മുംബൈ: 2026-27 സാന്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ നിർമാതാക്കളിൽനിന്ന് ഡീലർമാരിലേക്കുള്ള യാത്രാവാഹനങ്ങളുടെ വിതരണം റിക്കാർഡിലെത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) കണക്കുകൾ. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25.9 ശതമാനം വളർച്ചയോടെ 12,73,811 യൂണിറ്റിലെത്തി.
കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 10,11,884 യൂണിറ്റുകളുടെ വിതരണമാണ് നടന്നത്. ഇരുചക്രവാഹനങ്ങളുടെ വിതരണം മുൻ വർഷം ഇതേ പാദത്തേക്കാൾ 20.3 ശതമാനം ഉയർന്ന് 56,28,675 യൂണിറ്റായി. മുച്ചക്ര വാഹനങ്ങളുടെ വിതരണം 29.7 ശതമാന വർധനയിൽ 2,14,339 യൂണിറ്റിലെത്തി. മുൻ വർഷം ഇതേ കാലത്ത് 1,65,211 യൂണിറ്റായിരുന്നു.
വാണിജ്യവാഹനങ്ങളുടെ വില്പനയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാംപാദ നിരക്ക് രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് 18.3 ശതമാനം വളർച്ചയോടെ ഏകദേശം 2,65,000 യൂണിറ്റുകൾ വിറ്റു.
ജൂണിൽ നിർമാതാക്കളിൽനിന്ന് ഡീലർമാരിലേക്കുള്ള ആഭ്യന്തര യാത്രാവാഹനങ്ങളുടെ വിതരണം മുൻവർഷത്തെ അപേക്ഷിച്ച് 24.1 ശതമാനം വർധിച്ച് 3,88,144 യൂണിറ്റിലെത്തി. ഇരുചക്രവാഹനങ്ങളുടെ വില്പന 2025 ജൂണിനേക്കാൾ ഈ ജൂണിൽ 18.6 ശതമാനം ഉയർന്ന് 18,51,400 യൂണിറ്റിലെത്തി. മുച്ചക്ര വാഹനങ്ങളുടെ വിതരണം ഒരു വർഷം മുന്‍പത്തെ 61,828 യൂണിറ്റിനേക്കാൾ 26.1 ശതമാനം വളർന്ന് 77,951 യൂണിറ്റിലെത്തി.
ടാറ്റ മോട്ടോഴ്സിന്റെ കുതിപ്പ്
ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്സിന്റെ ശക്തമായ കുതിപ്പ്. തങ്ങളുടെ എസ്യുവി മോഡലുകൾക്ക് ലഭിച്ച് ശക്തമായ പിന്തുണയുടെ കരുത്തിൽ ടാറ്റ മോട്ടോഴ്സ് 2026-27 സാന്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ (ഏപ്രിൽ-ജൂണ്‍) മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ പിന്നിലാക്കി രണ്ടാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മഹീന്ദ്രയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ടാറ്റയുടെ ഈ തിരിച്ചുവരവ്.
സിയാമിന്റെ കണക്കുകൾ പ്രകാരം ഒന്നാം പാദത്തിൽ ടാറ്റ മോട്ടോഴ്സ് 1,87,953 യൂണിറ്റുകൾ വിറ്റഴിച്ചു. ഇതേ കാലയളവിൽ മഹീന്ദ്രയുടെ വില്പന 1,74,745 യൂണിറ്റുകളായിരുന്നു. മാരുതി സുസുക്കി 5,25,228 യൂണിറ്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുന്പോൾ, 1,39,374 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായ് നാലാം സ്ഥാനത്താണ്.
കഴിഞ്ഞ സാന്പത്തികവർഷത്തെ അപേക്ഷിച്ച് വലിയൊരു മാറ്റമാണ് ഈ റാങ്കിംഗിൽ ഉണ്ടായിരിക്കുന്നത്. മുൻ വർഷം ടാറ്റ മോട്ടോഴ്സിനെ പിന്തള്ളി മഹീന്ദ്ര ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളായി മാറിയിരുന്നു. കഴിഞ്ഞ സാന്പത്തിക വർഷം മഹീന്ദ്ര 6,60,276 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ടാറ്റ മോട്ടോഴ്സിന് 6,51261 യൂണിറ്റുകൾ വിൽക്കാനേ സാധിച്ചുള്ളൂ. 18,23,129 യൂണിറ്റുകളുമായി മാരുതി സുസുക്കി മുന്നിൽനിന്നു. 5,84,906 യൂണിറ്റുകളുടെ വിൽപ്പന നടത്തിയ ഹ്യുണ്ടായി നാലാമതെത്തി.
ടാറ്റയുടെ മുന്നേറ്റത്തിനു പിന്നിൽ
ടാറ്റയുടെ എസ്യുവി നിരയിലുള്ള ശക്തമായ ഡിമാൻഡാണ് ഈ വിജയത്തിന് പിന്നിൽ. കന്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായ പഞ്ച് 60,321 യൂണിറ്റുകളും നെക്സോണ്‍ 55,561 യൂണിറ്റുകളും വിറ്റഴിച്ചു. ഇവ രണ്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള വാഹനങ്ങളുടെ പട്ടികയിലും ഇടംപിടിച്ചു. അതേസമയം, മഹീന്ദ്രയുടെ ഏറ്റവും വലിയ വില്പന നേടിക്കൊടുത്തത് സ്കോർപിയോ (44,590 യൂണിറ്റുകൾ) ആണ്.
Tags : Record in vehicle distribution