പ്രതീകാത്മക ചിത്രം
കൊച്ചി: കരുവാറ്റയിലെ വയോധികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെയും പൊലിസ് കസ്റ്റഡിയില്‍ വിട്ട ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ബോര്‍ഡിന്റെ നടപടി ബാലനീതി നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി മൂന്നു പ്രതികളും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഇടക്കാല ഉത്തരവ്. കുട്ടികളുടെ മാനസികനില പോലും പരിശോധിക്കാതെയാണു കര്‍ശന ഉപാധികളോടെയാണെങ്കിലും പൊലിസ് കസ്റ്റഡിയില്‍ വിടാന്‍ ബോര്‍ഡ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഒബ്സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന കുട്ടികളെ റെയില്‍വേ, ബസ് സ്റ്റാന്‍ഡ് പോലുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പിന്റെ പേരില്‍ കൊണ്ടുപോകാന്‍ ബോര്‍ഡിന്റെ ഉത്തരവ് ഇടയാക്കും. ഈ സാഹചര്യത്തില്‍ ജെജെ ബോര്‍ഡ് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹര്‍ജി വീണ്ടും നാളെ പരിഗണിക്കാന്‍ മാറ്റി. ഓഗസ്റ്റ് 16ന് രാത്രിയാണ് വയോധികനെ കരുവാറ്റയിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വയോധികന്റെ ബന്ധുവായ 13 കാരി ആവശ്യപ്പെട്ടപ്രകാരം കൗമാരക്കാരായ പ്രതികള്‍ വയോധികനെ കൊലപ്പെടുത്തിയതെന്നാണു കേസ്.
Tags : KaruwattaMurder Children Decision Custody Stay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash