ഛത്രപാലിന്റെ വിരലടയാളം മഹേന്ദ്ര വെള്ളക്കടലാസിൽ പതിപ്പിക്കുന്നു
ലക്നോ: ഉത്തർപ്രദേശിലെ ഖരൗഹയിൽ മരിച്ച പിതാവിന്റെ മൃതദേഹത്തിൽ നിന്ന് യുവാവ് വെള്ളക്കടലാസിൽ വിരലടയാളം പതിപ്പിച്ചു. ഛത്രപാലി (75)ന്റെ വിരലടയാളമാണ് മകൻ മഹേന്ദ്ര പതിപ്പിച്ചത്.
മഹേന്ദ്രയും ഭാര്യ ലക്ഷ്മിയും ഛത്രപാലിനെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ഇദ്ദേഹം പെൺമക്കളോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.
മഹേന്ദ്രയും ഭാര്യ ലക്ഷ്മിയും ചേർന്ന് നിരന്തരം ഉപദ്രവിച്ചിരുന്നതായി മകൾ സുമൻ പറഞ്ഞു. തുടർന്ന് ഛത്രപാൽ തന്റെ കൈവശമുണ്ടായിരുന്ന ഭൂമി ഭാഗം വച്ച് മൂന്ന് പെൺമക്കൾക്കും എഴുതി നൽകിയിരുന്നു. തന്നെയും ഭാര്യയെയും ഉപദ്രവിച്ചതുകൊണ്ട് മഹേന്ദ്രക്കും ഭാര്യക്കും സ്വത്തുക്കളിൽ യാതൊരുവിധ അവകാശവുമില്ലെന്ന് പത്രപരസ്യത്തിലൂടെ ഛത്രപാൽ വ്യക്തമാക്കിയിരുന്നു.
ജൂലൈ ഏഴിന് ആരോഗ്യനില വഷളായതിനെ തുടർന്ന് മഹേന്ദ്ര പിതാവിനെ ചികിത്സാ ആവശ്യത്തിനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഛത്രപാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
തുടർന്ന് സംസ്കാര ചടങ്ങിനെത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മരിച്ചുകിടക്കുന്ന ഛത്രപാലിന്റെ വിരൽ പിടിച്ച് വെള്ളക്കടലാസിൽ മഹേന്ദ്ര അടയാളപ്പെടുത്തുന്നത് കണ്ടത്. സ്വത്ത് തട്ടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രൂരതയെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
Tags : Deepika Dead Thumb BlankSheet