വാഷിംഗ്ടണ്: റഷ്യക്കെതിരേയുള്ള ഉപരോധ ബില്ലിൽ ഭേദഗതി വരുത്തി യുഎസ് സെനറ്റർമാരുടെ ഉഭയകക്ഷി സംഘം. പുതിയ ബില്ലിൽ റഷ്യൻ എണ്ണ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന അഞ്ചു പ്രധാന രാജ്യങ്ങൾക്കു മേൽ പരമാവധി ചുമത്താവുന്ന തീരുവ 100 ശതമാനമായി കുറച്ചു.
റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളുടെ സംയുക്ത പിന്തുണയോടെയാണ് പുതിയ നിയമനിർമാണം മുന്നോട്ട് പോകുന്നത്. സൗത്ത് കരോളൈനയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമും കണക്ടിക്കട്ടിൽനിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലുമെന്താലും ചേർന്ന് 2025 ഏപ്രിലിൽ അവതരിപ്പിച്ച ബില്ലിൽനിന്നും മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോഴത്തെ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. റഷ്യയിൽനിന്ന് എണ്ണയും വാതകവും വാങ്ങുന്നവർക്കു മേൽ 500 ശതമാനം ഇറക്കുമതി ചുങ്കം ചുമത്താനായിരുന്നു ഈ ബില്ലിന്റെ മുൻപത്തെ പതിപ്പ് ലക്ഷ്യമിട്ടിരുന്നത്.
റഷ്യയുടെ പ്രകൃതി വാതക കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെ മാത്രം ഇറക്കുമതി ചെയ്യുകയും ആ ഇറക്കുമതി കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ബില്ലിൽ ഇളവ് നൽകുന്നുണ്ട്. ജപ്പാൻ, ഫ്രാൻസ്, ഹംഗറി, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾക്ക് ഇതിലൂടെ പ്രയോജനം ലഭിക്കാൻ സഹായകമായേക്കും.
കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച ലിൻഡ്സെ ഗ്രഹാം നേതൃത്വം നൽകിയ ഈ നിയമനിർമാണം ഇന്ത്യ, ചൈന, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നത്. റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങളായാണ് ജനപ്രതിനിധികൾ ഇവയെ വിശേഷിപ്പിച്ചത്. ചൈന, ഫ്രാൻസ്, ജപ്പാൻ, ഹംഗറി, ബെൽജിയം എന്നീ രാജ്യങ്ങളാണ് റഷ്യൻ പ്രകൃതിവാതകം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ.
അതേസമയം, ഇപ്പോഴും റഷ്യൻ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന 15 യൂറോപ്യൻ രാജ്യങ്ങളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങൾ വാങ്ങുന്ന വാതകത്തിന്റെ അളവ് അവരുടെ ആകെ ആവശ്യത്തിന്റെ ചെറിയ ഒരു പങ്ക് മാത്രമാണെന്നും റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള നടപടികൾ അവർ സ്വീകരിക്കുന്നുണ്ടെന്നുമാണ് ഇവരെ ഒഴിവാക്കിയതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
റഷ്യയുടെ ഉൗർജ-സാന്പത്തിക മേഖലകൾ, പ്രതിരോധ വ്യവസായം, ഒളിഗാർക്കുകൾ (അതിസന്പന്നർ), വ്യവസായികൾ കൂടാതെ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവരുൾപ്പെടെയുള്ളവർക്കെതിരേ വ്യാപകമായ ഉപരോധങ്ങൾ ഏർപ്പെടുത്താനും ഈ ബില്ലിൽ നിർദ്ദേശമുണ്ട്.
ഈ ബിൽ പാസാക്കുകയാണെങ്കിൽ മറ്റൊരു രാജ്യത്തിന്റെ യുദ്ധശ്രമങ്ങൾക്ക് പണം നൽകി സഹായിക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് കോണ്ഗ്രസ് ആദ്യമായിട്ടായിരിക്കും ഇറക്കുമതി ചുങ്കത്തെ ഒരു ഭൗമരാഷ്ട്രീയ ആയുധമായി ഉപയോഗിക്കാൻ വ്യക്തമായ അനുമതി നൽകുന്നത്.
Tags : 100 percent import duty five countries