Kerala
തൊടുപുഴ: ദേവികുളം നിയമസഭ മണ്ഡലത്തിലെ പോരാട്ടത്തിന് ഇത്തവണ ഒരു കൗതകംകൂടിയുണ്ട്. മൂന്നു പ്രധാന മുന്നണികൾക്കുമായി മത്സരിക്കാൻ ഇറങ്ങുന്നത് "രാജ'മാർ. യുഡിഎഫ്, എല്ഡിഎഫ് സ്ഥാനാര്ഥികള് രാജമാരാണെങ്കില് എന്ഡിഎ സ്ഥാനാര്ഥിയുടെ പേരിന്റെ തുടക്കവും രാജയിലാണ്. പേരിലെ സാമ്യം വോട്ടര്മാര്ക്കിടയില് ആശയക്കുഴപ്പം സൃഷ്ടിക്കുമോയെന്നാണ് മുന്നണികളുടെ ആശങ്ക.
എഫ്.രാജ
യുഡിഎഫ് സ്ഥാനാര്ഥിയായി മത്സരിക്കുന്ന എഫ്.രാജ മൂന്നാര് ആറ്റുകാട് സ്വദേശിയാണ്. നിയമസഭയിലേക്കു കന്നിയങ്കമാണ്. പള്ളിവാസല് പഞ്ചായത്തംഗം, അടിമാലി ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്ന നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. ദളിത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി, കര്ഷക കോണ്ഗ്രസ് ജില്ലാ ജനറല് സെക്രട്ടറി എന്നി സ്ഥാനങ്ങള് വഹിച്ചു. ഏലം കൃഷിയ്ക്കൊപ്പം ടൂറിസം രംഗവുമാണ് തൊഴില് മേഖല.
എ.രാജ
സിറ്റിംഗ് എംഎല്എ എ.രാജയാണ് എല്ഡിഎഫിനായി അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പില് 7,848 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ദേവികുളം കോടതിയില് അഭിഭാഷകനാണ്. സംവരണ മണ്ഡലമായ ദേവികുളത്ത് രാജയുടെ ജാതി കോടതിയില് ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഒടുവില് വിധി രാജയ്ക്കനുകൂലമാകുകയായിരുന്നു.
എസ്.രാജേന്ദ്രന്
പേര് രാജയില് തുടങ്ങുന്ന എസ്.രാജേന്ദ്രന് എന്ഡിഎ സ്ഥാനാര്ഥിയായാണ് മത്സരിക്കുന്നത്. 2006 മുതല് തുടര്ച്ചയായി മൂന്നു തവണ എംഎല്എയായ രാജേന്ദ്രന് സിപിഎമ്മിന്റെ മൂന്നാറിലെ മുഖമായിരുന്നു. കഴിഞ്ഞ തവണ സീറ്റ് ലഭിക്കാതെ വന്നതോടെ പാര്ട്ടിയുമായി അകന്നു. എല്ഡിഎഫ് സ്ഥാനാര്ഥിയെ പരാജയപ്പെടുത്താന് ശ്രമിച്ചെന്ന പേരില് പിന്നീട് സിപിഎമ്മില് നിന്നു സസ്പെന്ഡ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിജെപിയോടൊപ്പം ചേര്ന്നത്.
രണ്ടു രാജമാരും ഒരു രാജേന്ദ്രനും കൂടി പോരിനിറങ്ങുമ്പോള് അതു മൂന്നാര് മേഖലയിലെ വോട്ടര്മാര്ക്ക് ആശയക്കുഴപ്പമാകുമോ എന്ന ആശങ്ക മൂന്നു മുന്നണികളിലുമുണ്ട്. അതിനാല് തങ്ങളുടെ സ്ഥാര്ഥിയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും വോട്ടിംഗ് മെഷീനിലെ സ്ഥാനവും വോട്ടര്മാര്ക്കു വിശദീകരിച്ചു കൊടുക്കാനാണ് പരിപാടി.
Kerala
തിരുവനന്തപുരം: തുടർച്ചയായി രണ്ടു ടേം മത്സരിച്ചവരെ വീണ്ടും സ്ഥാനാർഥികളാക്കുന്നതിൽ ആശയക്കുഴപ്പത്തിൽ സിപിഎം. കോണ്ഗ്രസും ബിജെപിയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കേ രണ്ടു ടേം വ്യവസ്ഥയിൽ സംഘടനാപരമായ തീരുമാനം സിപിഎമ്മിന് ഉടൻ സ്വീകരിക്കേണ്ടി വരും.
അങ്ങനെവന്നാൽ ആർക്കൊക്കെ വീണ്ടും മത്സരിക്കാൻ അവസരം നൽകണമെന്ന കാര്യത്തിലാകും പാർട്ടി പ്രതിസന്ധിയിലാകുക. രണ്ടു തവണ മത്സരിച്ച ചിലർക്കു വീണ്ടും മത്സരിക്കാൻ അവസരം നൽകുകയും മറ്റു ചിലർക്കു അവസരം നിഷേധിക്കുകയും ചെയ്താൽ അതു സിപിഎമ്മിനുള്ളിൽ കടുത്ത പ്രതിഷേധത്തിനു കാരണമാകും. സിപിഎമ്മിന് ഏറെ നിർണായകമായ തെരഞ്ഞെടുപ്പായതിനാൽ തന്നെ രണ്ടു ടേം വ്യവസ്ഥ സംഘടനാപരമായി പരിഹരിച്ചു സ്ഥാനാർഥി നിർണയം നടത്തുന്നതാകും തെരഞ്ഞെടുപ്പു ഒരുക്കങ്ങളിലെ ആദ്യ കടന്പ.
തെക്കൻ ജില്ലകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടാക്കിയ വലിയ മുന്നേറ്റം ഇക്കുറിയും നിലനിർത്താനാകുമെന്ന ശുഭ പ്രതീക്ഷയിലാണു സിപിഎം. ഉദാഹരണത്തിനു തിരുവനന്തപുരം ജില്ലയിൽ കോവളം മണ്ഡലം മാത്രമാണു യുഡിഎഫിനു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ബാക്കി 13 സീറ്റും ഇടതുമുന്നണി നേടി. ഈ സീറ്റുകളിൽ സിറ്റിംഗ് എംഎൽഎമാരെ തന്നെ മത്സരിപ്പിച്ചാൽ നിലവിലെ മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന വിലയിരുത്തലാണു പാർട്ടി ജില്ലാ നേതൃത്വത്തിനുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ജില്ലകളിലെ പാർട്ടി നേതൃത്വങ്ങളും ഇതേ നിലപാടു തന്നെയാണു സ്വീകരിച്ചിട്ടുള്ളത്.
മൂന്നാമതും അധികാരത്തിലെത്തണമെങ്കിൽ തെക്കൻ ജില്ലകളിൽ ഇപ്പോഴുള്ള അപ്രമാദിത്വം ഇടതുമുന്നണിക്കു നിലനിർത്തിയേ കഴിയൂ. മുസ്ലിം ന്യൂനപക്ഷങ്ങൾ കൂടുതലുള്ള ജില്ലകളിൽ നിലവിലെ സാഹചര്യം അത്ര ഗുണകരമല്ലെന്നാണു സിപിഎമ്മിന്റെ വിലയിരുത്തൽ. എന്നാലും തെരഞ്ഞെടുപ്പ് അടുക്കുന്പോൾ അവിടത്തെ സാഹചര്യത്തിലും മാറ്റം വരുമെന്നാണു സിപിഎമ്മിന്റെ പ്രതീക്ഷ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകളുടെ ഭൂരിപക്ഷത്തിൽ കുറവു വന്നാലും 75-80 സ്റ്റുകൾ നേടി വീണ്ടും ഭരണത്തിലെത്താമെന്ന കണക്കുകൂട്ടലിലാണു സിപിഎം. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ പ്രചാരണം നയിക്കും. മത്സരിക്കാൻ പാർട്ടി വീണ്ടും അദ്ദേഹത്തിന് ഇളവു നൽകും. ഇക്കാര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വമാണു തീരുമാനമെടുക്കേണ്ടത്.
പിണറായിയെ കൂടാതെ പോളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലുമുള്ള മുതിർന്ന നേതാക്കളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ ഈ മാസം 16 മുതൽ 18 വരെ തിരുവനന്തപുരത്തു ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനമുണ്ടാകും.
സിപിഎം കേന്ദ്ര കമ്മിറ്റിയെ സംബന്ധിച്ചും കേരളത്തിലെ ഈ നിയമസഭാ തെരഞ്ഞെടുപ്പു അതീവ ഗൗരവമുള്ളതാണ്. രാജ്യത്തു കേരളത്തിൽ മാത്രമേ സിപിഎം നേതൃത്വം നൽകുന്ന മുന്നണിക്കു ഭരണമുള്ളൂ. ഇതു കൂടി നഷ്ടപ്പെട്ടാൽ വലിയ തിരിച്ചടിയാകും സിപിഎമ്മിനുണ്ടാകുക. അതുകൊണ്ടുതന്നെ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ കൂടി സംഘടനാ നിയന്ത്രണത്തിലായിരിക്കും സ്ഥാനാർഥി നിർണയവും പ്രചാരണവും.
പാർട്ടി സംസ്ഥാന നേതൃത്വം ഇതുവരെയും പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഭരണവിരുദ്ധ വികാരവും ശബരിമലയിലെ സ്വർണക്കൊള്ളയും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു തിരിച്ചടിയായെന്ന വിലയിരുത്തലാണു സിപിഎം കേന്ദ്ര നേതൃത്വത്തിനുള്ളത്. ഈ സാഹചര്യങ്ങളെ എങ്ങനെ മറികടക്കാനാകുമെന്ന ചർച്ചയും തീരുമാനങ്ങളുമാകും കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടാകുക. സംസ്ഥാനത്തെ സിപിഐ നേതൃത്വവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി കേന്ദ്ര കമ്മിറ്റിക്കു മുന്പു ചർച്ച നടത്തും. സിപിഐയുമായുള്ള നിലവിലെ തർക്കങ്ങൾ പരിഹരിക്കാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന് ബേബി നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷമാകും ഇടതുമുന്നണിയിലെ സീറ്റു വിഭജന ചർച്ച നടക്കുക.