എൽഐസി
മുംബൈ: ‘യോഗക്ഷേമം വഹാമ്യഹം’ -നിങ്ങളുടെ ക്ഷേമം ഞങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന ആപ്തവാക്യം മുൻനിർത്തി പ്രവർത്തിക്കുന്ന രാജ്യത്തെ മുൻനിര ലൈഫ് ഇൻഷ്വറൻസ് സ്ഥാപനവും ദേശീയ പ്രാധാന്യമുള്ള ധനകാര്യ സ്ഥാപനവുമായ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഇന്ന് തങ്ങളുടെ 70-ാം വാർഷികം ആഘോഷിക്കുന്നു.
1956 സെപ്റ്റംബർ ഒന്നിന് രാജ്യത്തുടനീളം ലൈഫ് ഇൻഷ്വറൻസ് പ്രചരിപ്പിക്കുക, ന്യായമായ ചെലവിൽ സാന്പത്തിക സംരക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനം ഏഴ് പതിറ്റാണ്ട് പൂർത്തിയാക്കുകയാണ്. ആരംഭിച്ചതു മുതൽ വിശ്വസ്തത, സേവനം, സാന്പത്തിക ഭദ്രത, രാജ്യത്തെ ജനങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമായ സേവനം നടത്തുകയാണ്.
വിപണിയിലെ മുൻനിര സ്ഥാനം
2025-26 സാന്പത്തിക വർഷത്തിൽ പോളിസികളിൽ 65.16% വിപണി വിഹിതവും, ആദ്യ വർഷ പ്രീമിയം വരുമാനത്തിൽ 56.66% വിപണി വിഹിതവും എൽ.ഐ.സി കൈവരിച്ചു.
മൊത്തം അസറ്റ് അണ്ടർ മാനേജ്മെന്റ് (AUM) 5.08% വർധിച്ച് 57.29 ലക്ഷം കോടി രൂപയായി ഉയർന്നു.
ജനഹൃദയങ്ങളിൽ വിശ്വാസം
ഇൻഷ്വറൻസ് മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തിട്ടും, വിപുലമായ ബ്രാഞ്ച് ശൃംഖല, ഏജന്റുമാർ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയുടെ കരുത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷ്വറർ എന്ന സ്ഥാനം നിലനിർത്താൻ എൽഐസിക്ക് സാധിച്ചു. വ്യക്തികളുടെയും കുടുംബങ്ങളുടെയും വൈവിധ്യമാർന്ന സാന്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വൈവിധ്യമാർന്ന ലൈഫ് ഇൻഷ്വറൻസ്, പെൻഷൻ, മാർക്കറ്റ് ലിങ്ക്ഡ് ഉൽപന്നങ്ങൾ തുടങ്ങിയവ എൽഐസി വാഗ്ദാനം ചെയ്യുന്നുണ്ട്.
ചരിത്രപരമായ നാഴികക്കല്ലുകൾ
2022 മേയിലെ ഐപിഒയും തുടർന്ന് എൻഎസ്ഇ, ബിഎസ്ഇ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ലിസ്റ്റിംഗും എൽഐസിയുടെ പ്രയാണത്തിലെ പ്രധാന നാഴികക്കല്ലുകളായിരുന്നു. അന്നുമുതൽ, ഇന്ത്യൻ ലൈഫ് ഇൻഷ്വറൻസ് രംഗത്തെ നേതൃത്വം കൂടുതൽ ശക്തമാക്കുന്നതോടൊപ്പം കോർപറേറ്റ് ഗവേണൻസ്, സുതാര്യത, ഡിജിറ്റൽ മാറ്റങ്ങൾ, ഉപഭോക്തൃ സേവനം എന്നിവയിലും കോർപറേഷൻ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നു.
സാമൂഹിക പ്രതിബദ്ധത
എൽഐസിയുടെ സാമൂഹിക സേവന സംരംഭങ്ങളുടെ ഭാഗമായി 2006ൽ ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ സ്ഥാപിതമായി. 1045 പ്രോജക്ടുകൾക്കായി 303 കോടി രൂപ ഫൗണ്ടേഷൻ വിതരണം ചെയ്തിട്ടുണ്ട്. അർഹരായ വിദ്യാർഥികൾക്ക് 105.27 കോടി രൂപയുടെ 41,776 സ്കോളർഷിപ്പുകൾ നൽകുകയും ചെയ്തു.
ഡിജിറ്റൽ മുന്നേറ്റം
’മൈ എൽഐസി ആപ്പ്’ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും സേവന ലഭ്യതയും കാര്യക്ഷമായ സേവനങ്ങളും ഉറപ്പാക്കി.
‘യോഗക്ഷേമം വഹാമ്യഹം നിങ്ങളുടെ ക്ഷേമമാണ് ഞങ്ങളുടെ ഉത്തരവാദിത്തം’ എന്ന ആപ്തവാക്യം മുൻനിർത്തി ജീവനുകളുടെ സംരക്ഷണം നൽകുന്നതിനും സാന്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി എൽഐസി എന്നും മുൻപന്തിയിലുണ്ട്.
Tags : LIC SevenDecades Responsibility Business