ഏകചാരി കടന്നൽ
ഇരിങ്ങാലക്കുട: കേരളത്തിന്റെ ജൈവവൈവിധ്യത്തിനു മുതൽക്കൂട്ടായി ഒരു ഏകചാരി കടന്നൽ ഇനത്തെക്കൂടി ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണശാലയിലെ ഗവേഷകർ കണ്ടെത്തി. ദക്ഷിണേന്ത്യയിൽനിന്ന് ഈ ഏകചാരി കടന്നൽ ഇനത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.
പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും കീടനിയന്ത്രണത്തിലും സുപ്രധാന പങ്കുവഹിക്കുന്ന വെസ്പിഡ് വിഭാഗത്തിൽപ്പെട്ട കടന്നലുകളിൽ കൂട്ടമായി ജീവിക്കുന്ന സാമൂഹിക കടന്നലുകളും ഒറ്റയ്ക്കു ജീവിക്കുന്ന ഏകചാരി കടന്നലുകളും ഉൾപ്പെടുന്നു. ഏകചാരി കടന്നലുകൾ സ്വന്തമായി കൂടുണ്ടാക്കുന്നവയും മറ്റു കീടങ്ങളെ വേട്ടയാടി അവയുടെ ലാർവകൾക്കു ആഹാരമായി നൽകുന്നതിലൂടെ ജൈവകീടനിയന്ത്രണത്തിൽ പ്രഗല്ഭരും ഭക്ഷ്യശൃംഖലയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരുമാണ്.
തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ ഗവേഷണത്തിലാണ് ഇവയെ കണ്ടെത്തിയത്. തൃശൂർ വടക്കേക്കാട്, ഹാമേലിയ പാറ്റെൻസ് (വിടരാപ്പൂവ്) എന്ന സസ്യത്തിന്റെ പൂക്കൾ സന്ദർശിച്ചുകൊണ്ടിരുന്ന പെണ്കടന്നലിനെ അടിസ്ഥാനമാക്കിയാണ് എപ്സിലോണ് മാനസിക്കം എന്ന ഏകചാരി കടന്നൽ ഇനത്തെ ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായി രേഖപ്പെടുത്തിയത്.
ഏകചാരി പെണ് കടന്നലുകൾ സ്വതന്ത്രമായി കൂടുണ്ടാക്കി മുട്ടയിടുകയും കുഞ്ഞുങ്ങൾക്കായി ആഹാരം ശേഖരിക്കുകയും ചെയ്യുന്നവയാണ്. മണ്ണിനടിയിലെ ചെറിയ അറകളിലും തുരങ്കങ്ങളിലും മണ്ണിന്റെ ഉപരിതലത്തിലും മരത്തടികളിലും ഉണങ്ങിയ സസ്യഭാഗങ്ങളിലുമൊക്കെയാണ് ഇവ സാധാരണയായി കൂടുകൾ നിർമിക്കുന്നത്. ഈ വിഭാഗത്തിലെ ചില ഇനങ്ങൾ ചെളി ഉപയോഗിച്ച് ചെറിയ അറകളോ കുടങ്ങളോ പോലുള്ള കൂടുകൾ നിർമ്മിക്കുന്നതിൽ പ്രാവീണ്യം കാണിക്കുന്നതിനാൽ ഇവയെ പോട്ടർ കടന്നലുകൾ എന്നും വിളിക്കുന്നു.
ഗവേഷകസംഘത്തിൽ ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണശാലയിലെ ഡോക്ടറൽ ഗവേഷകനായ എ.വി. വിഷ്ണു, എംഎസ്സി വിദ്യാർഥിനിയായ എം.കെ. ഹന്ന, കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പശ്ചിമഘട്ട പ്രാദേശികകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ.പി. ഗിരീഷ് കുമാർ, ഗവേഷണശാലയുടെ ഡയറക്ടറും അസിസ്റ്റന്റ് പ്രഫസറുമായ ഡോ.സി. ബിജോയ്, കെകെടിഎം ഗവ. കോളജ് പുല്ലൂറ്റിലെ സുവോളജിവിഭാഗം മേധാവിയും പ്രഫസറുമായ ഡോ. ഇ.എം. ഷാജി എന്നിവർ ഉൾപ്പെടുന്നു. സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെയാണ് പഠനം നടത്തിയത്.
Tags : NewSpecies SolitaryWasp SouthIndia Discovered Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash