ആര്‍എസ്ഇടി രജതജൂബിലി സമ്മേളനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കാക്കനാട്: ഉന്നതവിദ്യാഭ്യാസ രംഗത്ത് മൂല്യങ്ങളും സാങ്കേതികമികവും കോര്‍ത്തിണക്കുന്നതാണ് രാജഗിരി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വിജയമുദ്രയെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്.
അക്കാദമിക് രംഗത്തു ഗവേഷണം, നൂതനാശയങ്ങള്‍ എന്നിവയ്ക്കു കേരളം കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയുടെ (ആര്‍എസ്ഇടി) രജതജൂബിലി ആഘോഷവും ഇന്‍ഡസ്ട്രി അക്കാദമിയ സമ്മിറ്റും (കോണ്‍ഫ്ലുവന്‍സ് 3.0) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
കേരളസമൂഹത്തില്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനും സ്ത്രീവിദ്യാഭ്യാസവും മുതിര്‍ന്നവരുടെ സാക്ഷരതയും പ്രോത്സാഹിപ്പിക്കുന്നതിനും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ദര്‍ശനങ്ങളും സിഎംഐ സഭയുടെ ക്രിയാത്മക ഇടപെടലുകളും നിര്‍ണായക പങ്ക് വഹിച്ചു. ദാരിദ്ര്യവും വിശപ്പും പഠനത്തിനു തടസമാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് അവര്‍ നടത്തിയതു സവിശേഷ ശ്രമങ്ങളാണ്.
സ്കൂളുകളിലെ ഉച്ചക്കഞ്ഞിവിതരണ പദ്ധതിക്കു തുടക്കം കുറിച്ചത് ഈ രംഗത്തു ശ്രദ്ധേയ മുന്നേറ്റമായിരുന്നു. സാങ്കേതികവിദഗ്ധരെ മാത്രമല്ല, പൊതുസമൂഹത്തിലെ മികച്ച നേതാക്കളെയും വാര്‍ത്തെടുക്കാന്‍ രാജഗിരിക്കായി. 25 വര്‍ഷം പൂര്‍ത്തിയാക്കിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയോടെയായിരുന്നു-ഉപരാഷ്ട്രപതി പറഞ്ഞു.
രാജഗിരി കാമ്പസിലെ കെഇ ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആര്എസ്ഇടിയുടെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം ഉപരാഷ്ട്രപതി നിര്‍വഹിച്ചു. പ്രത്യേകം സജ്ജമാക്കിയ വൃക്ഷത്തൈയില്‍ അദ്ദേഹം വെള്ളമൊഴിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി റോജി എം.ജോണ്‍, സിഎംഐ പ്രൊവിന്‍ഷ്യലും ആര്‍എസ്ഇടി മാനേജരുമായ ഫാ. പൗലോസ് കിടങ്ങേന്, ഓസ്ട്രേലിയയിലെ ഫ്ലുന്ഡേഴ്സ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. കോളിന് ജെ. സ്റ്റിര്‍ലിംഗ്, ആര്‍എസ്ഇടി ഡയറക്ടര്‍ ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളില്‍, പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെയ്സണ്‍ മുളേരിക്കല്‍, അസി.ഡയറക്ടര്‍ ഫാ. ഡോ. ജോയല്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്നു നടക്കുന്ന സമ്മിറ്റില്‍ രണ്ടായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. പ്രമുഖര്‍ പങ്കെടുക്കുന്ന വിജ്ഞാനസദസ്, പാനല്‍ ചര്‍ച്ച, ഫയര്‍സൈഡ് ചാറ്റ്, പവര്‍ ടോക്ക് എന്നിവയുണ്ടാകും.
Tags : Values Excellence Hallmark Rajagiri VicePresident CPRadhakrishnan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash