അടൂർ പ്രകാശ്
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം സംബന്ധിച്ച് പഠിക്കാൻ യുഡിഎഫ് ഉപസമിതിയെ നിയമിക്കും. ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം.
ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികളെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി പറഞ്ഞു. ഉപസമിതി പഠനം നടത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് യുഡിഎഫ് ശിപാർശകൾ നൽകും. ശിപാർശകൾ സംസ്ഥാന സർക്കാർ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി തുടർനടപടികൾ തീരുമാനിക്കുന്നതിന് ഓണത്തിനുശേഷം യുഡിഎഫ് യോഗം ചേരും. ഓണക്കാല തിരക്കുകൾ കണക്കിലെടുത്താണ് യോഗം ഓണത്തിനുശേഷം നടത്താൻ തീരുമാനിച്ചത്.
യോഗത്തിൽ യുഡിഎഫ് പ്രകടനപത്രികയിലെയും സംസ്ഥാന ബജറ്റിലെയും പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ സംബന്ധിച്ചും വിശദമായ ചർച്ചകൾ നടക്കും. ഭരണപരിഷ്കാരം, ഭൂപരിഷ്കരണം, വയോജന വകുപ്പ് ഉൾപ്പെടെയുള്ള മേഖലകളിലെ നിയമനിർമാണ വിഷയങ്ങളിൽ സർക്കാരിനു സമർപ്പിക്കാനുള്ള നിർദേശങ്ങൾ ഘടകകക്ഷികളുമായി ചർച്ച ചെയ്തശേഷം തയാറാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ് ഭരണകാലത്ത് തകർന്ന കേരളത്തിന്റെ സന്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുമെന്നും സ്വകാര്യ, വിദേശ നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും അടൂർ പ്രകാശ് അറിയിച്ചു. എല്ലാ മാസവും യുഡിഎഫ് യോഗം ചേരാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Tags : UDFSubcommittee Study LiquorPolicy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash