തൂഫാൻ മെന്റർ
കൊച്ചി: എല്ലാ പൊലിസ് സ്റ്റേഷനിലും ഇനി തൂഫാൻ മെന്ററുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി പൊലിസിനു പ്രത്യേക പരിശീലനം നൽകുന്ന തൂഫാൻ മെന്റർ–അമൃത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പഞ്ചായത്തുതലത്തിൽ ആരംഭിച്ചുകഴിഞ്ഞു. ലഹരിക്കടിപ്പെട്ടവരെ ചികിത്സിക്കുന്ന തൂഫാൻ കെയർ പദ്ധതിയുമായി സഹകരിക്കാൻ ആദ്യം മുന്നോട്ടു വന്നത് അമൃത ആശുപത്രിയാണ്. അവരുടെ കരുതലിനെ പ്രത്യേകം അഭിനന്ദിക്കുന്നു. സമൂഹത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുന്ന തൂഫാനുവേണ്ടി ഓരോരുത്തരും സർക്കാരിനെ ഇങ്ങോട്ടു സമീപിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
കൊച്ചി അമൃത ആശുപത്രിയിലെ അമൃതായനം, ബി ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയർമാനും അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎൽഎ, സംസ്ഥാന പൊലിസ് മേധാവി റവാഡ എ. ചന്ദ്രശേഖർ, ക്രമസമാധാന ചുതലുള്ള എഡിജിപി പി. വിജയൻ, ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ, അമൃത ഹോസ്പിറ്റൽസ് പ്രൊവോസ്റ്റ് ആൻഡ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Deepika DeepikaNewspaper BreakingNews 'Toofan Mentor deployed in every police station