പ്രതീകാത്മക ചിത്രം
ചണ്ഡിഗഡ്: പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കപ്പെട്ടെന്നും എല്ലാം ഭദ്രമാണെന്നും മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അവകാശപ്പെട്ട് ദിവസത്തിനുള്ളിൽ പാർട്ടിയിലെ ഭിന്നത വീണ്ടും പരസ്യമാകുന്നു.
ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ പങ്കെടുക്കാതെ ചരൺജിത് സിംഗ് ചന്നി എംപി മാറിനിന്നതാണു പുതിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്.
പഞ്ചാബിൽനിന്നുള്ള ഏഴ് കോൺഗ്രസ് എംപിമാരിൽ ചന്നി ഒഴികെ ആറുപേരും രാഹുലിന്റെ പ്രസംഗവേളയിൽ സഭയിലുണ്ടായിരുന്നു. എംപിമാർ ഉച്ചയ്ക്ക് 12 മുതൽ സഭയിൽ നിർബന്ധമായും ഉണ്ടാകണമെന്ന് അമൃത്്സർ എംപി ഗുർജീത് സിംഗ് ഔജ്ല വാട്സാപ്പ് വഴി സന്ദേശം കൈമാറിയിരുന്നെങ്കിലും ചന്നി ഇത് അവഗണിക്കുകയായിരുന്നു.
ലോക്സഭയിൽ രാഹുലിന്റെ പ്രസംഗം നടക്കുമ്പോൾ, ചന്നി പഞ്ചാബിലെ ഫരീദ്കോട്ടിൽ പ്രതിഷേധസമരത്തിലായിരുന്നു.
ഫാർമസി റിക്രൂട്ടമെന്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരുടെ രാജിയാവശ്യപ്പെട്ടായിരുന്നു സമരം.
അടുത്തിടെ, സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അമരീന്ദർ സിംഗ് രാജാവോറിങ്ങിനെ നിലനിർത്താനും ചന്നിയെ പ്രചാരണസമിതി അധ്യക്ഷനാക്കാനും ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു.
Tags : Controversy PunjabCongress Channi RahulSpeech Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash