പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ ഡിസി: ശ്വാസമടക്കിപ്പിടിച്ച ആ 40 മിനിറ്റുകൾക്കൊടുവിൽ അമേരിക്ക ലോകത്തോട് വിളിച്ചുപറഞ്ഞു- ""നീതി നടപ്പിലായിരിക്കുന്നു!’’. ലോകത്തെ ഭീതിയുടെ നിഴലിൽ നിർത്തിയ 9/11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഒസാമ ബിൻ ലാദനെ തേടി അർധരാത്രിയിൽ പാക് മണ്ണിലിറങ്ങിയ യുഎസ് കമാൻഡോകൾ, ലോക സൈനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ദൗത്യത്തിലൂടെ വകവരുത്തിയ നിമിഷങ്ങൾ ഇന്നും ഓരോ അമേരിക്കക്കാരനും അഭിമാനത്തോടെ സ്മരിക്കുന്നു.
ഒരു പതിറ്റാണ്ട് നീണ്ട അക്ഷീണമായ തെരച്ചിലിനൊടുവിൽ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ കനത്ത സുരക്ഷയോടെ കഴിഞ്ഞിരുന്ന രഹസ്യസങ്കേതത്തിൽ 2011 മേയ് രണ്ടിന് അർധരാത്രി ഇരച്ചുകയറിയായിരുന്നു യുഎസ് സൈനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഈ മിന്നലാക്രമണം.അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു യുഎസ് ചരിത്രത്തിലെ ഏറ്റവും വീറും വാശിയുമേറിയ സൈനികദൗത്യം ആസൂത്രണം ചെയ്തത്.
◄സിഐഎ കുരുക്ക്
ഒസാമ ബിൻ ലാദനും അൽ ക്വയ്ദയുടെ പ്രധാന നേതാക്കളും ഒളിവിൽ കഴിയാൻ തെരഞ്ഞെടുത്തത് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ, പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള അതീവ ദുർഘടമായ തോറ ബോറ മലനിരകളായിരുന്നു. പ്രകൃതിദത്തമായി രൂപപ്പെട്ട നൂറുകണക്കിന് ഗുഹകളും ഇടുങ്ങിയ മലയിടുക്കുകളും നിറഞ്ഞതാണ് ഈ പ്രദേശം. പുറത്തുനിന്നുള്ള വ്യോമാക്രമണങ്ങളെയും ബോംബുകളെയും പ്രതിരോധിക്കാൻ ശേഷിയുള്ള കൂറ്റൻ ഗുഹാശൃംഖലകൾ ബിൻ ലാദൻ ഇവിടെ വികസിപ്പിച്ചിരുന്നു.
2001 ഡിസംബറിൽ യുഎസ് സൈന്യവും സഖ്യകക്ഷികളും അൽ ക്വയ്ദയെ ലക്ഷ്യമിട്ട് തോറ ബോറ മലനിരകളിൽ അതിശക്തമായ വ്യോമാക്രമണവും കരമാർഗമുള്ള തെരച്ചിലും നടത്തി. "ബാറ്റിൽ ഓഫ് തോറ ബോറ’ എന്നറിയപ്പെടുന്ന ഈ പോരാട്ടത്തിൽ നൂറുകണക്കിന് അൽ ക്വയ്ദ ഭീകരർ കൊല്ലപ്പെട്ടെങ്കിലും ബിൻ ലാദൻ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് കടന്നുകളയുകയായിരുന്നു.
ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാതെ പൂർണമായും ഒറ്റപ്പെട്ടു ജീവിച്ചു. എന്നാൽ, ലാദന്റെ സന്ദേശങ്ങൾ കൈമാറിയിരുന്ന അബു അഹമ്മദ് അൽ കുവൈത്തി എന്ന വിശ്വസ്തനായ സഹായിയെ സിഐഎ വർഷങ്ങളോളം പിന്തുടർന്നു. ഈ സഹായിയിലൂടെയാണ് പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിക്കു തൊട്ടടുത്തുള്ള മൂന്നുനില കോട്ടയെക്കുറിച്ച് അമേരിക്കയ്ക്ക് സൂചന ലഭിക്കുന്നത്.
മുൾവേലികളും വലിയ മതിലുകളും കെട്ടിയുയർത്തിയ ഈ വീട്ടിൽ ഫോണോ ഇന്റർനെറ്റോ ഇല്ലായിരുന്നു. എന്നാൽ, വീടിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ പതിവായി നടക്കാറുള്ള "പൈസർ’എന്ന നിഴൽ ബിൻ ലാദന്റേതാണെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെ സിഐഎ നിരീക്ഷിച്ചുറപ്പിച്ചു.
◄വാക്സിനേഷൻ തന്ത്രം
ബിൻ ലാദന്റെ സാന്നിധ്യം അന്തിമമായി സ്ഥിരീകരിക്കാൻ സിഐഎ പ്രയോഗിച്ച തന്ത്രമായിരുന്നു വ്യാജ പ്രതിരോധ കുത്തിവയ്പ് ദൗത്യം. പാക്കിസ്ഥാനി ഡോക്ടറായ ഷക്കീൽ അഫ്രീദിയെ ഉപയോഗിച്ച്, ഹെപ്പറ്റൈറ്റിസ്-ബി സൗജന്യ വാക്സിനേഷൻ എന്ന വ്യാജേന കെട്ടിടത്തിനുള്ളിൽ കഴിഞ്ഞ ലാദന്റെ മക്കളുടെ ഡിഎൻഎ സാമ്പിളുകൾ രഹസ്യമായി ശേഖരിച്ചു. ഈ വിവരങ്ങളാണ് ലാദൻ അവിടെയുണ്ടെന്ന് അന്തിമമായി ഉറപ്പിക്കാൻ യുഎസിനെ സഹായിച്ചത്.
◄സീൽ ടീം 6 ദൗത്യം
ലാദൻ അബോട്ടാബാദിലെ താവളത്തിലുണ്ടെന്ന് ഉറപ്പായതോടെ വ്യോമാക്രമണത്തിനു പകരം നേരിട്ട് കമാൻഡോകളെ ഇറക്കാൻ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടു. അമേരിക്കൻ നാവികസേനയുടെ കമാൻഡോ വിഭാഗമായ "നേവി സീൽസ് ടീം 6’ദൗത്യം ഏറ്റെടുത്തു. താവളത്തിന്റെ മാതൃക അമേരിക്കയിൽ നിർമിച്ച് ആഴ്ചകളോളം പരിശീലനം നേടിയശേഷമായിരുന്നു ദൗത്യത്തിനായി കമാൻഡോസംഘം പുറപ്പെട്ടത്.
പാതിരാത്രിയിൽ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽനിന്ന് പാക് റഡാറുകളുടെ കണ്ണുവെട്ടിച്ച് അത്യാധുനിക സ്റ്റെൽത്ത് ഹെലികോപ്റ്ററുകളിൽ കമാൻഡോകൾ അതിർത്തി കടന്നു. അബോട്ടാബാദിലെ കെട്ടിടത്തിനു മുകളിലെത്തിയ ഒരു ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം നിലത്തിടിച്ചെങ്കിലും പരിക്കേൽക്കാതെ പുറത്തിറങ്ങിയ സൈനികർ മതിലുകൾ തകർത്ത് അകത്തുകയറി.
ആ 40 മിനിറ്റിനുള്ളിൽ ഓരോ നിലയും സുരക്ഷിതമാക്കി അവർ മുന്നേറി. ഒടുവിൽ മൂന്നാം നിലയിലേക്ക് ഇരച്ചുകയറിയ കമാൻഡോകൾക്കു നേരേ ആക്രമണത്തിന് മുതിർന്ന ബിൻ ലാദനെ തലയ്ക്കും നെഞ്ചിനും വെടിയുതിർത്ത് അവർ വധിക്കുകയായിരുന്നു. കനത്ത വെടിവയ്പിൽ ലാദന്റെ മകനടക്കം ചില കൂട്ടാളികളും കൊല്ലപ്പെട്ടു.
ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ഡിഎൻഎ പരിശോധനയും വഴി കൊല്ലപ്പെട്ടത് ബിൻ ലാദൻ തന്നെയാണെന്ന് തത്സമയം സ്ഥിരീകരിച്ചു. തുടർന്ന് സ്മാരകമായി മാറാതിരിക്കാൻ, മൃതദേഹം വടക്കൻ അറബിക്കടലിലെ യുഎസ്എസ് കാൾ വിൻസൺ എന്ന യുദ്ധക്കപ്പലിലെത്തിച്ച് ഇസ്ലാമിക ആചാരപ്രകാരം രഹസ്യമായി കടലിൽ അടക്കം ചെയ്തു.
"നീതി നടപ്പിലായിരിക്കുന്നു' എന്ന ബറാക് ഒബാമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ന്യൂയോർക്കിലും വാഷിംഗ്ടണിലും ആയിരക്കണക്കിന് ജനങ്ങളാണ് വിജയാഘോഷത്തിനായി തെരുവിലിറങ്ങിയത്.
Tags : America 40minutes BreathHolding Justice Served Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash OsamaBinLaden