മന്ത്രി ബിന്ദു കൃഷ്ണ.
തിരുവനന്തപുരം: സ്ത്രീകളുടെ സർവമേഖലകളിലുമുള്ള സുരക്ഷയ്ക്കായി സമഗ്രമായ വനിതാനയം നടപ്പിലാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി .
ഒരു പെണ്‍കുഞ്ഞിന്റെ ജനനം മുതൽ ലഭ്യമാക്കേണ്ട എല്ലാ കാര്യങ്ങൾക്കും ഊന്നൽ നൽകും. കുട്ടികൾ, യുവതികൾ, വീട്ടമ്മമാർ, വയോജനങ്ങൾ എല്ലാവർക്കും പ്രാധാന്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കാനുള്ള പരിശ്രമത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. പെറ്റമ്മയുടെ മടിയിൽ പോലും കുട്ടികൾ സുരക്ഷിതരല്ലെന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. നെടുമങ്ങാട്ട് ഒന്നരവയസുകാരിയുടെ മരണം ഏറെ വേദനിപ്പിച്ചു.
കശുവണ്ടി മേഖലയിലും അസംഘടിത മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ട നടപടികൾ കൈക്കൊള്ളും. സംസ്ഥാനത്തെ തൊഴിലുടമകളെയും തൊഴിലാളികളെയും പരസ്പരം സൗഹൃദ മനോഭാവത്തോടെ ഒപ്പം നിർത്തുക എന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.
ചില സ്വകാര്യ സ്ഥാപനങ്ങൾ സ്ത്രീകൾക്ക് നിയമാനുസൃതം ലഭിക്കേണ്ട മെറ്റേണിറ്റി ലീവ് പോലും നിഷേധിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരേ നടപടി കൈക്കൊള്ളും. സ്ത്രീകൾക്കെതിരേ വ്യാപകമായി സൈബർ അറ്റാക്ക് നടക്കുന്നുണ്ട്. ദുർബല മനസുള്ളവർക്ക് ഇതു താങ്ങാനും സഹിക്കാനും സാധിക്കാത്ത അവസ്ഥയാണ്.
റിപ്പോർട്ട് തേടി
തിരുവനന്തപുരം: തൃശൂർ വരവൂരിൽ വിദ്യാർഥിയെ അധ്യാപകൻ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇടപെട്ട് വനിത ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ. അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിക്കു മന്ത്രി നിർദേശം നൽകി.
Tags : MinisterBinduKrishna Comprehensive Women'sPolicy Implemented Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash