ജോർജ് കള്ളിവയലിൽ
കോട്ടയം: ദീപിക നാഷണൽ അഫയേഴ്സ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായിരുന്ന ജോർജ് കള്ളിവയലിൽ വിരമിച്ചു. മാധ്യമരംഗത്ത് 35 വർഷത്തെ പരിചയസമ്പത്തുള്ള ജോർജ് കള്ളിവയലിൽ രണ്ട് പതിറ്റാണ്ടിലേറെ ഡൽഹി ബ്യൂറോ ചീഫ്, അസോസിയേറ്റ് എഡിറ്റർ, റസിഡന്റ് എഡിറ്റർ (കണ്ണൂർ, കൊച്ചി) എന്നീ നിലകളിൽ പ്രവർത്തിച്ചു. തൃശൂർ, തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക വിദേശ യാത്രകൾ ഉൾപ്പടെ നിരവധി ദേശീയ-അന്തർദേശീയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സൗത്ത് ഏഷ്യൻ മീഡിയ കമ്മീഷൻ ജനറൽ സെക്രട്ടറിയായും ഗ്ലോബൽ മലയാളി പ്രസ് ക്ലബ്ബിന്റെ ഇന്റർനാഷണൽ പ്രസിഡന്റായും പ്രവർത്തിക്കുന്നു.
2017 നവംബർ/ഡിസംബർ മാസങ്ങളിൽ മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് പോപ്പ് ഫ്രാൻസിസ് നടത്തിയ പേപ്പൽ ഫ്ലൈറ്റിൽ ഔദ്യോഗിക മാധ്യമ സംഘത്തിലെ ഏക ഇന്ത്യൻ അംഗമായിരുന്നു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസിന്റെ അഭിമുഖം, ഡോ. മൻമോഹൻ സിംഗ് ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷമുള്ള കന്നി അഭിമുഖം എന്നിവ ദീപികയിൽ പ്രസിദ്ധീകരിച്ചു.
സൗത്ത് ഇന്ത്യൻ- യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ (ഹൂസ്റ്റൺ) ‘ജേണലിസ്റ്റ് ഓഫ് ദി ഡെക്കേഡ്’ അവാർഡ്, കേരള സംസ്ഥാന മാധ്യമ അവാർഡ്, ഫോക്കാന ‘ജേണലിസ്റ്റ് ഓഫ് ദി ഇയർ’ അവാർഡ്, ബഹ്റൈൻ ഇന്ത്യൻ അസോസിയേഷന്റെ ‘എക്സലൻസ് ഇൻ ജേണലിസം’ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
2023 ലെ മണിപ്പുർ കലാപത്തെക്കുറിച്ച് "മണിപ്പുർ എഫ്ഐആർ’ എന്ന സ്വതന്ത്രവും ഗവേഷണാത്മകവുമായ പുസ്തകത്തിന്റെ രചയിതാവാണ്.
പാലാ മല്ലികശേരിയിൽ പരേതനായ കള്ളിവയലിൽ കെ.എ. അബ്രഹാമിന്റെയും അമ്മിണി അബ്രഹാമിന്റെയും ഇളയ മകനാണ്. ഭാര്യ: സിന്ധു ജോർജ് (അധ്യാപിക, റയാൻ ഇന്റർനാഷണൽ സ്കൂൾ, വസന്ത് കുഞ്ച്, ന്യൂഡൽഹി). മക്കൾ: ഡോ. അബ്രഹാം ജോർജ് (ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റൽ, ഓക്സ്ഫർഡ് യൂണിവേഴ്സിറ്റി, യുകെ), ജേക്കബ് ജോർജ് (അസിസ്റ്റന്റ് മാനേജർ, ഇൻവെസ്റ്റ് ഇന്ത്യ, ന്യൂഡൽഹി), ആന്റണി ജോർജ് (പിജി വിദ്യാർഥി, ഡൽഹി യൂണിവേഴ്സിറ്റി).
Tags : GeorgeKalliwayalil Retired Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash