കൊച്ചി: ശബരിമലയില്‍ ദിവസവും അഞ്ച് പടിപൂജ വീതം നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍. നിലവിലെ ബുക്കിംഗ് പൂര്‍ത്തിയാക്കിയശേഷമേ പടിപൂജയ്ക്കായി പുതിയ ബുക്കിംഗ് സ്വീകരിക്കൂവെന്ന മുന്‍ തീരുമാനം തുടരും.
2040 വരെ 705 പേരാണു 1,37,900 രൂപ ചെലവ് വരുന്ന പടിപൂജ ബുക്ക് ചെയ്തിരിക്കുന്നത്. മണ്ഡല മകരവിളക്കു സമയത്ത് പടിപൂജയുണ്ടാകില്ല. പടിപൂജയ്ക്ക് ബുക്ക് ചെയ്തവരുടെ പേരുകള്‍ ഡിജിറ്റൈസ് ചെയ്യും. നിലവില്‍ ജീവിച്ചിരിപ്പില്ലാത്തവരുടെ പേരുകള്‍ നീക്കം ചെയ്യുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
അതേസമയം, ശബരിമല ചിങ്ങമാസ പൂജയുമായി ബന്ധപ്പെട്ട സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ച ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച്, കൊപ്രാക്കളത്തിനു സമീപത്തെ പെറ്റിഷോപ്പ് ഉടന്‍ നീക്കം ചെയ്യാന്‍ ബോര്‍ഡിനു നിര്‍ദേശം നല്കി. ചാലക്കയം പമ്പ റോഡിന്റെ പുനരുദ്ധാരണത്തിനായി 15 കോടി രൂപ അനുവദിച്ച സാഹചര്യത്തില്‍ നിര്‍മാണം എങ്ങനെയായിരിക്കുമെന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് പൊതുമരാമത്ത് വകുപ്പിനോടു നിര്‍ദേശിച്ചു. ജോലികള്‍ പൂര്‍ത്തിയാക്കുന്ന സമയക്രമം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Tags : Sabarimala Five Padi Pujas conducted daily Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash