ഇന്ത്യ സാമ്പത്തികമായി വളരുന്നോ ഇല്ലയോ എന്നതല്ല തർക്കം. പറയുന്ന കണക്കുകളുടെ വിശ്വാസ്യതയാണു തർക്കവിഷയം. പല കാര്യങ്ങളിലും വിശ്വാസ്യത ഉറപ്പാക്കുന്ന തുറവി കണക്കുകളിലില്ല. വേണ്ടത്ര ഒരുക്കമില്ലാതെ മാറ്റങ്ങൾ വരുത്തുന്നു. ആ മാറ്റങ്ങൾ വിലയിരുത്താൻ തക്ക ഡാറ്റാ ശേഖരങ്ങൾ വിദഗ്ധർക്കുപോലും ലഭിക്കുന്നില്ല. അതാണു തർക്കത്തിന് ആധാരം.
ഏപ്രിൽ-ജൂൺ പാദത്തിലെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) കണക്കുകളാണു വിവാദത്തിലായത്. 2022-23ലെ വിലയിൽ (സ്ഥിരവില) 7.8 ശതമാനം വളർന്നു എന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പറഞ്ഞു. ഇറാനിലെ യുദ്ധവും മറ്റും മൂലം സാമ്പത്തിക വെല്ലുവിളികൾ നിറഞ്ഞ അവസരത്തിൽ ഇത്രയും വളർച്ച അധികമാരും പ്രതീക്ഷിച്ചില്ല. റിസർവ് ബാങ്ക് ഏഴു ശതമാനമാണു പ്രതീക്ഷിച്ചത്. വിവിധ സ്വകാര്യ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളും ബ്രോക്കറേജുകളും ഏഴു മുതൽ 7.5 വരെ ശതമാനം പ്രതീക്ഷിച്ചു. അപ്പോഴാണ് 7.8% എന്ന കണക്കു വന്നത്.
കുറേക്കാലമായി സർക്കാർ കണക്കുകളുടെ വിശ്വാസ്യതയിൽ രാജ്യത്തും പുറത്തും സന്ദേഹങ്ങൾ ഉയരുന്നുണ്ട്. നമ്മുടെ കണക്കിന്റെ വിശ്വാസ്യത ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) റേറ്റിംഗ് സൂചികയിൽ ബിയിൽനിന്നു സിയിലേക്കു താഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിമർശനങ്ങൾ സ്വാഭാവികം.
രണ്ടു തരം വിമർശനങ്ങൾ
രണ്ടു തരം വിമർശനങ്ങളുയർന്നു. ഒരു കൂട്ടർ കണക്കിൽ കൃത്രിമം ഉണ്ടെന്ന സംശയമുന്നയിച്ചു. രണ്ടാമത്തെ കൂട്ടർ ഈ ഉയർന്ന വളർച്ചയെ സാധൂകരിക്കുന്ന തൊഴിൽ വളർച്ചയും മൂലധന നിക്ഷേപവും കാണാത്തതു ചൂണ്ടിക്കാണിക്കുന്നു.
കണക്കിലെ തട്ടിപ്പു പറയുന്നവരുടെ പ്രധാന ആക്ഷേപം പഴയ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ഉന്നയിച്ചതാണ്. 2025 ഏപ്രിൽ-ജൂണിൽ നടപ്പുവിലയിലെ (Current Price) ജിഡിപി 86.05 ലക്ഷം കോടി (ട്രില്യൺ) രൂപ ആണെന്ന് എൻഎസ്ഒ കണക്കാക്കി. 2011-12 അടിസ്ഥാന വർഷമായി എടുത്ത കണക്കാണത്. ഈ ഫെബ്രുവരിയിൽ 2022-23 അടിസ്ഥാന വർഷമാക്കി കണക്ക് പരിഷ്കരിച്ചു. അതനുസരിച്ചു 2025 ജൂൺ പാദത്തിലെ ജിഡിപി സംഖ്യ 80.10 ട്രില്യൺ രൂപ ആക്കി. ഇക്കൊല്ലം ജൂൺ പാദത്തിൽ നടപ്പുവിലയിലെ ജിഡിപി 88.27 ട്രില്യൺ. വർധന 10.3 ശതമാനം. പക്ഷേ 2011-12ലെ വിലയിലുള്ള 86.05 ട്രില്യണിൽനിന്നു വർധന 2.6 ശതമാനം മാത്രമേ ഉള്ളൂ. ഇതാണ് ഗാർഗ് പറഞ്ഞത്.
മാറ്റം അത്ര ചെറുതല്ല
അടിസ്ഥാനവർഷം (Base year) മാറ്റിയപ്പോൾ തുകയിലും വളർച്ചാനിരക്കിലും മാറ്റം വന്നു. അതു മുന്പും സംഭവിച്ചിട്ടുള്ളതാണ്. രണ്ടോ മൂന്നോ ശതമാനം മാറ്റമാണു സാധാരണ വരാറ്. ഇത്തവണ ജിഡിപി തുക ഏഴു ശതമാനത്തോളം കുറഞ്ഞു. അതുപോലെ സ്ഥിരവിലയിലെ ജിഡിപിയും ഗണ്യമായി മാറി. ആ മാറ്റമാണ് ഉയർന്ന വളർച്ച ഉണ്ടെന്നു തോന്നാൻ കാരണമെന്നു ഗാർഗ് പറയുന്നു.
രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്: അടിസ്ഥാനവർഷം ഇടയ്ക്കിടെ മാറ്റും. അതു സാധാരണമാണ്. സമൂഹം ഉപയോഗിക്കുന്ന സാധനങ്ങളും സേവനങ്ങളും മാറുന്നതനുസരിച്ചു കണക്കു ശേഖരണം മാറ്റണം. എങ്കിലേ കണക്ക് കാലികമാകൂ.
രണ്ട്: ഇങ്ങനെ മാറുമ്പോൾ നടപ്പുവിലയിലെ ജിഡിപി തുക കൂടുന്നതാണു പതിവ്. കൂടുതൽ സാധനങ്ങളും സേവനങ്ങളും കണക്കെടുപ്പിൽ ഉൾപ്പെടുമ്പോൾ വർധന സ്വാഭാവികമാണ്. കുറയുന്നതാണ് അസ്വാഭാവികം.
അന്നു ചെയ്തത്
മോദി സർക്കാർ ഭരണമേറ്റ ശേഷം രണ്ടു തവണ അടിസ്ഥാനവർഷം മാറ്റി. രണ്ടു തവണയും ജിഡിപി വളർച്ചയും തുകയും കുറഞ്ഞു. ആദ്യം അടിസ്ഥാനവർഷം 2004-05ൽ നിന്ന് 2011-12 ലേക്കു മാറ്റി. അത് മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്തെ വളർച്ചാ നിരക്ക് കുറച്ചു കാണിക്കാനുള്ള ശ്രമമായിട്ടാണ് പലരും കണ്ടത്. സ്റ്റാറ്റിസ്റ്റീഷ്യന്മാർ നിരീക്ഷിക്കുന്ന പല അടിസ്ഥാന വിവരങ്ങളും പുതിയ കണക്കിൽ മറച്ചുവച്ചതിനാൽ സംശയകരമായ പല കാര്യങ്ങളും ഉണ്ടായി. അന്നത്തെ വിവാദപരമായ തിരുത്തൽ ഇങ്ങനെ
2011-12ൽ നിന്നു 2022 -23ലേക്ക് അടിസ്ഥാന വർഷം മാറ്റിയപ്പോൾ മോദിയുടെ ഭരണകാലത്തെ വളർച്ചാനിരക്കിലാണു കുറവു വന്നത്. 2012നു ശേഷം ജിഡിപിയിലെ യഥാർഥ വളർച്ചയേക്കാൾ കൂടുതലാണ് സർക്കാർ പുറത്തുവിട്ട കണക്കിൽ ഉണ്ടായിരുന്നതെന്നാണു പുതിയ കുറയ്ക്കൽ കാണിക്കുന്നത്.
എന്നാൽ ആ കുറവ് ഇപ്പോഴത്തെ വളർച്ച കൂടുതലാണെന്നു വരുത്താൻ സഹായിക്കുന്നു. പഴയ കണക്ക് കൂടിയോ കുറഞ്ഞോ എന്നു സാധാരണ ജനം നോക്കില്ലല്ലോ. അപ്പോൾ വമ്പൻ വളർച്ച പറഞ്ഞ് എതിരാളികളെ അടിച്ചമർത്താൻ കണക്കിലെ കളി സഹായിക്കും. അതിലേക്കാണ് ഗാർഗ് വിരൽ ചൂണ്ടിയത്. ഒന്നാം മോദി സർക്കാരിന്റെ കാലത്തെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെയും മറ്റും വിമർശനവും കണക്കിൽ വിശ്വാസ്യത ഇല്ലെന്നുതന്നെയാണ്.
എങ്കിൽ തൊഴിൽ എവിടെ?
റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്റെ വിമർശനം കാതലായ മറ്റൊരു വിഷയം ഉയർത്തുന്നു. ഇത്രയും വലിയ ജിഡിപി വളർച്ചയ്ക്കു തക്ക തൊഴിൽ എവിടെ? ഇങ്ങനെ വളർച്ചയുണ്ടെങ്കിൽ സ്വദേശികളും വിദേശികളും മൂലധനനിക്ഷേപത്തിന് ഓടിക്കൂടേണ്ടതല്ലേ? രണ്ടുമില്ല. എന്നു മാത്രമല്ല യുവാക്കളുടെ തൊഴിലില്ലായ്മ വിഷയമായി ഉന്നയിച്ച കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്നൊരു പ്രസ്ഥാനം ചുരുങ്ങിയ നാൾ കൊണ്ട് രാജ്യത്തു വലിയ സ്വാധീനശക്തിയാകുകയും ചെയ്തു.
പുതിയ കമ്പനികൾ കരാർജോലികളേ നൽകൂ എന്നോ വളർച്ചയുടെ പിന്നാലെയാണു തൊഴിൽ വർധന എന്നോ ഒക്കെ ന്യായീകരിക്കാൻ കുറേ പേർ ശ്രമിച്ചു നാണംകെട്ടു. വലിയ വളർച്ച കാണുന്ന രാജ്യത്തെ വിപണിയിൽനിന്നു വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നതിനോ സ്വദേശവ്യവസായികൾ മൂലധന നിക്ഷേപം കൂട്ടാത്തതിനോ യുക്തിസഹമായ വിശദീകരണം സർക്കാർ വക്താക്കൾക്കു നൽകാൻ കഴിഞ്ഞിട്ടുമില്ല. നല്ല വളർച്ചയുണ്ടെങ്കിൽ ബിസിനസ് ലാഭകരമായി വളരും. ലാഭം കിട്ടുമെന്നു കണ്ടാൽ കമ്പനികൾ പണംമുടക്കി ഉത്പാദനശേഷി വർധിപ്പിക്കും. അതു നടക്കുന്നില്ലെങ്കിൽ അത്രയും വളർച്ചയില്ലെന്നുതന്നെയാണ് അർഥം.
ഇരട്ടക്കുത്തിലെ പൊരുത്തക്കേട്
ജിഡിപി കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തിയ രീതിയാണ് വിദഗ്ധരെ അസ്വസ്ഥരാക്കിയത്. പ്രത്യേകിച്ചും വിലക്കയറ്റത്തിന്റെ പ്രത്യാഘാതം കുറയ്ക്കാൻ ഇരട്ടക്കുത്ത് (Double deflation) ഏർപ്പെടുത്തിയത്. നേരത്തേ വിലക്കയറ്റത്തിന്റെ പ്രഭാവം കുറയ്ക്കാൻ നടപ്പുവിലയിൽ വിലക്കയറ്റ സൂചിക ഉപയോഗിച്ച് ഒരു തവണ കുറവു വരുത്തിയിരുന്നു. ഇപ്പോൾ രണ്ടുഘട്ടത്തിൽ രണ്ടു വ്യത്യസ്ത സൂചികകൾ ഉപയോഗിക്കും. ഉത്പന്നത്തിന്റെ ഘടകവസ്തുക്കളുടെ വിലക്കയറ്റം ഒരു ഘട്ടത്തിൽ കുറയ്ക്കും. ഉത്പന്നത്തിന്റെ വിലക്കയറ്റം അടുത്ത ഘട്ടത്തിലും. ഐഎംഎഫ് നിർദേശിച്ചിട്ടാണു മാറ്റം വരുത്തിയത്. മാറ്റം വന്നപ്പോൾ കഥ വ്യത്യസ്തമായി. കഴിഞ്ഞ പാദത്തിൽ ചില്ലറ വിലക്കയറ്റം മൂന്നര ശതമാനം. മൊത്ത വിലക്കയറ്റം ഒന്പതു ശതമാനം. പക്ഷേ വിലക്കയറ്റം വെറും 2.5 ശതമാനം എന്നു തോന്നുന്ന വിധമാണ് ഇരട്ടക്കുത്ത് നടത്തിയത്. അതിന്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. ഇരട്ടക്കുത്തിൽ അങ്ങനെ സംഭവിക്കും എന്ന ഒഴുക്കൻ ന്യായമേ അധികൃതർക്കു പറയാനുള്ളൂ.
മുമ്പേചെയ്യേണ്ടത് പിമ്പേ
ഐഎംഎഫ് പറഞ്ഞത് ഉത്പാദക വിലസൂചിക (Producer Price Index - PPI) ഉപയോഗിക്കാനാണ്. ഫാക്ടറിയിൽനിന്ന് ഉത്പന്നം പുറത്തേക്കു നൽകുമ്പോൾ ഈടാക്കുന്ന വിലയാണ് ഇതിനു വേണ്ടത്. അതു നൽകാൻ മുമ്പ് ഫാക്ടറി ഉടമകൾക്കു സമ്മതമില്ലായിരുന്നു. അതുകൊണ്ടാണ് പിപിഐ തയാറാക്കാത്തതെന്ന് എൻഎസ്ഒയുടെ മുൻ തലവൻ പ്രണബ് സെൻ പറഞ്ഞത്. ഇപ്പോൾ പിപിഐ എങ്ങനെ ഉണ്ടാക്കി എന്നു വ്യക്തമല്ല. അതിന്റെ ഡാറ്റാ ശേഖരവും ലഭ്യമല്ല. ഇപ്പോൾ സർക്കാർ പറയുന്നതു നാലഞ്ചു വർഷം പുതിയ രീതിയും പഴയരീതിയും സമാന്തരമായി നിലനിർത്തി പോരായ്മകൾ കണ്ടെത്തി പരിഹാരം കാണാമെന്നാണ്. പുതിയ രീതി നടപ്പാക്കും മുമ്പു ചെയ്യേണ്ട കാര്യമായിരുന്നു അത്.
ഏതു വിശ്വസിക്കും?
പാചകവാതക വിതരണം നിയന്ത്രിച്ചതു മൂലം ഹോട്ടലുകളും ചെറുകിട വ്യവസായങ്ങളും ഏറെ പ്രയാസപ്പെട്ട ഒരു പാദത്തിൽ ഉയർന്ന ജിഡിപി വളർച്ച അത്ര എളുപ്പം പ്രതീക്ഷിക്കുന്നില്ല. ഇതിനൊരു മറുവശമുണ്ട്. ബാങ്ക് വായ്പകൾ 16.5 ശതമാനം ഉയർന്നു. വാണിജ്യ വാഹന വിൽപന 18.3 ശതമാനം കൂടി. വൈദ്യുതി ഉത്പാദനം 9.3ഉം സിമന്റ് 8.9 ഉം ശതമാനം വർധിച്ചു. യന്ത്രസാമഗ്രികളുടെ ഉത്പാദനം 15.20 ശതമാനം ഉയർന്നു. കയറ്റുമതി 12 ശതമാനം കുതിച്ചു. ഇങ്ങനെ വളർന്ന ഒരു പാദത്തിൽ 7.8 ശതമാനം വളർച്ച അവിശ്വസനീയമല്ല താനും.
എഐ കാലഘട്ടത്തിൽ ഒന്നും വിശ്വസനീയമല്ല എന്നാണല്ലോ കരുതുന്നത്. കണക്കുകളുടെ കാര്യവും അങ്ങനെതന്നെ. കണക്കിൽ കൃത്രിമം കാണിക്കാൻ ഉദ്ദേശിക്കുന്നവർ കണക്കിന്റെ പല ഉപകണക്കുകളും അതനുസരിച്ചു ക്രമീകരിക്കും. തൊഴിലും നിക്ഷേപവും പോലുള്ള യഥാർഥ ഫലങ്ങൾ നോക്കിവേണം കണക്കുകളെ വിലയിരുത്താൻ.
ജിഡിപി (Gross Domestic Product)
നിശ്ചിത കാലയളവിൽ രാജ്യത്തു മൊത്തം ഉണ്ടാക്കുന്ന ഉത്പന്നങ്ങളുടെയും നടത്തുന്ന സേവനങ്ങളുടെയും വില. ഇതു രണ്ടു തരത്തിൽ കണക്കാക്കുന്നു. നിലവിലെ (നടപ്പ്) വിലയിലും (Nominal or Current) സ്ഥിര (Constant) വിലയിലും. നിലവിലെ വിലയിൽനിന്നു വിലക്കയറ്റം കുറച്ചു സ്ഥിരവിലയിലെ ജിഡിപി കണക്കാക്കുന്നു. സ്ഥിരവിലയിലെ വളർച്ച രാജ്യത്തെ യഥാർഥ സാമ്പത്തിക വളർച്ചയായി പരിഗണിക്കുന്നു.
ഡീഫ്ലേറ്റർ (Deflator)
ജിഡിപി തയാറാക്കുമ്പോൾ വിലക്കയറ്റത്തിന്റെ പ്രഭാവം കുറയ്ക്കാൻ ഉപയോഗിക്കുന്ന സൂചിക. ചില്ലറ വിലക്കയറ്റം, മൊത്ത വിലക്കയറ്റം ഉത്പാദക വിലസൂചിക (പിപിഐ) എന്നിവ ഉപയോഗിച്ചാണ് ഇതു തയാറാക്കുന്നത്.
അടിസ്ഥാന വർഷം (Base year)
ഏതു വർഷം അടിസ്ഥാനമാക്കി സ്ഥിരവിലയിലെ ജിഡിപി തുകയും അതിലെ മാറ്റവും നിർണയിക്കുന്നു എന്നു കാണിക്കുന്നു. 2011-12ൽ നിന്ന് 2022-23 ലേക്ക് അടിസ്ഥാന വർഷം മാറ്റിയതാണ് ഇപ്പോഴത്തെ വിവാദത്തിന് ഒരു കാരണം.
Tags : Growth Controversy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash