തിരുവനന്തപുരം: കേരള സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ (കെഎസ്ബിസിഡിസി) നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം 23ന് കൊച്ചിയിൽ നടക്കും. പട്ടികജാതി പട്ടികവർഗ പിന്നാക്ക വികസനമന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ വിവിധ പദ്ധതികളിലായി 100 കോടി രൂപയുടെ വായ്പാ വിതരണം നടത്തും. 15,000 ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാനത്തെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീശക്തീകരണത്തിനുമായി ഉത്പാദന മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകർക്കായി സർക്കാർ പിന്തുണയോടെ പുതിയതായി നടപ്പിലാക്കുന്ന പലിശരഹിത വായ്പാ പദ്ധതിയാണ് പ്രിയദർശിനി സ്വയംതൊഴിൽ വായ്പാ പദ്ധതി. എംഎസ്എംഇ രജിസ്ട്രേഷനുള്ള വനിതാ സംരംഭകർക്കായി പുതിയ ഉത്പാദന യൂണിറ്റുകൾ ആരംഭിക്കുന്നതിനും, നിലവിലുള്ളവ വികസിപ്പിക്കുന്നതിനുമായി പൂർണമായും പലിശ ഇളവ് ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
സർവീസിൽ നിന്ന് വിരമിച്ചവർക്കായി പുതിയതായി നടപ്പിലാക്കുന്ന ആകർഷകമായ വായ്പാ പദ്ധതിയാണ് ‘സീനിയർ സെക്യുവർ’. 100 ഗുണഭോക്താക്കൾക്കായി ആകെ അഞ്ചു കോടി രൂപ അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്. നൂറുദിന കർമപദ്ധതിയുടെ ഭാഗമായി 20 വായ്പകൾ വിതരണം ചെയ്യുന്നതിനും പദ്ധതിയിടുന്നു.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ ‘ദിശ’ ന്യൂസ് ലെറ്റർ പ്രകാശനവും ചടങ്ങിൽ നടക്കും.
Tags : KSBCDC welfare schemes