പ്രതീകാത്മക ചിത്രം
കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്കോളര്‍ഷിപ് (എന്‍എംഎംഎസ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. nmmse.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി 30.
സ്വന്തമായോ പ്രിന്‍സിപ്പല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. ഫീസില്ല. അപേക്ഷ സമര്‍പ്പിച്ചതിനുശേഷം പ്രിന്റും അനുബന്ധരേഖകളും വെരിഫിക്കേഷനായി പ്രിന്‍സിപ്പലിനു സമര്‍പ്പിക്കണം. ഹാര്‍ഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയയ്ക്കേണ്ടതില്ല. കേന്ദ്രീയ, ജവാഹര്‍, നവോദയ, സിബിഎസ്ഇ, റസിഡന്‍ഷ്യല്‍, മറ്റ് അംഗീകൃത വിദ്യാലയങ്ങളിലെ കുട്ടികളെ പരിഗണിക്കില്ല.
കേരളത്തിലെ 3473 കുട്ടികള്‍ക്ക് ഓരോ വര്‍ഷവും സ്കോളര്‍ഷിപ് കിട്ടും. പരീക്ഷയില്‍ അര്‍ഹത നേടുന്നവര്‍ക്ക് 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ പ്രതിവര്‍ഷം 12,000 രൂപ വീതം സ്കോളര്‍ഷിപ് ലഭിക്കും. പഠനം തുടര്‍ന്നും സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളില്ത്തന്നെയാകണം.
ഒന്‍പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്ക് നേടിയാലേ പത്തില്‍ സ്കോളര്‍ഷിപ് തുക ലഭിക്കൂ. ഇതുപോലെ 10ല്‍ 60%, 11ല്‍ 55% എന്ന ക്രമത്തില്‍ മാര്‍ക്ക് നേടണം. പട്ടികവിഭാഗക്കാര്‍ക്ക് 5% ഇളവുണ്ട്. പരീക്ഷയിലെ ഗ്രേഡുകള്‍ ശതമാനമായി മാറ്റേണ്ട രീതി അറിയിപ്പിലുണ്ട്. 2025-26 അധ്യയനവര്‍ഷം ഏഴാം ക്ലാസിലെ വാര്ഷികപരീക്ഷയില് 55% എങ്കിലും മാര്‍ക്ക് വേണം. പട്ടികവിഭാഗത്തിന് 50% മതി. രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം മൂന്നര ലക്ഷം രൂപ കവിയരുത്.
നവംബര്‍ ഏഴിനാണ് സ്കോളര്‍ഷിപ്പ് പരീക്ഷ. ഒഎംആര്‍ ശൈലിയിലുള്ള പരീക്ഷയ്ക്ക് 90 മിനിറ്റ് വീതമുള്ള രണ്ടു ഭാഗങ്ങളാണുള്ളത്. ഓരോന്നിലും 90 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍. രണ്ടു ഭാഗങ്ങള്‍ക്കും ചേര്‍ത്ത് 40% എങ്കിലും മാര്‍ക്ക് നേടണം. പട്ടികവിഭാഗക്കാര്‍ 32%.
Tags : Scholarship 8thGrade Students Apply Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation