x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ച് ലക്ഷങ്ങളുടെ രാസലഹരി കടത്തിയ യുവതിയും സുഹൃത്തും പിടിയിൽ

വെബ് ഡെസ്ക്
Published: July 31, 2026 01:52 AM IST | Updated: July 31, 2026 01:52 AM IST

മുഹമ്മദ് ഷാഫി, സരിത

കൊച്ചി: മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ച് ലക്ഷങ്ങളുടെ രാസലഹരി കടത്തിയ യുവതിയും സുഹൃത്തും പിടിയിൽ. എംഡിഎംഎ കടത്താൻ ശ്രമിച്ച ആലപ്പുഴ തൃക്കുന്നപ്പുഴ കൊട്ടേമുറി ദേശം പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനിയായ സരിത (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു.

ബംഗളൂരുവിൽ നിന്ന് ലഹരിവസ്തുക്കൾ വാങ്ങി എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ ലോഡ്ജുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ കുറച്ചാഴ്ചകളായി ഇരുവരും എക്സൈസിന്‍റെ കർശന നിരീക്ഷണത്തിലായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് എറണാകുളം സൗത്ത് ഭാഗത്തുള്ള ഒരു ലോഡ്ജിൽ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആദ്യം കസ്റ്റഡിയിലെടുത്തത്.

ബംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി ഇരുവരും ബസിൽ വരുന്ന വഴി കണ്ണൂർ ഇരിട്ടിയിൽ വച്ച് എക്സൈസ് പരിശോധന നടന്നിരുന്നു. അന്ന് ഷാഫി തന്‍റെ കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും, സരിത മെൻസ്ട്രൽ കപ്പിനുള്ളിൽ രാസലഹരി ഒളിപ്പിച്ച് സ്വകാര്യ ഭാഗത്ത് സൂക്ഷിച്ചിരുന്നതിനാൽ പരിശോധനയിൽ കണ്ടെത്താനായില്ല.

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ചാണ് സരിത പരിശോധനകളിൽ നിന്ന് രക്ഷപെട്ടിരുന്നത്. ഈ രീതിയിൽ കടത്തിക്കൊണ്ടുവന്ന ലഹരിയുമായാണ് ഇരുവരും പിന്നീട് വിൽപ്പനയ്ക്കായി എറണാകുളത്ത് എത്തിയത്.

എറണാകുളത്തെ ലോഡ്ജ് മുറിയിൽ എക്സൈസ് പരിശോധന നടക്കുമ്പോൾ സരിത ആലപ്പുഴയിൽ എംഡിഎംഎ വിൽക്കാൻ പോയിരിക്കുകയായിരുന്നു. ഷാഫി പിടിയിലായ വിവരം അറിയാതെ എറണാകുളത്ത് തിരിച്ചെത്തിയ സരിതയെ രാത്രി 10:30 ഓടെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, വിൽപ്പനയ്ക്കായി കൊണ്ടുപോയ കൂടുതൽ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയിൽ 28.76 ഗ്രാം എംഡിഎംഎ കൂടി എക്സൈസ് സംഘം കണ്ടെടുത്തു.

ഇവരിൽ നിന്നും ആകെ 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈൽ ഫോണും ലഹരി വിൽപനയിൽ നിന്ന് ലഭിച്ച 17,770 രൂപയും എക്സൈസ് പിടിച്ചെടുത്തു.

Tags : Woman Arrested Smuggling Drugs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up