പ്രതീകാത്മക ചിത്രം
എരുമേലി: ജെസ്ന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ച് സിബിഐ അന്വേഷണം പുരോഗമിക്കുന്നു. എരുമേലിയില്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്താണ് സിബിഐ സംഘം അന്വേഷണം തുടരുന്നത്.
ജെസ്നയുടെ പിതാവ്, സഹോദരങ്ങള്‍, ജെസ്നയെ കാണാതായ ദിവസം ജെസ്ന വീട്ടില്‍നിന്നു പോയ ഓട്ടോയുടെ ഡ്രൈവര്‍, ഈ യാത്രയിലെ ദൃക്സാക്ഷികള്‍ ഉള്‍പ്പടെ ഇതിനോടകം നിരവധി പേരില്‍നിന്നു വിവരങ്ങള്‍ സംഘം പരിശോധിച്ചു.
കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ജെസ്നയുടെ കുടുംബം. 2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ജെസ്നയെ മുക്കൂട്ടുതറയില്‍ വീട്ടില്‍നിന്നു പോയ ശേഷം കാണാതായത്.
ജെസ്നയെ കാണാതായിട്ട് ആറു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതുവരെയും കേസില്‍ വെളിച്ചം വീണിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 22 നാണ് ജെസ്ന തിരോധാനത്തിന് ആറ് വര്‍ഷം പൂര്‍ത്തിയായത്. ഇതേ ദിവസമാണ് സിബിഐ യുടെ ഇപ്പോഴത്തെ അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം നേരത്തേ അന്വേഷണം നടത്തി സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്.
എന്നാല്‍, വീണ്ടും ഒരു അന്വേഷണംകൂടി നടത്തിയ ശേഷം തെളിവുകള്‍ ഇല്ലങ്കില്‍ റിപ്പോര്‍ട്ട് കോടതിയില്‍ നല്കി കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടുന്നതാണു നല്ലതെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതു മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ വീണ്ടും അന്വേഷണം ആരംഭിച്ചത്.
Tags : Jesna Disappearance CBI Investigation Progress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash