100 രൂപയുടെ ഒറിജിനലും കളിനോട്ടും.
മക്കരപറമ്പ്: കുട്ടികളുടെ പഠനാവശ്യങ്ങള്ക്കും വിനോദങ്ങള്ക്കുമായി വിപണിയില് ലഭിക്കുന്ന കളിനോട്ടുകള് യഥാര്ഥ കറന്സിയോട് ഏറെ സാമ്യമുള്ളത് സാമ്പത്തിക ഇടപാടുകളില് ആശയക്കുഴപ്പത്തിനിടയാക്കുന്നു. പെട്ടെന്നുള്ള കൈമാറ്റങ്ങളില് ഇത്തരം നോട്ടുകള് ലഭിച്ച് വ്യാപാരികളും സാധാരണക്കാരും ചതിയില്പെടുന്നതായും അനുഭവം.
പ്രത്യേകിച്ച് 100 രൂപയുടെ യഥാര്ഥ നോട്ടിനോടും കളിനോട്ടിനോടും വലുപ്പത്തിലും നിറത്തിലും രൂപകല്പനയിലും വലിയ സാമ്യമാണുള്ളത്. അതിനാല് സൂക്ഷ്മമായി പരിശോധിച്ചില്ലെങ്കില് ഇവ തിരിച്ചറിയാന് പ്രയാസമാണ്. തിരക്കിനിടയിലും യാത്രകള്ക്കിടയിലും ചില്ലറ വാങ്ങുമ്പോഴാണ് പലര്ക്കും കളിനോട്ടുകള് ലഭിക്കുന്നത്. വ്യാപാരികള്, വീട്ടമ്മമാര്, തൊഴിലാളികള് എന്നിവരാണ് ഇതിന്റെ പ്രധാന ഇരകള്.
കുട്ടികളുടെ വിനോദത്തിനും പഠനത്തിനും ഇത്തരം കളിനോട്ടുകള് ഉപയോഗിക്കുന്നതില് എതിര്പ്പില്ലെങ്കിലും യഥാര്ഥ കറന്സിയുമായി തെറ്റിദ്ധരിക്കാത്ത വിധം അവയില് വ്യക്തമായ വ്യത്യാസങ്ങള് വരുത്തണമെന്ന് രക്ഷിതാക്കളും വ്യാപാരികളും ആവശ്യപ്പെടുന്നു.