബാധിക്കുന്നത്
കഴിഞ്ഞ വര്‍ഷത്തെ എക്സ്ബോക്സുകളുടെ വിലവര്‍ധന അമേരിക്കയില്‍ മാത്രമായി ഒതുങ്ങിയിരുന്നത്. പുതിയ പ്രഖ്യാപനം ഇന്ത്യന്‍ ഗെയിമര്‍മാരെ നേരിട്ട് ബാധിക്കും.
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ സീരീസ് എസ് (512 ജിബ) മോഡലിന് 34,990 രൂപയും സീരീസ് എക്സ് (1 ടിബി) മോഡലിന് 55,990 രൂപയുമാണ് വില. പുതിയ വിലവർധന നിലവില്‍ വരുന്നതോടെ ഇവയുടെ ചില്ലറവില്‍പ്പന വിലയില്‍ (യഥാക്രമം 9,400 രൂപ മുതല്‍ 14,000 രൂപ വരെയോ അതിലധികമോ വന്‍ വർധന ഉണ്ടായേക്കാം.
Kerala
തിരുവനന്തപുരം: രാജ്യത്ത് ജനങ്ങൾക്ക് വീണ്ടും ഇരുട്ടടിയായി പാചകവാതക വില വർധന. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിനുള്ള വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് വർധനവ്.
സംസ്ഥാനത്ത് ഇതോടെ സിലിണ്ടർ വില 951 കടന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവത്തിനുളളിൽ മൂന്നാം തവണയാണ് വില കൂട്ടുന്നത്.
തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 110.60 രൂപയായി. ഡീസൽ വില കൊച്ചിയിൽ 99.54 ആയി.
Editorial
തെരഞ്ഞെടുപ്പിന്റെ തലേന്നുവരെ ഇന്ധനവില വർധിപ്പിക്കില്ലെന്ന് ആണയിട്ട ബിജെപി സർക്കാർ തനിനിറം പുറത്തെടുത്തു. പെട്രോൾ, ഡീസൽ, സിഎൻജി വിലകൾ വർധിപ്പിച്ചു. എണ്ണക്കന്പനികൾക്കു നഷ്ടമായതിനാൽ പിടിച്ചുനിൽക്കാനാകുന്നില്ലത്രേ. ജനം എവിടെ പിടിച്ചുനിൽക്കും? രാജ്യത്ത് വിലക്കയറ്റത്തോതും പണപ്പെരുപ്പവും വർധിച്ച് അവശ്യസാധനങ്ങളുടെയെല്ലാം വില കുതിച്ചുകയറുന്നതിനിടെയാണ് ഇന്നലെ കേന്ദ്രം എരിതീയിലേക്ക് എണ്ണയൊഴിച്ചിരിക്കുന്നത്.
നാലു വർഷത്തോളം സർക്കാർ വില വർധിപ്പിച്ചില്ലെന്നാണു പറയുന്നത്. ദുർവ്യാഖ്യാനമാണ്. കൂട്ടിയില്ലെന്നല്ല, ആഗോളവിപണിയിൽ കുറഞ്ഞിട്ടും ഇവിടെ കുറച്ചില്ലെന്നാണു പറയേണ്ടത്. മന്ത്രിമാരെയും എണ്ണക്കന്പനി ഉദ്യോഗസ്ഥരെയുമൊന്നും ഒരു വർധനയും ബാധിക്കില്ല. സാധാരണക്കാരുടെ വരുമാനം കുറഞ്ഞു, ജീവിതച്ചെലവ് കൂടി. അതൊന്നും സർക്കാരിന് അറിയേണ്ടെന്നാണോ പറയുന്നത്?
പെട്രോളിനും ഡീസലിനും ലിറ്ററിനു മൂന്നു രൂപയിലധികവും സിഎൻജി കിലോയ്ക്ക് രണ്ടു രൂപയും വർധിപ്പിച്ചു. പെട്രോളിന് കൊച്ചിയിൽ 108.62, ഡീസലിനു 97.55 രൂപ. എണ്ണക്കന്പനികൾ സർക്കാരിനോട് കൂടുതൽ വർധന ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ഇനിയും പ്രഹരിക്കുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്. ഗാർഹിക പാചകവാതക വിലവർധനയുടെ ഭീതി വേറെ. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന തെറ്റായ റിപ്പോര്‍ട്ടുകളില്‍ വിശ്വസിക്കരുതെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും പെട്രോളിയം മന്ത്രാലയം തെരഞ്ഞെടുപ്പിനുമുന്പ് ആവർത്തിക്കുകയായിരുന്നു. ആരുടേതായിരുന്നു തെറ്റായ പ്രസ്താവന? വോട്ടെണ്ണാൻപോലും കാത്തുനിൽക്കാതെ വാണിജ്യ പാചകവാതകത്തിനു ചരിത്രത്തിലെ ഏറ്റവും വലിയ വർധന നടപ്പാക്കി.
19 കിലോഗ്രാം സിലിണ്ടറിന്റെ വില ഏകദേശം 2,078.50 രൂപയിൽനിന്ന് 3,071.50 രൂപയിലെത്തി. ഇതിനു പിന്നാലെയാണ് ഇപ്പോൾ അടുത്ത ഇരുട്ടടി. വാഹനമോടിക്കാൻ ചെലവേറുമെന്നത് ഇതിന്റെ ഏറ്റവും ചെറിയ ആഘാതമാണ്. അവശ്യവസ്തുക്കൾ ഉൾപ്പെടെ സകലതിനും വീണ്ടും വില കൂടുമെന്നതാണ് യഥാർഥ പ്രശ്നം. ജനങ്ങളോടു കൂടുതൽ പണം ആവശ്യപ്പെടുന്ന സർക്കാർ, വിലക്കയറ്റവും പണപ്പെരുപ്പവും മൂലം വരുമാനത്തിൽ കുറവുണ്ടായവർ അത് എവിടെനിന്നെടുത്തു തരുമെന്ന് ചിന്തിക്കുന്നില്ല.
കേരളത്തിൽ പച്ചക്കറിക്കും കോഴിയിറച്ചിക്കും ഉൾപ്പെടെ വില കുതിച്ചുകയറി. ഇനിയതു വീണ്ടും വർധിച്ചേക്കും. ഹോട്ടലുകൾ പലതും അടഞ്ഞു. ചിലത് ഇനി തുറക്കില്ല. ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെട്ടു. അസംഘടിത തൊഴിലാളികൾ, ആശമാരെപ്പോലെ തുച്ഛവരുമാനക്കാർ, കർഷകർ, സ്വയംതൊഴിലുകാർ, തൊഴിലില്ലാത്തവർ, ചെറുകിട കച്ചവടക്കാർ... എന്നിവരുടെ ജീവിതം ദുഃസഹമായി. തിങ്കളാഴ്ച അധികാരമേൽക്കുന്ന സംസ്ഥാന സർക്കാരിനും ബാധ്യതയേറി. നാലു വർഷത്തിനുശേഷമാണ് കേന്ദ്രസർക്കാർ വെറും മൂന്നു രൂപ വർധിപ്പിച്ചതെന്ന ‘വേദനസംഹാരി ഗുളിക’യും വിതരണം ചെയ്യുന്നുണ്ട്. പക്ഷേ, അടുത്തയിടെ യുദ്ധം മുറുകുവോളം ആഗോള മാർക്കറ്റിൽ എണ്ണവില കൂപ്പുകുത്തിക്കിടക്കുകയായിരുന്നു. അപ്പോഴൊന്നും വില കുറച്ചില്ലെന്നുള്ള വസ്തുത മറച്ചുവയ്ക്കാനാകുമോ? 2022 മുതൽ പെട്രോൾ, ഡീസൽ വിലകൾ മരവിപ്പിച്ചിരിക്കുകയാണെന്നാണ് ഭാഷ്യം.
2022 മുതൽ പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുവോളം അസംസ്കൃത എണ്ണവില വീപ്പയ്ക്ക് ശരാശരി 70 യുഎസ് ഡോളറായിരുന്നു. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 108 ഡോളർ ഉണ്ടായിരുന്ന യുപിഎ ഭരണകാലത്ത് പെട്രോള്‍ വില ഏകദേശം 71-72 രൂപയും ഡീസല്‍ വില 48-49 രൂപയുമായിരുന്നെന്ന്, അന്നു കാളവണ്ടിസമരം നടത്തിയ ബിജെപിയെ ഓർമിപ്പിക്കട്ടെ. അവർ അധികാരത്തിലെത്തിയതോടെ സ്ഥിതി മാറി. 2020ൽ കോവിഡ് കാലത്ത് അസംസ്കൃത എണ്ണവില 35 ഡോളറിലേക്കു കൂപ്പുകുത്തി. അപ്പോഴും ഇന്ത്യയിൽ പെട്രോൾ വില 70. നികുതി കൂട്ടിക്കൊണ്ടിരുന്നു. എന്നിട്ടിപ്പോൾ മൂന്നുമാസമായി ആഗോള വിപണിയിലെ വില വർധിച്ചപ്പോൾ വോട്ടെടുപ്പ് കഴിയാൻ കാത്തിരുന്നു.
രാജ്യത്ത് പണപ്പെരുപ്പം ഉയരുകയാണ്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 8.30 ശതമാനമായി ഉയര്‍ന്ന് കഴിഞ്ഞ 42 മാസത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തി. മാര്‍ച്ചില്‍ ഇത് 3.88 ശതമാനമായിരുന്നു. വിലക്കയറ്റവും സ്വാഭാവികം. പൊറുതിമുട്ടുന്നത് ജനങ്ങളാണ്. ആഗോള വിലക്കയറ്റത്തിന്റെ പേരിൽ ഇവിടെ ഇന്ധനവില വർധിപ്പിക്കാൻ ഒരു ന്യായവുമില്ല. കഴിഞ്ഞ ഒരു ദശകത്തിലേറെയായി വർധിപ്പിച്ചുകൊണ്ടേയിരുന്ന നികുതി കുറച്ച് പ്രശ്നം പരിഹരിക്കുകയാണു വേണ്ടത്.
ഒന്നും ചെയ്യാനാകാത്തവിധം സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെങ്കിൽ പരാജയം ജനങ്ങളോടു തുറന്നുപറയണം. അല്ലാതെ, ചരിത്രത്തിലില്ലാത്തവിധം കൂട്ടിയ നികുതിയും സർക്കാരിന്റെയോ എണ്ണക്കന്പനികളുടെയോ ആർഭാടങ്ങളും ചെലവുമൊന്നും കുറയ്ക്കാതെ ജനങ്ങളോടു സഹിച്ചോളാൻ പറയുന്നത് ക്രൂരതയാണ്; കഴിവില്ലായ്മയാണ്.
Business
ന്യൂഡൽഹി: ഇന്ത്യയിൽ മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 42 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഏപ്രിലിൽ 8.3 ശതമാനമാണ് ഇന്ത്യയിൽ ഡബ്ല്യുപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.
മാർച്ചിലെ 3.88 ശതമാനത്തിൽനിന്ന് വൻ കുതിച്ചുചാട്ടമാണിത്. പശ്ചിമേഷ്യൻ പ്രതിസന്ധിയും അതിനെത്തുടർന്ന് ഇന്ധനത്തിലും ഊർജത്തിലും ക്രൂഡ് ഓയിലിലുമുണ്ടായിട്ടുള്ള വില വർധനയും കൂടിയ പണപ്പെരുപ്പത്തിനു കാരണമായി.
പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ക്രൂഡ് ഓയിൽ നിരക്കിലുണ്ടാക്കിയിട്ടുള്ള വൻ വർധനയാണ് പണപ്പെരുപ്പത്തിന്റെ ഏറ്റവും പ്രധാന കാരണം.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ക്രൂഡ് പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും പണപ്പെരുപ്പം മാർച്ചിലെ 35.98 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 67.18 ശതമാനത്തിലേക്കാണു കുതിച്ചത്.
ക്രൂഡ് പെട്രോളിയത്തിന്റെ മാത്രം പണപ്പെരുപ്പം 51.57 ശതമാനത്തിൽനിന്ന് 88.06 ശതമാനത്തിലേക്ക് ഉയർന്നു.
ഇന്ധന-ഊർജ വിഭാഗത്തിലാകട്ടെ പണപ്പെരുപ്പം 1.05 ശതമാനത്തിൽനിന്ന് 24.71 ശതമാനത്തിലേക്കാണ് വർധിച്ചത്. കെമിക്കൽ ഉത്പന്നങ്ങൾ, അടിസ്ഥാന ലോഹങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ വില വർധന കാരണം നിർമാണ മേഖലയിലെ പണപ്പെരുപ്പം മാർച്ചിലെ 3.39 ശതമാനത്തിൽനിന്ന് 4.62 ശതമാനമായും ഉയർന്നിട്ടുണ്ട്.
ഇന്ധന ഉത്പാദന മേഖലകളിൽ വൻ തോതിലുള്ള പണപ്പെരുപ്പമുണ്ടായിട്ടുണ്ടെങ്കിലും ഭക്ഷ്യവിലകളിൽ അധികം വർധനയുണ്ടായിട്ടില്ല. മുൻ മാസത്തെ 1.81 ശതമാനത്തിൽനിന്ന് 2.31 ശതമാനമായാണ് ഭക്ഷ്യമേഖലയിൽ ഏപ്രിലിലുണ്ടായിട്ടുള്ള പണപ്പെരുപ്പം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു. ജനപ്രിയ ബ്രാൻഡുകൾക്ക് 10 രൂപ മുതൽ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ മൗണ്ട് റം അടക്കം ബ്രാൻഡുകൾക്കാണ് വില കുറഞ്ഞത്.
500 മില്ലിക്ക് 10 മുതല്‍ 20 രൂപ വരെ കുറവുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ബെവ്കോ നിർദ്ദേശം ഷോപ്പുകളിലെത്തി. സോഫ്റ്റ്വെയറിൽ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബിവറേജസ് കോർപ്പറേഷന് വ്യക്തമാക്കി.
National
ന്യൂഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് കുത്തനേ വില വർധിപ്പിച്ചതിനു പിന്നാലെ ഗാർഹിക എൽപിജി നിരക്കും പെട്രോൾ, ഡീസൽ നിരക്കും വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.
പെട്രോൾ, ഡീസൽ എന്നിവയ്ക്കു ലിറ്ററിന് നാലുമുതൽ അഞ്ചു രൂപ വരെയും ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് 40 മുതൽ 50 രൂപ വരെയും വർധിച്ചേക്കുമെന്നാണ് സൂചന.
പെട്രോളിന്റെയും ഡീസലിന്റെയും മേലേയുണ്ടായിരുന്ന പ്രത്യേക അധിക എക്സൈസ് തീരുവ നീക്കം ചെയ്തതിലൂടെ ആയിരത്തിലധികം കോടിയുടെ വരുമാനനഷ്ടമാണു കേന്ദ്രത്തിനുണ്ടായത്. അഞ്ചിടത്തു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തീരുമാനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
ക്രൂഡ് ഓയിൽ ഒരു ബാരലിന് 126 ഡോളറിലധികമായി വർധിച്ചത് രാജ്യത്തെ പൊതുമേഖലാ എണ്ണക്കന്പനികളുടെ നഷ്ടം വർധിപ്പിച്ചിട്ടുമുണ്ട്. അതിനാൽത്തന്നെ വില വർധിപ്പിക്കാൻ എണ്ണക്കന്പനികളിൽനിന്നു സർക്കാരിനുമേൽ കടുത്ത സമ്മർദമുണ്ടെന്നാണു സൂചന.
വില വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനം ഏതു നിമിഷവും പ്രാബല്യത്തിൽ വന്നേക്കാമെന്നാണു സൂചന. അങ്ങനെയെങ്കിൽ 2022നുശേഷം ആദ്യമായായിരിക്കും ഇന്ധനവിലയിൽ കാര്യമായ വർധനയുണ്ടാകുക.
പശ്ചിമേഷ്യൻ പ്രതിസന്ധി ക്രൂഡ് ഓയിൽ വിലയിലുണ്ടാക്കിയിട്ടുള്ള വർധനയും ഹോർമുസ് കടലിടുക്കിലെ തടസങ്ങളും മൂലം എണ്ണവില വർധിപ്പിക്കുകയല്ലാതെ മറ്റു വഴികളൊന്നും സർക്കാരിനു മുന്നിലില്ല. പെട്ടെന്നു തീരുമാനമെടുത്താൽ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
പശ്ചിമേഷ്യൻ സംഘർഷം മൂലം ക്രൂഡ് ഓയിലിന്റെ വില കുത്തനേ കുതിച്ചുയർന്നപ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും മേലേയുണ്ടായിരുന്ന പ്രത്യേക അധിക എക്സൈസ് തീരുവ (എസ്ഇഎഡി) കുറച്ചുകൊണ്ടായിരുന്നു കേന്ദ്രം അവയുടെ വിലവർധന തടഞ്ഞത്.
കഴിഞ്ഞ മാർച്ച് 27ന് കേന്ദ്രമെടുത്ത ഈ തീരുമാനം തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണെന്നും ഏപ്രിൽ 30നുശേഷം എന്താണു സംഭവിക്കുകയെന്ന് കാത്തിരിക്കാനും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് വിമർശിച്ചിരുന്നു.
വിതരണത്തിലെയും അവശ്യവസ്തുക്കളിലെയും വിലയിലെ വ്യതിയാനങ്ങളിൽനിന്നു പൗരന്മാർ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മാർച്ച് 27ലെ കേന്ദ്ര തീരുമാനത്തിനു പിന്നാലെ എക്സിൽ കുറിപ്പിട്ടിരുന്നത്.
അതേസമയം, വിമാന ഇന്ധനവിലയിലുണ്ടായ അനിയന്ത്രിതമായ വര്‍ധനയെത്തുടര്‍ന്ന് എയർ ഇന്ത്യ ജൂൺ-ജൂലൈ മാസങ്ങളിൽ വിമാന സര്‍വീസുകള്‍ കുറയ്ക്കും. പ്രതിദിനം നൂറോളം സര്‍വീസുകള്‍ കുറച്ചേക്കുമെന്നാണ് വിവരം. ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ ഇതു വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വാണിജ്യ സിലിണ്ടറിന് വില കുത്തനേ കൂട്ടി. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണു വർധിപ്പിച്ചത്. ഇതോടെ ഇന്നലെ കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന് 3,085 രൂപയായി.
സിലിണ്ടർ വില വര്‍ധിച്ചതിനു പിന്നാലെ ഹോട്ടല്‍ ഭക്ഷണ വിലയും വർധിച്ചു. തീവിലയ്ക്കു സിലിണ്ടര്‍ വാങ്ങി ഭക്ഷണം പാകംചെയ്തു നിലവിലെ വിലയ്ക്കു നല്കിയാല് വന്‍ സാമ്പത്തികബാധ്യതയാകുമെന്നു ചൂണ്ടിക്കാട്ടിയാണ് കൊച്ചി നഗരത്തിലടക്കം ഹോട്ടല്‍ വിഭവങ്ങള്‍ക്കു വില വര്‍ധിപ്പിച്ചുതുടങ്ങിയത്.
സിലിണ്ടര്‍ ക്ഷാമത്തെത്തുടര്‍ന്ന് ചായയ്ക്കും ഭക്ഷണസാധനങ്ങള്ക്കുമടക്കം കഴിഞ്ഞ ഒരുമാസത്തിനിടെ വില വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടർ വിലവര്‍ധനയ്ക്കെതിരേ ഒരു വശത്ത് ഹോട്ടല്‍ വ്യാപാരികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് വിഭവങ്ങളുടെ വിലയും ഉയര്‍ത്തിയിട്ടുള്ളത്.
പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ആറിന് ഹോട്ടലുകളടച്ചിട്ട് സമരം ചെയ്യാൻ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് തീരുമാനിച്ചു.
ഭക്ഷ്യോത്പാദന വിതരണ മേഖലയ്ക്ക് ഒരുവിധത്തിലും പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യമാണുള്ളത്. കടയടപ്പിനു മുന്നോടിയായി യൂണിറ്റ്, ജില്ലാ തലങ്ങളില്‍ പ്രതിഷേധസമരങ്ങള്‍ നടത്തും. ആറിന് കടകളടച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്കും എണ്ണക്കമ്പനി ഓഫീസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍, ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖ് എന്നിവര്‍ അറിയിച്ചു.
സിലിണ്ടര്‍ ക്ഷാമം നിലനില്‍ക്കുന്നതിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുത്തനേ വര്‍ധിപ്പിച്ചത് ഹോട്ടല്‍ മേഖലയ്ക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഇതുവരെയായി 1,498 രൂപയാണ് ഒരു സിലിണ്ടറിനുമേല്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
വാണിജ്യ എല്‍പിജി വിലവര്‍ധനയില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ബേക്കഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ബ്രെഡ്, ബണ്‍, റസ്ക് തുടങ്ങിയ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനച്ചെലവ് വര്‍ധിക്കുന്നതോടെ അതിന്റെ ഭാരം ഉപഭോക്താക്കളിലേക്കു കൈമാറാന്‍ ഉത്പാദകര്‍ നിര്‍ബന്ധിതരാകുകയാണ്.
വിലവര്‍ധന മൂലം പല കടകളും അടച്ചുപൂട്ടലിലേക്കും നീങ്ങുകയാണ്. ഇതു വലിയ സാമ്പത്തിക ബാധ്യതയും തൊഴില്‍നഷ്ടവും സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് അസോസിയേഷന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കത്തയച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പ്രേം ശങ്കര്‍, പ്രസിഡന്റ് കിരണ്‍ എസ്. പാലയ്ക്കല്‍ എന്നിവര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശിപാർശ.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം പുതുക്കിയ വില നിലവിൽ വരുന്ന തീയതി പ്രഖ്യാപിക്കും. മിൽമ ഫെഡറേഷന്റെ നിർദേശത്തിന് സർക്കാർ അംഗീകാരം നൽകിയതോടെയാണ് വില വർധനവ്.
ഇതോടെ ലിറ്ററിന് 56 രൂപ വിലയുള്ള പാലിന് 60 രൂപയാകും. സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് പാലിന്റെ ഗുണനിലവാരമനുസരിച്ച് നിലവിൽ 45 മുതൽ 52 രൂപ വരെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം വില വർധിപ്പിക്കണമെന്ന് മിൽമ മേഖലാ യൂണിയനുകൾ ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിച്ചേക്കും. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ പ്രതിഷേധിച്ചു.
ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. വിലവർധ ആവശ്യപ്പെട്ട് സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. വില വർധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാൽവില ലീറ്ററിന് ആറു രൂപ വരെ വർധിപ്പിക്കാൻ വിദഗ്ധസമിതി ശിപാർശ ചെയ്തിരുന്നു. മിൽമ ആവശ്യപ്പെട്ടാൽ പാൽവില കൂട്ടുന്നത് സർക്കാർ ആലോചിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണിയും വ്യക്തമാക്കിയിരുന്നു. വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കർഷകർക്കു കൈമാറാനാണ് മിൽമയുടെ ആലോചന.
Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 1,11,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റിക്കാര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Business
ന്യൂഡല്‍ഹി: ആഭ്യന്തര അന്താരാഷ്ട്ര പാതകളിലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയർ ഇന്ത്യ. ഇതോടെ ടിക്കറ്റ് നിരക്കും വർധിക്കും. ആഗോള വിമാന ഇന്ധന വില ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം.
ഏപ്രില്‍ എട്ട് ബുധനാഴ്ച മുതല്‍ പുതിയ ചാര്‍ജുകള്‍ നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ സര്‍ചാര്‍ജ് ഏപ്രില്‍ 10 വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വരിക.
പെട്രോളിയം മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേര്‍ന്ന് ഡൊമസ്റ്റിക്ക് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ വിലവര്‍ധന 25ശതമാനമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നടപടി. എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റുകളിലും പുതിയ മാറ്റം പ്രതിഫലിക്കും.
അന്താരാഷ്ട്ര യാത്രകള്‍ക്ക് കുത്തനെ ഉയര്‍ത്തിയ നിരക്കാകും എയര്‍ലൈന്‍സ് ഈടാക്കുക. അന്താരാഷ്ട്ര എടിഎഫ് വിലയില്‍ നിയന്ത്രണങ്ങളൊന്നും നടപ്പാക്കിയിട്ടില്ല.
National
ന്യൂഡൽഹി: വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. 19 കിലോ സിലിണ്ടറിന് 195.50 രൂപയാണ് വർധിപ്പിച്ചത്.
വില വർധന പ്രാബല്യത്തിൽ വന്നു. ഇതോടെ കേരളത്തിലെ പുതിയ വില 2092 രൂപയാണ്. നേരത്തെ 1890 രൂപയായിരുന്നു.
അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. മാർച്ച് ഏഴിന് 14.2 കിലോ ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു.
Auto
ബിഎംഡബ്ല്യു വാഹനങ്ങളുടെ വില ഏപ്രിൽ ഒന്ന് മുതൽ രണ്ട് ശതമാനം വരെ വർധിക്കുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ അറിയിച്ചു. വർധിച്ചുവരുന്ന ലോജിസ്റ്റിക്സ്, മെറ്റീരിയൽ ചെലവുകൾ, രൂപയുടെ മൂല്യത്തകർച്ച എന്നിവ മൂലമുണ്ടാകുന്ന ആഘാതം പരിഹരിക്കുന്നതിനാണ് ഈ തീരുമാനമെന്ന് ജർമൻ ആഡംബര കാർ നിർമാതാക്കൾ വ്യക്തമാക്കി.
ബിഎംഡബ്ല്യു, മിനി ബ്രാൻഡുകൾക്ക് കീഴിലുള്ള എല്ലാ മോഡലുകൾക്കും ഈ വില വർധനവ് ബാധകമായിരിക്കും. കമ്പനിയുടെ ഉത്പന്നങ്ങൾക്ക് രാജ്യത്ത് ശക്തമായ ആവശ്യകതയുണ്ടെങ്കിലും വർധിച്ചുവരുന്ന ചെലവുകൾ കണക്കിലെടുത്ത് ഏപ്രിൽ ഒന്ന് മുതൽ വിലയിൽ മാറ്റം വരുത്താൻ നിർബന്ധിതരായിരിക്കുകയാണെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു.
ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന പ്രകടനം, ആധുനിക സാങ്കേതികവിദ്യ, ലോകോത്തര സേവനം എന്നിവ ഉറപ്പാക്കാൻ ഈ വില പരിഷ്കരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഎംഡബ്ല്യു കൂടാതെ മെഴ്സിഡസ് ബെൻസ് ഇന്ത്യ, ഔഡി ഇന്ത്യ എന്നീ കമ്പനികളും അടുത്ത മാസം മുതൽ വില വർധിപ്പിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
Business
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷവും പ്രധാന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ വിലവർധനയും മൂലം കാർട്ടൺ ബോക്സുകൾക്ക് 15–20 ശതമാനം വരെ വില വർധിപ്പിക്കേണ്ടിവരുമെന്ന് കേരള കൊറുഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കെസിബിഎംഎ) അറിയിച്ചു.
2024–25ൽ ഇന്ത്യ ഏകദേശം 980 ദശലക്ഷം ഡോളർ മൂല്യമുള്ള പേപ്പറും പേപ്പർ ബോർഡും കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതിൽ 30 ശതമാനവും പശ്ചിമേഷ്യൻ വിപണികളിലേക്കായിരുന്നു.
യുദ്ധത്തെത്തുടർന്ന് ഇന്ധനച്ചെലവും കടൽ വഴിയുള്ള ചരക്കുനീക്കത്തിനുള്ള ചെലവും വർധിക്കുന്നത് കാർട്ടൺ ബോക്സുകളുടെ ഉത്പാദനച്ചെലവ് ഗണ്യമായി ഉയർത്തിയിട്ടുണ്ട്.
നിലവിലെ സാഹചര്യങ്ങളെത്തുടർന്ന് പ്രധാന അസംസ്കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന് മിൽ ഉടമകൾ 15 മുതൽ 20 ശതമാനം വരെ വില വർധിപ്പിച്ചിട്ടുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് ജി. രാജീവ് പറഞ്ഞു.
Auto
ന്യൂഡൽഹി: ജർമൻ ആഡംബര കാർ നിർമാതാക്കളായ ഓഡിയുടെ ഇന്ത്യയിലെ എല്ലാ മോഡലുകൾക്കും വില വർധിക്കും. കറൻസി നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും ഉത്പാദന ചെലവ് വർധിച്ചതുമായ സാഹചര്യത്തിലുമാണ് ഈ നീക്കമെന്ന് കമ്പനി അറിയിച്ചു.
വില വർധനവിന്റെ ആഘാതം ഉപയോക്താക്കൾക്ക് പരമാവധി കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഏപ്രിൽ മുതൽ രണ്ട് ശതമാനം വരെ വില വർധനവ് നടപ്പിലാക്കുമെന്ന് ഓഡി ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ബൽബീർ സിംഗ് ധില്ലൻ പറഞ്ഞു.
എല്ലാ മോഡലുകളുടെയും എക്സ് ഷോറൂം വിലയിൽ ഈ മാറ്റം ബാധകമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 2,128 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു.
നിലവിൽ കമ്പനിക്ക് രാജ്യത്തുടനീളം 26 പ്രീ-ഓൺഡ് കാർ സെന്ററുകളുണ്ട്. ഈ വർഷം കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്.
Kerala
കൊച്ചി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ സിലിണ്ടറിന് 9,22 രൂപയായി.
വാണിജ്യ സിലിണ്ടറിന്റേയും വില കൂട്ടിയിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. അതേസമയം പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾ തെറ്റെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലാണ് വില വർധന.
വില വർധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം കൊമേഴ്സ്യൽ സിലിണ്ടറിന്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി ഉയർന്നു.
Tech
യാത്രകളിലും പൊതു ഇടങ്ങളിലും സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ സ്വകാര്യത സംരക്ഷിക്കപ്പെടില്ലെന്ന് ആശങ്കപ്പെട്ടവർക്ക് ഇതാ സന്തോഷ വാർത്ത. ലോകത്തിലെ ആദ്യത്തെ ഇൻ-ബിൽറ്റ് പ്രൈവസി ഡിസ്പ്ലേ സവിശേഷതയോടെ സാംസംഗ് ഗാലക്സി എസ് 26 സീരീസ് അവതരിപ്പിച്ചു.
സ്മാർട്ട് ഫോണിൽ എഐ അനുഭവം കൂടുതൽ ലളിതവും സ്വാഭാവികവുമാക്കിയാണ് ഇന്നലെ വരെ സസ്പെൻസുകൾ നിലനിർത്തി എസ് 26 സീരീസ് അവതരിപ്പിച്ചത്. ഡിസ്പ്ലേയിൽ സ്വകാര്യത സംരക്ഷിക്കാൻ ഹാർഡ്വെയറും സോഫ്റ്റ്വെയറും ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് പ്രത്യേകത.
മൊബൈൽ ഫോണുകളിലെ എറ്റവും മുൻനിര കാമറ സിസ്റ്റം, ദൈനംദിന ഉപയോഗം ലളിതമാക്കുന്ന ഗാലക്സി എഐ ഫീച്ചറുകൾ, സ്ലിം ഡിസൈൻ, മെച്ചപ്പെടുത്തിയ നൈറ്റോഗ്രഫി വീഡിയോ, അപ്ഗ്രേഡ് ചെയ്ത സൂപ്പർ സ്റ്റഡി സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്നാം തലമുറ എഐ സ്മാർട്ട്ഫോണുകളായ ഗാലക്സി എസ് 26, എസ്26 പ്ലസ്, എസ്26 അൾട്രാ എന്നിവ സങ്കീർണ പ്രവർത്തനങ്ങൾ ബാക്ക്ഗ്രൗണ്ടിൽ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്. സ്നാപ് ഡ്രാഗൺ 8 എലൈറ്റ് ജൻ 5 മൊബൈൽ പ്ലാറ്റ്ഫോം ഫോർ ഗാലക്സി പ്രോസസറാണ് എസ്26 അൾട്രായ്ക്ക് കരുത്ത് നൽകുന്നത്.
സൂപ്പർ ഫസ്റ്റ് ചാർജിംഗ് 3.0 പിന്തുണയോടെ 30 മിനിറ്റിൽ 75 ശതമാനം വരെ ചാർജ് ലഭിക്കുമെന്ന് സാംസംഗ് ഇലക്ട്രോണിക്സിന്റെ സിഇഒ, പ്രസിഡന്റ് ആൻഡ് ഹെഡ് ഓഫ് ഡിവൈസ് എക്സ്പീരിയൻസ് ടി.എം. റോഹ് വ്യക്തമാക്കി.
1,39,999 രൂപയാണ് എസ്26 അൾട്രായുടെ പ്രാരഭ വില. ഗാലക്സി ബഡ്സ് 4 പ്രൊ, ഗാലക്സി ബഡ്സ് 4 എന്നിവയും സാംസംഗ് പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഹൈ-ഫൈ ഓഡിയോയും എർഗണോമിക് ഡിസൈനുമാണ് പ്രത്യേകത.
National
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങിയ വാണിജ്യ മേഖലകളെ ഈ വില വർധന നേരിട്ട് ബാധിക്കും. നേരത്തെ തന്നെ ഉയർന്ന പ്രവർത്തനച്ചെലവുകൾ നേരിടുന്ന വ്യാപാരികൾക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയായി മാറും.
അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക പാചക വാതക സിലിണ്ടറിന്റെ വിലയിൽ നിലവിൽ മാറ്റമില്ല. സാധാരണ ഉപഭോക്താക്കൾക്ക് ആശ്വാസമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ, ഇറക്കുമതി ചെലവ്, രൂപയുടെ വിനിമയ നിരക്ക് എന്നിവ കണക്കിലെടുത്താണ് എണ്ണക്കമ്പനികൾ വാണിജ്യ എൽപിജി വിലയിൽ കാലാകാലങ്ങളിൽ പരിഷ്കരണം നടത്തുന്നത്. കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധനയും കുറവും ഉണ്ടായിട്ടുണ്ട്.
വില വർധന തുടർന്നാൽ ഹോട്ടൽ ഭക്ഷണങ്ങളുടെ വില കൂടാനും, അധിക ചെലവ് ഉപഭോക്താക്കളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ഇളവ് തുടർന്നാൽ സാധാരണ കുടുംബങ്ങൾക്ക് ഇത് ആശ്വാസകരമായ സാഹചര്യമാകും.
Kerala
പരവൂർ: ട്രെയിൻ യാത്രാ ടിക്കറ്റ് നിരക്കുകൾ നിർണയിക്കുന്ന രീതി ‘ട്രേഡ് സീക്രട്ട് ’ ആണെന്നും അതിനാൽ ഇത് വെളിപ്പെടുത്താനാകില്ലെന്നും ഇന്ത്യൻ റെയിൽവേ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ റെയിൽവേ മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷനെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
നിരക്കുകൾ കണക്കാക്കുന്ന രീതി ‘വ്യാപാര രഹസ്യവും’ വാണിജ്യ വിശ്വാസ്യതയുമുള്ള കാര്യവുമാണെന്നാണ് റെയിൽവേ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്. നിരക്ക് ഈടാക്കുന്നത് ക്ലാസ് അടിസ്ഥാനമാക്കിയാണ്.
വ്യത്യസ്ത ക്ലാസുകളിൽ ഏർപ്പെടുത്തിയിട്ടുള്ള വിവിധങ്ങളായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ നിരക്കുകളിൽ വ്യത്യാസം ഉണ്ടാകുക സ്വാഭാവികമാണെന്നും റെയിൽവേ ബോർഡ് മറുപടിയിൽ വ്യക്തമാക്കുന്നു.എന്നിരുന്നാലും വ്യത്യസ്ത ക്ലാസുകളിലെ നിരക്ക് നിശ്ചയിക്കലും വർഗീകരണവും വ്യാപാര രഹസ്യം, ബൗദ്ധിക സ്വത്തവകാശം എന്നിവയുടെ മേഖലയിലാണ് വരുന്നതെന്നും മറുപടിയിൽ റെയിൽവേ ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമത്തിലെ സെക്ഷൻ എട്ട് പ്രകാരം ഇക്കാര്യം വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നുമാണ് റെയിൽവേയുടെ വാദം.
മാത്രമല്ല സർക്കാർ സ്ഥാപനം എന്ന നിലയിൽ ലഭിക്കുന്ന ലാഭം സാധാരണക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് റെയിൽവേ അത് വിനിയോഗിക്കുന്നത്. സ്വകാര്യ സംരംഭങ്ങളുടെ കാര്യത്തിലെന്നപോലെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ലാഭം കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്നും മന്ത്രാലയം മറുപടിയിൽ ചൂണ്ടിക്കാട്ടി.
Kerala
കായംകുളം: ക്രിസ്മസും പുതുവർഷാഘോഷങ്ങളും കഴിഞ്ഞിട്ടും കോഴിയിറച്ചിയുടെ വില കുറയാത്തത് ഇറച്ചിക്കോഴി വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഇന്നത്തെ വില കിലോയ്ക്ക് 178 ആണ്. ചിലയിടങ്ങളിൽ വില 180 മുകളിലാണ്.
വില കുതിച്ചുകയറിയതുമൂലം പല ചില്ലറ വിൽപ്പന കേന്ദ്രങ്ങളും ഇപ്പോൾ വിൽപ്പന നിർത്തി അടച്ചിടുന്ന അവസ്ഥവരെ എത്തിയിരിക്കുകയാണ്. കോഴിയിറച്ചി വിലകൂടിയത് മൂലം ഹോട്ടൽ വ്യാപാര മേഖലയും പ്രതിസന്ധിയിലായി.
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ആശങ്ക സൃഷ്ടിച്ചെങ്കിലും കോഴി വില ഉയർന്നുതന്നെ നിൽക്കുകയാണ്. ജില്ലയിൽ പക്ഷിപ്പനി സമയങ്ങളിൽ കോഴി വില സാധാരണ ഇടിയുകയാണ് പതിവ്. എന്നാൽ കോഴി വില വർധിക്കുകയാണ് ഉണ്ടായത്. വരുംദിവസങ്ങളിൽ വിലകൂടി ഇരുനൂറിന് മുകളിൽ എത്താനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
തമിഴ്നാട് ലോബിയുടെ നിയന്ത്രണത്തിലുള്ള വൻകിട കോഴിഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കോഴി വില അന്യായമായി വർധിപ്പിക്കുകയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
വില നിയന്ത്രിച്ചില്ലെങ്കിൽ ചെറുകിട വ്യാപാരികൾ കടകൾ പൂർണമായി അടച്ചിടുമെന്ന് മുന്നറിയിപ്പും നൽകി കഴിഞ്ഞു. എന്നാൽ ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ ഏറിയതുമാണ് വില വർധനവിന് കാരണമെന്ന് ആൾ കേരള പൗൾട്രി ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ. നസീർ പറഞ്ഞു.