മൂവാറ്റുപുഴ: നഗരസഭ സംഘടിപ്പിച്ച ഫ്യൂച്ചര്‍ മൂവാറ്റുപുഴ സംവാദം ശ്രദ്ധേയമായി. മൂവാറ്റുപുഴയുടെ പൈതൃകം നദിയോടൊപ്പം ചേര്‍ന്ന് നിലകൊള്ളുന്നതിനാല്‍ നദിയെ കേന്ദ്രീകരിച്ചുള്ള ടൂറിസ വികസനം, നദീതീര സൗന്ദര്യവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന നല്കി നഗരത്തിന്റെ സമഗ്ര വികസനത്തിന് രൂപം നല്കുന്ന ചര്‍ച്ചകളാണ് ഫ്യൂച്ചര്‍ മൂവാറ്റുപുഴ സംവാദത്തില്‍ ഉയര്‍ന്നത്.
ഈ ആശയങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് നഗരവികസന സമഗ്ര പദ്ധതി വിഭവനം ചെയ്യുന്നതെന്ന് നഗരസഭാധ്യക്ഷ ജോയ്സ് മേരി ആന്റണി പറഞ്ഞു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതരത്തില്‍ നദീതീരങ്ങളില്‍ സൗകര്യപ്രദമായ നടപ്പാതകള്‍, വിശ്രമ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര ആകര്ഷണങ്ങള് എന്നിവ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. ഇതിലൂടെ ടൂറിസം മേഖലയില്‍ വലിയ സാധ്യതകള്‍ തുറന്നുകിടക്കുന്നതായും പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം നഗരവികസനത്തിന് മുന്നില്‍ നില്ക്കുന്ന പ്രധാന വെല്ലുവിളികളായ പാര്‍ക്കിംഗ് പ്രശ്നം, ഗതാഗതക്കുരുക്ക്, ആരോഗ്യപരിപാലന സംവിധാനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കും പദ്ധതി പ്രാധാന്യം നല്കുന്നു.
നഗരമധ്യത്തില്‍ സമഗ്രമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ സൃഷ്ടിക്കുക, ഗതാഗത നിയന്ത്രണത്തിനായുള്ള ശാസ്ത്രീയ സംവിധാനം നടപ്പാക്കുക, ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രധാനമായും പരിഗണിച്ചത് ഓണ്‍ കോള്‍ ഓട്ടോ എന്ന പുതിയ ആശയമാണ്. ഇതിനൊപ്പം മുവാറ്റുപുഴ നഗരസഭയുടെ ആസ്തിയില്‍ ഉള്‍പ്പെട്ടിട്ടും ഉപയോഗപ്പെടുത്താതെ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച് നഗരസഭയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളും പദ്ധതിയുടെ ഭാഗമായി പരിഗണിക്കപ്പെടും.
അര്‍ബന്‍ ഹാറ്റ്, മോഡേണ്‍ ഫിഷ് മാര്‍ക്കറ്റ് എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെ നഗരസഭയ്ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയും അതുവഴി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.