Kerala
അഗളി: അട്ടപ്പാടി ഷോളയൂരിൽ കാട്ടാന ആക്രമണത്തിൽ അന്പത്തെട്ടുകാരനു ഗുരുതര പരിക്കേറ്റു. ഷോളയൂർ വടക്കേ കടമ്പാറ ഉന്നതിയിലെ പരേതനായ കാളിയുടെ മകൻ രങ്കസ്വാമി എന്ന ബാബു (58)വിനാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 6.30 ഓടെ ആയിരുന്നു സംഭവം. കടന്പാറ ഉന്നതിയിൽനിന്നു മൂലക്കടയിലേക്കു നടന്നുവരികയായിരുന്ന ബാബുവിനെ ഇടവഴിയിൽ കാട്ടാന എടുത്തെറിയുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ഇടതുകൈക്കും സാരമായി പരിക്കേറ്റു.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജീവൻ, ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ദിവാകരനുണ്ണി എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ ആർആർടി സംഘത്തിന്റെ വാഹനത്തിൽ ഉടൻതന്നെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ചു.
റേഞ്ച് ഓഫീസർ സജീവന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. കോട്ടത്തറയിൽ പ്രഥമശുശ്രൂഷയ്ക്കുശേഷം വിദഗ്ധചികിത്സയ്ക്കായി രാവിലെ പത്തുമണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്തു കാട്ടാനശല്യം അതിരൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു.
Kerala
കോതമംഗലം: കുട്ടമ്പുഴ താലിപ്പാറയ്ക്കു സമീപം കച്ചോലപ്പാറയിൽ കാട്ടാനക്കൂട്ടം വീട് ആക്രമിച്ചു. വീട്ടിൽനിന്ന് ആരും പുറത്തിറങ്ങാത്തതിനാൽ ആളപായമുണ്ടായില്ല. ഇന്നലെ പുലർച്ചെ മൂന്നോടെ വലിയവെളിയിൽ പങ്കജാക്ഷിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
മേൽക്കൂരയും വാട്ടർ ടാങ്കും തകർത്തു. കാർഷികവിളകളും നശിപ്പിച്ചു. ഉരുളൻതണ്ണി-പിണവൂർക്കുടി റോഡിൽ വാഹനങ്ങൾക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുന്നത് കാൽനട, വാഹന യാത്രികർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യബസുകൾക്കു നേരെ കാട്ടാന പാഞ്ഞടുത്തെങ്കിലും ഹോണടിച്ചും ബഹളംവച്ചും ആനകളെ പിന്തിരിപ്പിക്കുകയായിരുന്നു.
അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ റോഡിൽ ആനകൾ നിൽക്കുന്നതു ദൂരെ നിന്നു തന്നെ കാണുന്നതിനായി റോഡരികിലെ അടിക്കാട് നാട്ടുകാർ തന്നെയാണ് വെട്ടിത്തെളിച്ചത്.
Kerala
കോതമംഗലം: കോട്ടപ്പടി വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീടിന്റെ ജനാലകൾ തകർന്നു. കുളപ്പുറം അനീഷിന്റെ വീടിന്റെ ജനാലകളാണ് ആന കൊന്പുകൊണ്ട് കുത്തിത്തകർത്തത്.
ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം വാവേലിയിൽ ജനവാസ മേഖലയിൽ എത്തിയത്. ആറ് ആനകൾ ഉണ്ടായിരുന്നു.
സംഭവസമയം അനീഷിന്റെ മാതാവ് ഓമന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ കൃഷിയിടത്തിലും ആനക്കൂട്ടം നാശനഷ്ടം വരുത്തിയിട്ടുണ്ട്.
കാട്ടാന ആക്രമണത്തിനെതിരേ വനംവകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
District News
കോതമംഗലം: കീരംപാറ ചീക്കോട് പൈനാപ്പിള്‍ തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെ തൊഴിലാളിക്കുനേരേ കാട്ടാനയുടെ ആക്രമണം. ഗുരുതര പരിക്കേറ്റ നേര്യമംഗലം ആവോലിച്ചാല്‍ മാലിൽ സതീശനെ(55) കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൃഷിയിടത്തിൽ തൊഴിലെടുക്കുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം അപ്രതീഷിതമായാണ് കാട്ടുകൊമ്പന്റെ ആക്രമണമുണ്ടായത്. പിന്നിൽ നിന്ന് തുമ്പിക്കൈ കൊണ്ട് അടിച്ചതോടെ നിലത്തുവീണ സതീശനെ ആന പിന്നെയും ആക്രമിച്ചു.
ആനയുടെ ചവിട്ടേല്ക്കാതിരുന്നതിനാല് ജീവന് തിരിച്ചുകിട്ടി. തോട്ടത്തിലെ മറ്റു ഭാഗങ്ങളിലുണ്ടായിരുന്ന തൊഴിലാളികള്‍ സതീശന്റെ നിലവിളികേട്ട് ഓടിയെത്തിയപ്പോഴാണ് ആന പിന്മാറിയത്.
രണ്ട് ആനകള്‍ തോട്ടത്തിലുണ്ടായിരുന്നു. അതിലൊന്നാണ് ആക്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന സതീശന്റെ കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. കഴുത്തിനും പരിക്കുണ്ട്.
വീഴ്ചയിൽ ചുണ്ടിലും മുറിവേറ്റു. ആനയുടെ ആക്രമണത്തിന്റെ നടുക്കം സതീശന് വിട്ടുമാറിയിട്ടില്ല. ഭാഗ്യംകൊണ്ടാണ് സതീശന്റെ ജീവന് തിരിച്ചുകിട്ടിയതെന്ന് ഭാര്യ സുബി പറഞ്ഞു.
പെരിയാറിന്റെ തീരത്താണ് പൈനാപ്പിള്തോട്ടം. ആശുപത്രിയില്‍ സതീശനെ കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷിയും മറ്റ് അംഗങ്ങളും ഫോറസ്റ്റ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവർ സന്ദര്‍ശിച്ചു. ചികിത്സാ ചെലവ് വനം വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ചീക്കോട് പ്രദേശത്ത് രാത്രിയില്‍ ആനയിറങ്ങുന്നത് പതിവാണ്. പകല്‍ സമയത്തുണ്ടായ സംഭവം ജനങ്ങളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഇഞ്ചത്തൊട്ടി വനത്തില്‍നിന്നും പെരിയാര്‍ കടന്നെത്തുന്ന ആനകള്‍ വിവിധ പ്രദേശങ്ങളില്‍ നിത്യസാന്നിധ്യമാണ്.
പാലമറ്റം, ചാരുപാറ, ചീക്കോട്, ആവോലിച്ചാല്‍, പേരക്കുത്ത് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ആനശല്യമുണ്ട്. ആനശല്യം തടയുന്നതിനുള്ള ഫെന്‍സിംഗ് സ്ഥാപിക്കുന്ന പ്രവൃത്തി ഇനിയും പൂര്‍ത്തിയായിട്ടില്ല.
Kerala
മറയൂർ: ഒറ്റയാൻ ഭീതിയെത്തുടർന്നു കൃഷിചെയ്ത വാഴത്തോട്ടം വെട്ടിനശിപ്പിച്ച് വീട്ടമ്മ. മറയൂർ ഇന്ദിരനഗറിലെ ഡെയ്സി അഗസ്റ്റിന്റെ കൃഷിയിടത്തിലെ 50ലധികം വാഴകളാണ് നശിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ ഒരാഴ്ചയായി ഇന്ദിരനഗർ, കരിമൂട്ടി, കോരക്കടവ് പ്രദേശങ്ങളിൽ ഒറ്റയാന്റെ ആക്രമണം രൂക്ഷമാണ്.വീട്ടുമുറ്റത്തെ വാഴ, തെങ്ങ്, കമുക് തുടങ്ങിയവ കാട്ടാന പതിവായി നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഏക വരുമാനമാർഗമായ വാഴത്തോട്ടം വെട്ടിനശിപ്പിച്ചത്.
വാഴക്കുലകൾ ഭക്ഷിക്കുന്നതിനായി ആന എത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഈ തീരുമാനം. നേരം ഇരുട്ടിയാൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും ഈ വീട്ടമ്മ പറഞ്ഞു. ഒറ്റയാനെ ചിന്നാർ വനത്തിലേക്ക് അടിയന്തരമായി തുരത്തണമെന്നാണ് ഇവരുടെ ആവശ്യം.