ഡോ. ഷൊർണൂർ കാർത്തികേയൻ
തൃശൂർ: സാഹിത്യ, സാംസ്കാരിക പ്രവർത്തകനും കേരളവർമ കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. ഷൊർണൂർ കാർത്തികേയൻ (84) അന്തരിച്ചു. സാഹിത്യ അക്കാദമി മുൻ എക്സിക്യുട്ടീവ് അംഗവും തൊണ്ണൂറോളം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. മൃതദേഹം ഇന്നു രാവിലെ ഏഴുമുതല്‍ 11.30വരെ കേരളവര്‍മ കോളജിനു മുന്നിലുള്ള വസതിയിലും ഉച്ചയ്ക്ക് 1.30 വരെ ഷൊര്‍ണൂര്‍ കാര്‍ത്തിക് ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിനു വയ്ക്കും. 3.30ന് ഭാരതപ്പുഴയുടെ തീരത്ത് സംസ്കാരം.
1942ൽ പരുത്തിപ്രയിലെ പുഷ്പഗിരിയിലാണ് ജനനം. 1966ൽ താംബരം മദ്രാസ് ക്രിസ്ത്യൻ കോളജിൽ ട്യൂട്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കേരളവർമയിൽ ലക്ചററും 1992ൽ പ്രിൻസിപ്പലുമായി. 92ൽത്തന്നെ വിവേകാനന്ദ കോളജ് പ്രിൻസിപ്പലായി. 1994ൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ മലയാളം പ്രഫസറായി കാലടി, തിരൂർ സെന്ററുകളിൽ പ്രവർത്തിച്ചു. തൃശൂർ, പാലക്കാട് കേന്ദ്രങ്ങളുടെ ഡയറക്ടറായിരിക്കേയാണ് വിരമിച്ചത്.
നിരവധി സ്ഥാപനങ്ങളുടെ ചെയർമാനായിരുന്നു. ഒട്ടേറെ മാസികകളുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചു.സുദർശനം, ഉഷഃപൂജ, അനാവരണം അനുശീലനം, ചിറകു വിരിച്ച ചിന്തകൾ,പരുത്തിപ്ര പരിപ്രേഷ്യം (ആത്മകഥ) തുടങ്ങി തൊണ്ണൂറോളം കൃതികൾ രചിച്ചു. നാല്പതോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഡോ.വി. രാജമ്മ (മദർ ഹോസ്പിറ്റൽ), മകൻ: ഡോ. ആശിഷ് കാർത്തിക് (ഗവ. മെഡിക്കൽ കോളജ്, തൃശൂർ). മരുമകൾ: ഡോ. ദിവ്യ ആശിഷ് (ഗവ. മെഡിക്കൽ കോളജ്, തൃശൂർ).
Tags : Dr. Shornur Karthikeyan passes away