യുക്രെയ്നിലെ ക്രാമറ്റോർസ്കിൽ റഷ്യൻ ബോംബ് പതിച്ച് തകർന്ന യാത്രാ ബസ്.
കീവ്: യുക്രെയ്നിൽ രണ്ടു യാത്രാബസുകൾക്കു നേരേ റഷ്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഡോണറ്റ്സ്ക് പ്രവിശ്യയിലെ ക്രാമറ്റോർസ്ക് നഗരത്തിലായിരന്നു റഷ്യൻ കൂട്ടക്കുരുതി. യുദ്ധവിമാനത്തിൽനിന്നു വർഷിച്ച ഗ്ലൈഡ് ബോംബുകളാണു യാത്രാബസുകളിൽ പതിച്ചത്. 18 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
യുദ്ധമുന്നണിയിൽ സ്ഥിതി ചെയ്യുന്ന ക്രാമറ്റോർസ്ക് നഗരത്തിൽ റഷ്യ കൂടെക്കൂടെ ഗ്ലൈഡ് ബോംബുകൾ പ്രയോഗിക്കാറുണ്ട്. ഈ നഗരം ഉൾപ്പെടുന്ന ഡോണറ്റ്സ്ക് പ്രവിശ്യയുടെ എൺപതു ശതമാനവും റഷ്യൻ നിയന്ത്രണത്തിലാണ്. അവശേഷിക്കുന്ന പ്രദേശംകൂടി പിടിച്ചെടുക്കാനായി റഷ്യൻ സേന പോരാട്ടം നടത്തുകയാണ്.
അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളുടെ അഭാവം നേരിടുന്ന യുക്രെയ്നിൽ റഷ്യൻ സേന വ്യോമാക്രമണം ശക്തിപ്പെടുത്തിവരുകയാണ്. ബുധനാഴ്ച കീവിനടുത്തുണ്ടായ ആക്രമണത്തിൽ അപ്പാർട്ട്മെന്റ് തകർന്ന് അഞ്ചു കുട്ടികളടക്കം 22 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ മൂന്നു കുട്ടികൾക്ക് ഒരു വയസ് മാത്രമായിരുന്നു പ്രായം.
സിവിലിയൻ മരണം കുറയ്ക്കാൻ പേട്രിയറ്റ് മിസൈലുകൾ ലഭ്യമാക്കണമെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അമേരിക്കയോടും പാശ്ചാത്യ മിത്രങ്ങളോടും ആവശ്യപ്പെടുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. പേട്രിയറ്റ് മിസൈലുകൾക്കു മാത്രമാണു റഷ്യൻ ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടാൻ ശേഷിയുള്ളത്.
Tags : RussianBomb Hits PassengerBuses 30Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash