ശോച്യാവസ്ഥയിലായ ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡ്.
ഫോർട്ടുകൊച്ചി: വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട്കൊച്ചിയിലെ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ കൊച്ചി നഗരസഭ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധം ശക്തമാകുന്നു. ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡ് നവീകരണത്തിനായി 15 ലക്ഷം രൂപ വകയിരുത്തി ഭരണാനുമതി നൽകിയെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നഗരസഭ അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇത് നടപ്പായില്ല.
പൊതു പ്രവര്ത്തകന് ഷക്കീര്‍ അലി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ മറുപടിയായാണ് നഗരസഭാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ ഉറപ്പ് നല്കി ഒരു വര്‍ഷം അടുക്കാറായിട്ടും ഇക്കാര്യത്തില്‍ നടപടിയൊന്നുമുണ്ടായില്ലെന്നാണ് ആക്ഷേപം. ടെൻഡർ നടപടികൾ പോലുമെടുക്കാതെ അധികൃതർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പരാതിക്കാരൻ ആരോപിച്ചു.
രാത്രിയായാൽ വെളിച്ചമില്ലാത്തതും ശുചിമുറി സൗകര്യങ്ങളില്ലാത്തതുമായ ഫോർട്ട് കൊച്ചി ബസ് സ്റ്റാൻഡിൻഡിന്റെ അവസ്ഥ ദയനീയമാണ്.
യാത്രക്കാർക്കായി നിർമിച്ച കാത്തിരിപ്പ് കേന്ദ്രം ഇന്ന് ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് ഏരിയയായി മാറിയിരിക്കുന്ന സാഹചര്യമാണ്. ബസുകൾ റോഡിൽ നിർത്തിയിടുന്നത് മൂലം കടുത്ത ഗതാഗതക്കുരുക്കാണ് പ്രദേശത്തുണ്ടാകുന്നത്. ദിവസേന നൂറ് കണക്കിന് വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികള്‍ എത്തുന്ന ഈ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതര്‍ തയാറാകാത്തത് വലിയ പ്രതിഷേധം ക്ഷണിച്ച് വരുത്തുകയാണ്.
Tags : District News Nattuvishesham Municipality Fort Kochi