Kerala
കേരള രാഷ്ട്രീയത്തിലെ അതികായനായി ഭരണരംഗത്തും കാര്‍ഷികമേഖലയിലും പ്രാവീണ്യം തെളിയിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.ജെ.ജോസഫിന് കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് സ്വന്തമായ വികസന കാഴ്ചപാടുകളുണ്ടായിരുന്നു. വിവിധ വകുപ്പുകളില്‍ ഭരണസാരഥ്യം വഹിച്ച വേളകളില്‍ നൂതനപദ്ധതികള്‍ കൊണ്ടുവന്ന് ജനക്ഷേമത്തിനായി അവര്‍ക്കൊപ്പം നിന്ന ചരിത്രമാണ് ഇദ്ദേഹത്തിനുള്ളത്.
താളാത്മകമായ സംഗീതം പോലെയായിരുന്നു പി.ജെയുടെ ജീവിതവും.പ്രതികൂല സാഹചര്യങ്ങളെയും പ്രതിബന്ധങ്ങളെയും പുഞ്ചിരിയോടെ നോക്കിക്കണ്ട ഇദ്ദേഹത്തിന്റെ ആറുപതിറ്റാണ്ട് കാലയളവിലെ കര്‍മമേഖലകള്‍ രാഷ്ട്രീയ പഠിതാക്കള്‍ക്ക് പാഠപുസ്തകമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി തലമുറമാറ്റത്തിന് വഴിതുറന്ന പി.ജെ.ജോസഫ് ദീപികയോട് മനസ് തുറന്നപ്പോള്‍.
തെരഞ്ഞെടുപ്പില്‍നിന്നു മാറിനില്ക്കാന് നേരത്തേ തീരുമാനിച്ചിരുന്നോ?
പുതുതലമുറ വരട്ടെ എന്നായിരുന്നു എന്റെ നിലപാട്. ഇതു സ്വാഗതം ചെയ്യുന്നു. അപുവിന് മികച്ചപ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.
കേരളത്തെക്കുറിച്ച് ഇനിയുള്ള സ്വപ്നം?
ചെറുപ്പക്കാരെ ഇവിടെ തന്നെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടിവേണം. ഇതിന് സമഗ്രമായ മാറ്റം വിദ്യാഭ്യാസ മേഖലയിലുണ്ടാകണം. പുതിയ തൊഴിലധിഷ്ടിത കോഴ്സുകളും തൊഴില്‍ സാധ്യതകളും സൃഷ്ടിക്കപ്പെടണം. ഇതിലൂടെ വിദേശത്തേക്കുള്ള പുതുതലമുറയുടെ ഒഴുക്ക് ഒരുപരിധിവരെ തടയാനാകും.
ഇത്തവണ പാര്‍ട്ടിസ്ഥാനാര്‍ഥികളുടെ വിജയസാധ്യത?
മല്‍സരിക്കുന്ന എട്ടുസീറ്റുകളിലും വിജയിക്കും. ഇതിന് ജനസമ്മതിയുള്ള മികച്ച സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രതികരണം ആശാവഹമാണ്.
യുഡിഎഫിന്റെ സാധ്യതയെക്കുറിച്ച്?
യുഡിഎഫ് ഇത്തവണ അധികാരത്തിലെത്താനുള്ള എല്ലാ അനുകൂല സാഹചര്യവുമാണുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നയിച്ച പുതുയുഗയാത്രയിലെ ജനപങ്കാളിത്തം ഇതിനു തെളിവാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയം സുനിശ്ചിതമാണ്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയെന്ന ആരോപണത്തില്‍ കഴമ്പില്ല. ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ വേഗത്തില്‍ പ്രഖ്യാപിക്കാനായി. ചുരുക്കം സീറ്റുകളില്‍ മാത്രമാണ് ചെറിയ കാലതാമസമുണ്ടായത്.
യുഡിഎഫിന്റെ മുഖ്യ പ്രചാരണ വിഷയം?
ശബരിമല സ്വര്‍ണക്കൊള്ള, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളാണ് മുഖ്യമായും ഉയര്‍ത്തുന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിശ്വാസികളെ മുറിവേല്‍പ്പിച്ചു. ഇതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അഴിമതി മൂടിവച്ച് ഒരുസര്‍ക്കാരിനും അധികനാള്‍ മുന്നോട്ടുപോകാനാവില്ല.
യുഡിഎഫിന്റെ ഭാവി പദ്ധതികള്‍?
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യപരിഗണന നല്‍കും. റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തും. കൃഷി പ്രോല്സാഹനത്തിന് നൂതന പദ്ധതികള്‍ ആവിഷ്കരിക്കും. അടിസ്ഥാന സൗകര്യവികസനത്തിനു നടപടി സ്വീകരിക്കും. പ്രകടന പത്രികയിലെ വാഗ്ദാനമനുസരിച്ച് പദ്ധതികള്‍ നടപ്പാക്കും.
അപു ജോണ്‍ ജോസഫിനുള്ള ഉപദേശം?
ജനസേവനമാകണം മുഖ്യം. മികച്ചപ്രവര്ത്തനത്തിലൂടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയണം. ഏവരെയും ഒരുപോലെ കാണാനും ഒരുമിപ്പിച്ച് കൊണ്ടുപോകാനും സാധിക്കണം. സമൂഹത്തിന്റെ താഴേതട്ടിലുള്ള ജനവിഭാഗത്തിന്റെ ഉന്നമനത്തിന് പ്രത്യേക പരിഗണന നല്‍കണം.
തൊടുപുഴയുടെ വികസനം
ഇക്കാര്യത്തില്‍ അപുവിന് കൃത്യമായ കാഴ്ചപാടുണ്ട്. തൊടുപുഴയുടെ വികസനത്തിന് ആവശ്യമായ കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിന് കിയും.
രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത് ദോഷം ചെയ്തോ?
ഒരു തവണത്തേക്ക് മാത്രമാണ് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത്. മുന്നണി സംവിധാനത്തില്‍ ചില വിട്ടുവീഴ്ചകള്‍ അനിവാര്യമായി വരും. സീറ്റ് വിട്ടുനല്‍കിയത് സംബന്ധിച്ച് പാര്ട്ടിനേതാക്കളേയും പ്രവര്‍ത്തകരേയും ബോധ്യപ്പെടുത്താനായി.
തുടര്‍ പ്രവര്‍ത്തനങ്ങള്‍?
പാര്‍ട്ടി ചെയര്‍മാനെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. ആരോഗ്യപ്രശ്നമുള്ളതിനാല്‍ പ്രചാരണത്തിന് മറ്റു മണ്ഡലങ്ങളില്‍ പോകാനായിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും.യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം.
District News
മൂവാറ്റുപുഴ: നഗരസഭ സംഘടിപ്പിച്ച ഫ്യൂച്ചര്‍ മൂവാറ്റുപുഴ സംവാദം ശ്രദ്ധേയമായി. മൂവാറ്റുപുഴയുടെ പൈതൃകം നദിയോടൊപ്പം ചേര്‍ന്ന് നിലകൊള്ളുന്നതിനാല്‍ നദിയെ കേന്ദ്രീകരിച്ചുള്ള ടൂറിസ വികസനം, നദീതീര സൗന്ദര്യവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന നല്കി നഗരത്തിന്റെ സമഗ്ര വികസനത്തിന് രൂപം നല്കുന്ന ചര്‍ച്ചകളാണ് ഫ്യൂച്ചര്‍ മൂവാറ്റുപുഴ സംവാദത്തില്‍ ഉയര്‍ന്നത്.
ഈ ആശയങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് നഗരവികസന സമഗ്ര പദ്ധതി വിഭവനം ചെയ്യുന്നതെന്ന് നഗരസഭാധ്യക്ഷ ജോയ്സ് മേരി ആന്റണി പറഞ്ഞു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതരത്തില്‍ നദീതീരങ്ങളില്‍ സൗകര്യപ്രദമായ നടപ്പാതകള്‍, വിശ്രമ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര ആകര്ഷണങ്ങള് എന്നിവ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. ഇതിലൂടെ ടൂറിസം മേഖലയില്‍ വലിയ സാധ്യതകള്‍ തുറന്നുകിടക്കുന്നതായും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം നഗരവികസനത്തിന് മുന്നില്‍ നില്ക്കുന്ന പ്രധാന വെല്ലുവിളികളായ പാര്‍ക്കിംഗ് പ്രശ്നം, ഗതാഗതക്കുരുക്ക്, ആരോഗ്യപരിപാലന സംവിധാനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കും പദ്ധതി പ്രാധാന്യം നല്കുന്നു.
നഗരമധ്യത്തില്‍ സമഗ്രമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ സൃഷ്ടിക്കുക, ഗതാഗത നിയന്ത്രണത്തിനായുള്ള ശാസ്ത്രീയ സംവിധാനം നടപ്പാക്കുക, ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രധാനമായും പരിഗണിച്ചത് ഓണ്‍ കോള്‍ ഓട്ടോ എന്ന പുതിയ ആശയമാണ്. ഇതിനൊപ്പം മുവാറ്റുപുഴ നഗരസഭയുടെ ആസ്തിയില്‍ ഉള്‍പ്പെട്ടിട്ടും ഉപയോഗപ്പെടുത്താതെ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച് നഗരസഭയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളും പദ്ധതിയുടെ ഭാഗമായി പരിഗണിക്കപ്പെടും.
അര്‍ബന്‍ ഹാറ്റ്, മോഡേണ്‍ ഫിഷ് മാര്‍ക്കറ്റ് എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെ നഗരസഭയ്ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയും അതുവഴി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
District News
കണ്ണൂർ: കോർപറേഷൻ പരിധിയിലെ എല്ലാ ഡിവിഷനുകളിലെയും സമഗ്രവികസനമാണ് ഈ ഭരണ സമിതിയുടെ ലക്ഷ്യമെന്ന് മേയർ പി. ഇന്ദിര. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ ദി പ്രസ് പരിപാടിയിൽ സംസാരിക്കയായിരുന്നു മേയർ. സമഗ്ര വികസനത്തിനായി കക്ഷിരാഷ്ട്രീയത്തിന് അതീതമായിഎല്ലാവരെയും ഉൾപ്പെടുത്തി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കും.
എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെന്ന സ്വപ്നം കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കിക്കഴിഞ്ഞുവെന്നും മേയർ പറഞ്ഞു. പടന്നപ്പാലത്തെ മലിനജല സംസ്കരണ പ്ലാന്റ് മോഡൽ മറ്റ് വാർഡുകളിലേക്ക് വ്യാപിപ്പിക്കും. അജൈവ മാലിന്യ സംസ്കരണ പദ്ധതിക്ക് പുറമെ ജൈവ മാലിന്യ പ്ലാന്റ് നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കും. ജവഹർ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കും. തെരുവുവിളക്കുകളില്ലാത്ത കോർപറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കും. പയ്യാമ്പലത്തെ ശവസംസ്കാരവുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഹരിക്കുന്നതിനായി ആധുനിക രീതിയിലുള്ള ശ്മാശാന പദ്ധതിയുണ്ട്.
നഗരത്തിലെത്തുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർ അനുഭവിക്കുന്ന പ്രധാന വെല്ലുവിളി പൊതുശുചിമുറി ഇല്ലാത്തതാണ്. ഇതിന് പരിഹാരമായി രണ്ടു കിലോമീറ്റർ ചുറ്റളവിൽ ശുചിമുറികൾ നിർമിക്കും. ഇതോടൊപ്പം പാറക്കണ്ടിയിൽ കുടുംബശ്രീയുടെ സഹകരണത്തോടെ ജനകീയ ഹോട്ടലും ആരംഭിക്കും.
എസ്ഡിപി പ്ലാന്റ് മാതൃകയിൽ കക്കൂസ് മാലിന്യ സംസ്കരണം, ഡയപ്പർ കളക്ഷൻ പദ്ധതിയും കോർപറേഷന്റെ പരിഗണനയിലുണ്ട്. തെരുവ് നായകളുടെ നിയന്ത്രണത്തിനായി നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഇവയ്ക്ക് പേ വിഷബാധ പ്രതിരോധ കുത്തിവയ്പുകളും നൽകും. കോർപറേഷന്റെ വരുമാന വർധനവിനായി കൂടുതൽ സൗകര്യപ്രദങ്ങളായ വ്യാപാര സമുച്ചയങ്ങൾ നിർമിക്കുമെന്നും മേയർ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപ്പറന്പ് സ്വാഗതവും ട്രഷറർ കെ.സതീശൻ നന്ദിയും പറഞ്ഞു.