Image for representation
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യൂ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് വിജിലന്‍സിന്‍റെ അന്വേഷണം. കൈക്കൂലി വാങ്ങാന്‍ ഉദ്യോഗസ്ഥരും ഏജന്‍റുമാരും അടങ്ങുന്ന വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നുണ്ടെന്ന വിവരം വിജിലന്‍സിന് ലഭിച്ചു.
വില്ലേജ്, താലൂക്ക് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍മാരും കൈക്കൂലി വാങ്ങുന്ന റാക്കറ്റിന് പിന്നിലുണ്ടെന്നും മുമ്പും പലരില്‍ നിന്നും ഈ റാക്കറ്റ് കൈക്കൂലി വാങ്ങിയിട്ടുണ്ട് എന്നുമുള്ള വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.
എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്‍റണി പിടിയിലായത്. ഇയാളുടെ രണ്ട് ഏജന്‍റുമാരും അറസ്റ്റിലായി. ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. വിജിലന്‍സിന്‍റെ എറണാകുളം യൂണിറ്റാണ് ജോസഫ് ആന്‍റണിയെ കടവന്ത്രയില്‍ വച്ച് പിടികൂടിയത്.
ജോസഫ് ആന്‍റണിക്കെതിരെ വ്യാജപട്ടയം ഉണ്ടാക്കി ഭൂമി തട്ടിയെടുത്തതിന് കമ്മിഷന്‍ കൈപ്പറ്റിയെന്ന കേസ് മുമ്പും ഉണ്ടായിരുന്നു. എറണാകുളം വില്ലേജ് ഓഫീസര്‍ ആയിരിക്കെയാണ് ഈ സംഭവം.
അതേസമയം, കൃഷി ഭൂമി പുരയിടമാക്കി രേഖകള്‍ നല്‍കാനാണ് വ്യാജ പരാതിക്കാരനെ സൃഷ്ടിച്ച് എളമക്കര സ്വദേശിയില്‍ നിന്നും തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ഉടമ നേരത്തെ മുതല്‍ പുരയിടം എന്ന നിലയില്‍ കരം അടച്ചു വരുന്ന ഭൂമിയായിരുന്നു വില്‍പനയ്ക്ക് ശ്രമിച്ചപ്പോള്‍ കൃഷി ഭൂമിയാണെന്ന് വ്യക്തമായത്.
കൃഷി മണ്ണിട്ട് നികത്തിയത് അടക്കം ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ ജോസഫ് ആന്‍റണിയുടെ സഹായി തന്നെയാണ് പരാതി നല്‍കിയത്. പ്രശ്‌നപരിഹാരത്തിനു സ്ഥലം ഉടമ ജോസഫ് ആന്‍റണിയെ സമീപിച്ചപ്പോള്‍ പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പിനും കൃഷി ഭൂമി പുരയിടമാക്കി രേഖ നല്‍കാനും പത്തു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
Tags : Bribery Kochi investigation