കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്കോളര്‍ഷിപ് (എന്‍എംഎംഎസ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. nmmse.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി 30.
സ്വന്തമായോ പ്രിന്‍സിപ്പല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. ഫീസില്ല. അപേക്ഷ സമര്‍പ്പിച്ചതിനുശേഷം പ്രിന്റും അനുബന്ധരേഖകളും വെരിഫിക്കേഷനായി പ്രിന്‍സിപ്പലിനു സമര്‍പ്പിക്കണം. ഹാര്‍ഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയയ്ക്കേണ്ടതില്ല. കേന്ദ്രീയ, ജവാഹര്‍, നവോദയ, സിബിഎസ്ഇ, റസിഡന്‍ഷ്യല്‍, മറ്റ് അംഗീകൃത വിദ്യാലയങ്ങളിലെ കുട്ടികളെ പരിഗണിക്കില്ല.
കേരളത്തിലെ 3473 കുട്ടികള്‍ക്ക് ഓരോ വര്‍ഷവും സ്കോളര്‍ഷിപ് കിട്ടും. പരീക്ഷയില്‍ അര്‍ഹത നേടുന്നവര്‍ക്ക് 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ പ്രതിവര്‍ഷം 12,000 രൂപ വീതം സ്കോളര്‍ഷിപ് ലഭിക്കും. പഠനം തുടര്‍ന്നും സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളില്ത്തന്നെയാകണം.
ഒന്‍പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്ക് നേടിയാലേ പത്തില്‍ സ്കോളര്‍ഷിപ് തുക ലഭിക്കൂ. ഇതുപോലെ 10ല്‍ 60%, 11ല്‍ 55% എന്ന ക്രമത്തില്‍ മാര്‍ക്ക് നേടണം. പട്ടികവിഭാഗക്കാര്‍ക്ക് 5% ഇളവുണ്ട്. പരീക്ഷയിലെ ഗ്രേഡുകള്‍ ശതമാനമായി മാറ്റേണ്ട രീതി അറിയിപ്പിലുണ്ട്. 2025-26 അധ്യയനവര്‍ഷം ഏഴാം ക്ലാസിലെ വാര്ഷികപരീക്ഷയില് 55% എങ്കിലും മാര്‍ക്ക് വേണം. പട്ടികവിഭാഗത്തിന് 50% മതി. രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം മൂന്നര ലക്ഷം രൂപ കവിയരുത്.
നവംബര്‍ ഏഴിനാണ് സ്കോളര്‍ഷിപ്പ് പരീക്ഷ. ഒഎംആര്‍ ശൈലിയിലുള്ള പരീക്ഷയ്ക്ക് 90 മിനിറ്റ് വീതമുള്ള രണ്ടു ഭാഗങ്ങളാണുള്ളത്. ഓരോന്നിലും 90 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍. രണ്ടു ഭാഗങ്ങള്‍ക്കും ചേര്‍ത്ത് 40% എങ്കിലും മാര്‍ക്ക് നേടണം. പട്ടികവിഭാഗക്കാര്‍ 32%.
- മെന്റല്‍ എബിലിറ്റി ടെസ്റ്റ്: സാമ്യങ്ങള്‍ കണ്ടെത്തല്‍, വര്‍ഗീകരണം, സംഖ്യാശ്രേണികള്‍, പാറ്റേണുകള്‍, മറഞ്ഞിരിക്കുന്ന രൂപങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയവയിലെ യുക്തിചിന്താ ചോദ്യങ്ങള്‍ കാണും.
- സ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: 7, 8 ക്ലാസുകളിലെ സാമൂഹികശാസ്ത്രം (35 മാര്‍ക്ക്), അടിസ്ഥാനശാസ്ത്രം (35), അടിസ്ഥാനഗണിതം (20) എന്നിവയിലെ പാഠഭാഗങ്ങള്‍.
- മലയാളം, ഇംഗ്ലിഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ ചോദ്യപേപ്പറുകളുണ്ട്. ഏതു വേണമെന്ന് അപേക്ഷയില്‍ കാണിക്കണം.
- അപേക്ഷ സമര്‍പ്പിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ആധാര്‍, ഫോട്ടോ, അര്‍ഹതയുള്ളവരുടെ കാര്യത്തില്‍ ജാതി / ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നിവ വേണ്ടിവരും. സമര്‍പ്പിക്കേണ്ട രേഖകളുടെ ലിസ്റ്റ്, സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.
- സ്കോളര്‍ഷിപ്പിനു യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ യഥാസമയം നാഷണല്‍ സ്കോളര്‍ഷിപ് പോര്‍ട്ടല്‍ വഴി (https://scholarships.gov.in) അപേക്ഷയും പുതുക്കല്‍ അപേക്ഷയും സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് https:// pareekshabhavan.kerala.gov.in എന്ന സൈറ്റിലെ "അറിയിപ്പുകള്' ലിങ്ക് നോക്കാം. പരീക്ഷാഭവനിലെ ഹെല്പ് ഡെസ്ക്: 0471-2546832; [email protected].