പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: ഇഡിയുടെ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ വിജിലൻസ് എഫ്ഐആർ ഇട്ടുള്ള അന്വേഷണം നടത്തണോ എന്ന കാര്യത്തിൽ സർക്കാരിൽ ആശയക്കുഴപ്പം.
പിണറായി വിജയനെതിരേ വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയ ശേഷം ആവശ്യമെങ്കിൽ മാത്രം കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം മതിയെന്നാണ് ചില മന്ത്രിസഭാംഗങ്ങൾ ഉൾപ്പെടെ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചതെന്നാണു വിവരം.
കൊച്ചിയിലെ സിഎംആർഎല്ലിൽ നിന്ന് 3.28കോടി കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലിസ് മേധാവിക്ക് ഇഡി നൽകിയ 25 പേജുള്ള റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളും തെളിവുകളുമുണ്ട്.
ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. എന്നാൽ, ഇന്നലെ രാത്രി വരെ നിയമോപദേശം ലഭിച്ചിട്ടില്ലെന്നാണു വിവരം. ഇഡിയുടെ റിപ്പോർട്ട് വിജിലൻസിന് കൈമാറുന്നതും ആലോചനയുണ്ട്.
എന്നാൽ, എജിയുടെ നിയമോപദേശം ഇക്കാര്യത്തിൽ അടക്കം നിർണായകമാകും. ഇഡിയുടെ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കി കേസും അന്വേഷണവും അസാധ്യമെന്നാണ് ആഭ്യന്തര വകുപ്പ് നിലപാട്.
Tags : Vigilance Preliminary Investigation PinarayiVijayan Confusion Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash