ആംസ്റ്റർഡാം/ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് റദ്ദാക്കിയ സിന്ധുനദീജല കരാർ പുനഃസ്ഥാപിക്കില്ലെന്ന് ഇന്ത്യ. പാക്കിസ്ഥാന്റെ അപേക്ഷ പ്രകാരം കരാർ പുനഃസ്ഥാപിക്കാൻ വിധിച്ച ഹേഗിലെ അന്താരാഷ്ട്ര മധ്യസ്ഥതാ കോടതിയുടെ (പെർമന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ) വിധി അംഗീകരിക്കുന്നില്ലെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഈ കോടതിയെയും ഇന്ത്യ അംഗീകരിക്കുന്നില്ല. ഇന്ത്യയുടെ പരമാധികാരത്തിൽ ഇടപെടാനുള്ള അധികാരം കോടതിക്കില്ല.
1960ൽ നിലവിൽ വന്ന കരാർ അവസാനിപ്പിക്കാൻ ഇന്ത്യക്ക് അധികാരമില്ലെന്നു കോടതി ഇന്നലെ വിധിച്ച പശ്ചാത്തലത്തിലാണു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. പാക്കിസ്ഥാനുമായി ജലം പങ്കുവയ്ക്കാനുള്ള കരാർ പാലിക്കാൻ ഇന്ത്യ തയാറാകണം എന്നാണ് കോടതി ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്റെ ഹർജിയിലാണു വിധി.
2025 ഏപ്രിൽ 22ന് 26 പേരുടെ ജീവനെടുത്ത പഹൽഹാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ ഇന്ത്യ സ്വീകരിച്ച നടപടികളിലൊന്നായിരുന്നു സിന്ധുനദീജല കരാർ റദ്ദാക്കൽ. പാക്കിസ്താനിലെ കൃഷിയിടങ്ങളിൽ എൺപതു ശതമാനം ജലലഭ്യത ഉറപ്പാക്കുന്ന കരാറാണിത്. കരാർ റദ്ദാക്കുന്നതിന്റെ ഭാഗമായി കാഷ്മീരിലെ കിഷൻഗംഗ, റാറ്റ്ലെ ജലവൈദ്യുത പദ്ധതികൾക്കായുള്ള സംഭരണികളുടെ ശേഷി വർധിപ്പിക്കാനും ഇന്ത്യ നടപടിയെടുത്തു.
ഇതേത്തുടർന്നാണ് പാക്കിസ്ഥാൻ നെതർലൻഡ്സിലെ ഹേഗിലുള്ള അന്താരാഷ്ട്ര മധ്യസ്ഥതാ കോടതിയെ സമീപിച്ചത്. ഇന്ത്യയും ഈ കോടതിയിൽ അംഗമാണ്. എന്നാൽ, പാക്കിസ്ഥാന്റെ ഹർജിയിൽ ഇന്ത്യ കോടതിയിൽ ഹാജരാകാൻ കൂട്ടാക്കിയില്ല. കോടതിയുടെ നിയമസാധുതയെയും ഇന്ത്യ ചോദ്യംചെയ്തു.
ഇന്നലെ കോടതിവിധി ഉണ്ടായശേഷം അതിതീവ്ര ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്. ജലവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്നു വിദേശകാര്യ മന്ത്രാലയം ഓർമിപ്പിച്ചു. അതിർത്തികടന്ന് ആക്രമണം നടത്താനായി പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരശൃംഖലകളെ നശിപ്പിക്കാൻ വിശ്വസനീയമായ നടപടികൾ ഉണ്ടാകാത്തിടത്തോളം സിന്ധൂ നദീജല കരാർ പുനസ്ഥാപിക്കാൻ ഇന്ത്യ തയാറാവില്ല.
ലോകബാങ്ക് സൃഷ്ടിച്ച ഈ കോടതിയുടെ മുൻ പ്രസ്താവനകൾ നിരാകരിച്ചിട്ടുള്ളതുപോലെ ഈ വിധിയേയും ഇന്ത്യ തള്ളിക്കളയുന്നു. നിയമവിരുദ്ധമായി രൂപവത്കരിച്ച ഈ കോടതിയെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. കോടതിവിധി മൂലം ഇന്ത്യയുടെ ഇപ്പോഴത്തെയും ഭാവിയിലെയും തീരുമാനങ്ങളിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Tags : Indus Waters Treaty Permanent Court Of Arbitration Pahalgam terror attack