ഫിറോസാബാദില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളികളായ രണ്ടു ക്രിമിനലുകൾ കൊല്ലപ്പെട്ടു
ഫിറോസാബാദ്: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളികളായ രണ്ടു ക്രിമിനലുകൾ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണു സംഭവമുണ്ടായത്. രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
ഇറ്റാവ സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പും ഫിറോസാബാദ് പോലീസും സംയുക്തമായാണ് കൊള്ളക്കാരുമായി ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട രണ്ടു പേരെയും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു പോലീസ് നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സുമിത് (25), അങ്കിത് (26) എന്നിവരാണു മരിച്ചത്.
ഈ മാസം മൂന്നിന് ഇറ്റാവയില്‍ നടന്ന മാല മോഷണക്കേസ് സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പ്രതികള്‍ സാംബല്പുര് എക്സ്പ്രസില്‍ യാത്ര ചെയ്യുകയാണെന്ന വിവരത്തെത്തുടര്‍ന്ന് ഫിറോസാബാദിലെ ഷിക്കോഹാബാദ് റെയില്‍വേ സ്റ്റേഷനില്‍ പോലീസ് പരിശോധന നടത്തി.
ഈസമയം ട്രെയിനില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ ഒരു കുട്ടിയെ ബന്ദിയാക്കുകയയും പിന്നീട് കുട്ടിയെ വിട്ടയച്ച് മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.
Tags : Two fugitives killed in encounter