കേരളത്തിൽനിന്ന് പുതുതായി ശാസ്ത്രീയമായി വിവരിക്കപ്പെട്ട ‘പാലോട്ടിന്റെ സ്പ്രെഡ്വിംഗ്’ എന്ന നീലത്തവിടൻ ചേരാച്ചിറകൻ തുന്പി.
കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളജിന് സമീപത്തുനിന്ന് പുതിയ ഇനം ചേരാച്ചിറകൻ തുമ്പിയെ കണ്ടെത്തി. ചേരാച്ചിറകൻ സൂചിത്തുമ്പി ഇനത്തിന് ‘പാലോട്ടിന്റെ സ്പ്രെഡ്വിംഗ്’ എന്നാണ് ഇന്ത്യൻ തുമ്പി ശാസ്ത്രജ്ഞരുടെ ഗവേഷകസംഘം പേര് നൽകിയിരിക്കുന്നത്. ലെസ്റ്റസ് പാലോട്ടി (Lestes paloti ) എന്നാണ് ശാസ്ത്രീയനാമം. കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനും കണ്ണൂർ പഴയങ്ങാടി സ്വദേശിയുമായ ഡോ. മുഹമ്മദ് ജാഫർ പാലോട്ടിന്റെ തുന്പിശാസ്ത്ര പഠനരംഗത്തെ സംഭാവനകളെ ആദരിച്ചാണ് ഈ പേരുകൾ നല്കിയത്. മലയാളത്തിൽ നീലത്തവിടൻ ചേരാച്ചിറകൻ എന്ന് അറിയപ്പെടും.
തളിപ്പറമ്പ് സർ സയ്യദ് കോളജിന് പിൻഭാഗത്തുള്ള വരഡൂ - പനക്കാട് പ്രദേശത്തെ ചെങ്കൽപ്പാറ പരപ്പുകളിൽനിന്നാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. കുറുമാത്തൂർ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി അംഗമായ പാല അൽഫോൻസ കോളജ് ജന്തുശാസ്ത്ര ഗവേഷണ വിഭാഗത്തിലെ വിനയൻ പി. നായർ, ഡോ. മായ ജോർജ്, കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിലെ ഡോ. ഏബ്രഹാം സാമുവൽ, തിരുവനന്തപുരം ടിഎൻഎച്ച്എസ് ഒഡോണേറ്റ് റിസർച്ച് ഗ്രൂപ്പിലെ ഡോ. കലേഷ് സദാശിവൻ എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.
1929ന് ശേഷം പശ്ചിമഘട്ട പ്രദേശത്തുനിന്ന് കണ്ടെത്തുന്ന ആദ്യത്തെ ചേരാച്ചിറകൻ തുമ്പിയാണിത്. തുമ്പികളുമായി ബന്ധപ്പെട്ട ലോകപ്രശസ്ത ശാസ്ത്രീയ ജേർണലായ ഇന്റർനാഷണൽ ജേർണൽ ഓഫ് ഒഡോണാറ്റോളജിയിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1987ൽ ശാസ്ത്രജ്ഞനായ ലാഹിരി ‘ലെസ്റ്റസ് ഗാരോയെൻസിസ്’ എന്ന ഇനം കണ്ടെത്തിയ ശേഷം ഇന്ത്യയിൽ നിന്ന് ലെസ്റ്റസ് ജനുസിൽ വിവരിക്കപ്പെടുന്ന ആദ്യ പുതിയ ഇനമാണ് ലെസ്റ്റസ് പാലോട്ടി. കൂടാതെ, 1929ൽ തുമ്പിശാസ്ത്രജ്ഞനായ ഫ്രേസർ, ലെസ്റ്റസ് മലബാറിക്കസിനെ വിവരിച്ചതിനുശേഷം പശ്ചിമഘട്ടത്തിൽനിന്ന് കണ്ടെത്തുന്ന ആദ്യത്തെ ഇനവുമാണിത്. ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷമാണ് പശ്ചിമഘട്ടത്തിലെ ചേരാച്ചിറകൻ തുമ്പികളുടെ പട്ടികയിലേക്ക് പുതിയ ഇനമെത്തുന്നത്.
രൂപസാദൃശ്യത്തിൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ലെസ്റ്റസ് നോടാലിസ്, ലെസ്റ്റസ് ഗാരോയെൻസിസ് എന്നീ ചേരാച്ചിറകൻ തുമ്പികളുമായി പുതിയ ഇനത്തിന് സാമ്യമുണ്ട്. എന്നാൽ ആൺതുമ്പിയുടെ കുറുവാലുകളുടെയും ദ്വിതീയ ജനനാവയവങ്ങളുടെയും വിശദമായ പഠനം ഇത് തികച്ചും വ്യത്യസ്തവും പുതിയ ഇനവുമാണെന്നു തെളിയിച്ചതായി ഗവേഷകർ പറയുന്നു.
ജലാശയങ്ങൾക്ക് സമീപമല്ലാതെ വീടുകളുടെ പരിസരങ്ങളിലെ കുറ്റിച്ചെടികളിലും ലാറ്ററൈറ്റ് കുന്നിൻപ്രദേശങ്ങളിലുമാണ് സാധാരണയായി കാണപ്പെടുന്നത്. വേനൽക്കാലത്ത് തവിട്ടുനിറത്തിലും മഴക്കാലത്ത് നീലനിറത്തിലേക്കും മാറുന്ന ശ്രദ്ധേയമായ കാലാവസ്ഥാനുസൃത വർണവ്യത്യാസവും പ്രത്യേകതയാണ്. ഒളിഞ്ഞ ജീവിതരീതിയും മറ്റ് ഇനങ്ങളുമായുള്ള രൂപസാദൃശ്യവുമാണ് ഇത്രയും കാലം ഈ ഇനം കണ്ടെത്തപ്പെടാതെ പോകാൻ കാരണമായതെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഈ കണ്ടെത്തലോടെ കേരളത്തിൽ അറിയപ്പെടുന്ന തുമ്പികളുടെ എണ്ണം 14 കുടുംബങ്ങളിലായി 87 ജനുസുകളിൽ ഉൾപ്പെടുന്ന 192 ഇനങ്ങളായി ഉയർന്നു.
Tags : cherachirakkan thumbi JafferPallot Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash