International
ഹൂസ്റ്റൺ: നാസയുടെ ചാന്ദ്രദൗത്യം വിജയം. പത്തുദിവസം നീണ്ട ദൗത്യത്തില്‍ ബഹിരാകാശയാത്രികരായ റീഡ് വൈസ്മാൻ, ജെറമി ഹാൻസെൻ, ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ എന്നിവരുമായി ചന്ദ്രനെ വലംവച്ച് യാത്രാപേടകം ഓറിയോണ്‍ സുരക്ഷിതമായി പസഫിക് സമുദ്രത്തില്‍ വന്നിറങ്ങി.
ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 5.38ന് പസഫിക് സമുദ്രത്തിലാണ് ഓറിയോണ്‍ പേടകം സുരക്ഷിതമായി വന്നിറങ്ങിയത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്പോൾ മണിക്കൂറില്‍ 40,428.30 കിലോമീറ്ററായിരുന്നു പേടകത്തിന്റെ വേഗം. ഇതു ശബ്ദത്തേക്കാൾ 33 ഇരട്ടിയോളം വരും. ഉയർന്ന വേഗത്തിനൊപ്പം അതു സൃഷ്ടിക്കുന്ന താപവും വളരെ ഉയർന്നതായിരുന്നു.
ഓറിയോണിനു പുറത്തെ താപനില 2,800 ഡിഗ്രി സെൽഷസ് വരെ ഉയർന്നു. അതായത്, സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളം വരും. ചൂടിന്റെ ആധിക്യം മൂലം ചുവന്ന ഒരു തീഗോളമായി ഓറിയോൺ പേടകം മാറിയെന്നു പറഞ്ഞാലും അതിൽ അതിശയോക്തിയില്ല.
പസഫിക് സമുദ്രത്തിൽ ഇറങ്ങുന്നതിന് 15 മിനിറ്റ് മുന്‍പ് (ഇന്ത്യൻ സമയം ഏകദേശം 5.23ന്) പേടകം ഏകദേശം നാലു ലക്ഷം അടി (122 കിലോമീറ്റർ) ഉയരത്തിലെത്തിയപ്പോൾ കനത്ത ചൂടു മൂലം പേടകവുമായുള്ള ആശയവിനിമയം തടസപ്പെട്ടു. ഏകദേശം ആറു മിനിറ്റോളം ഈ അവസ്ഥ തുടർന്നു. ഏകദേശം രണ്ടു ലക്ഷം അടി ഉയരത്തിലെത്തിയപ്പോഴാണ് ആശയവിനിമയ സംവിധാനം പുനഃസ്ഥാപിക്കപ്പെട്ടത്.
അപ്പോഴും ചൂടിനു വലിയ കുറവില്ലായിരുന്നു. തുടർന്ന് ചൂടും വേഗവും കുറയ്ക്കുന്നതിനായി കറക്ഷൻ ബേൺ നടത്തി പേടകത്തെ അല്പം ഉയർത്തുകയും സഞ്ചാരപാതയിൽ മാറ്റം വരുത്തുകയും ചെയ്തു. പിന്നീട്, 35000 അടി ഉയരത്തിലെത്തിയപ്പോൾ പേടകത്തിന്റെ വേഗം പരമാവധി കുറയ്ക്കാനായി ഘർഷണം ഉപയോഗപ്പെടുത്തുകയും പിന്നീട് പാരച്യൂട്ടുകൾ വിടർത്തുകയും ചെയ്തു.
കൂറ്റൻ പാരച്യൂട്ടുകൾ വിടർന്നതോടെ പേടകത്തിന്റെ വേഗം കുറയുകയും (മണിക്കൂറിൽ ഏകദേശം 30 കിലോമീറ്റർ) നിയന്ത്രിത ലാൻഡിംഗ് (സ്പ്ലാഷ് ഡൗൺ) നടത്തുകയും ചെയ്തു. പേടകം കടലില്‍ ഇറങ്ങിയ ഉടന്‍തന്നെ യുഎസ് നാവികസേനയുടെ യുഎസ്എസ് ജോണ്‍ പി. മുര്ത്ത എന്ന കപ്പലിൽ കാത്തിരുന്ന നാവികസേനാംഗങ്ങൾ പേടകത്തെ സമുദ്രത്തിൽനിന്ന് വീണ്ടെടുത്തു.
യാത്രക്കാർ കണ്ട അപൂർവ കാഴ്ചകൾ
സൂര്യഗ്രഹണം
ബഹിരാകാശത്തുവച്ച് സൂര്യഗ്രഹണം കാണുകയെന്ന അത്യപൂർവ കാഴ്ചയാണ് ഓറിയോൺ പേടകത്തിലെ യാത്രക്കാർക്കു ലഭിച്ചത്. ചന്ദ്രന് സൂര്യനെ മറയ്ക്കുന്ന അത്യപൂര്‍വ ദൃശ്യം കാമറയിൽ പകർത്താൻ അവർക്കായി. സൂര്യന്റെ കൊറോണ അടുത്തു കാണാനും പകർത്താനും സാധിച്ചു.
ഇരുണ്ട ഭാഗത്തെ ഉല്‍ക്കാ പതനങ്ങള്‍
ചന്ദ്രന്റെ ഇരുണ്ട ഭാഗം കാണാനായതാണ് യാത്രക്കാർക്കു ലഭിച്ച അസുലഭമായ മറ്റൊരനുഭവം. ഇരുണ്ട ഭാഗത്ത് ഓറിയോൺ ഉണ്ടായിരുന്ന 40 മിനിറ്റിൽ ആറുതവണ ഉൽക്കാ പതനമുണ്ടായി. ഉല്‍ക്കകള്‍ പതിക്കുമ്പോഴുണ്ടായ പ്രകാശം പലതവണ കാണാനുള്ള ഭാഗ്യം യാത്രക്കാർക്ക് ലഭിച്ചു. കൂടാതെ ഭൂമിയിലിരുന്ന് നമ്മൾ ചന്ദ്രന്റെ ഉദയവും അസ്തമയവും കാണുന്നതുപോലെ ഓറിയോൺ പേടകത്തിലെ യാത്രക്കാർ ഭൂമിയുടെ ഉദയവും അസ്തമയവും ചന്ദ്രന്റെ ചക്രവാളത്തിന്റെ പശ്ചാത്തലത്തിൽ കണ്ടു.
പുരാതന ലാവാപ്രവാഹങ്ങൾ
ചന്ദ്രനിലെ പുരാതന ലാവാ പ്രവാഹങ്ങളും വലിയ ഗർത്തങ്ങളും ഉപരിതലത്തിലെ കൂറ്റൻ വിള്ളലുകളും യാത്രക്കാർ കണ്ടു.
District News
കൊണ്ടോട്ടി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊണ്ടോട്ടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. ജിജിയുടെ നേതൃത്വത്തിൽ നടന്ന പര്യടനം വൻ ജനപങ്കാളിത്തംകൊണ്ട് ആവേശകരമായി. ഇന്നലെ രാവിലെ ഒമ്പതിന് വെട്ടത്തൂരിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.
ഒളവട്ടൂരിലെത്തിയ സ്ഥാനാർഥിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഉച്ചവരെ നീണ്ടുനിന്ന വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചു.
നെടിയിരുപ്പിൽ കുടുംബങ്ങളുമായി നേരിട്ട് സംവദിച്ച ഡോ. പി. ജിജി അവരുടെ പ്രശ്നങ്ങളും ആശങ്കകളും ചോദിച്ചറിഞ്ഞു. വരുംകാലങ്ങളിൽ മണ്ഡലത്തിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയായി. വൈകുന്നേരം നാലിന് കൊണ്ടോട്ടി സ്മാരകത്തിൽ നിന്ന് ആരംഭിച്ച വനിതാ റോഡ് ഷോ പര്യടനത്തിലെ പ്രധാന ആകർഷണമായിരുന്നു.
സ്ത്രീകളുടെ മികച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ റോഡ് ഷോ കൊണ്ടോട്ടി ടൗണിലാണ് സമാപിച്ചത്. പിന്നീട് പോത്തുവെട്ടിപ്പാറയിൽ നിന്ന് തുടങ്ങിയ മണ്ഡലം റോഡ് ഷോ കൊണ്ടോട്ടി നഗരത്തെ ഇളക്കിമറിച്ചു. നൂറുകണക്കിന് പ്രവർത്തകരും വാഹനങ്ങളും അണിനിരന്ന റാലി നഗരം ചുറ്റി പതിനൊന്നാം മൈലിൽ സമാപിച്ചു.
Business
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രഫ. കെ.ടി. ചാണ്ടി അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.
പനമ്പള്ളി നഗർ കെഎംഎ ഹൗസിൽ നടന്ന പരിപാടിയിൽ കെഎംഎ മുൻ പ്രസിഡന്റ് സുനിൽ കെ. സക്കറിയ അനുസ്മരണ പ്രഭാഷണം നടത്തി. സ്വപ്നദർശിയും ചിന്തകനും പുതിയ വഴികൾ തുറന്ന വ്യക്തിയുമാണ് പ്രഫ. കെ.ടി. ചാണ്ടിയെന്ന് സുനിൽ സക്കറിയ പറഞ്ഞു.
മുഖ്യാതിഥിയായി പങ്കെടുത്ത വി ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ‘മനുഷ്യബന്ധങ്ങൾ: വിജയത്തിന്റെ അടിത്തറ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
മനുഷ്യശക്തിയുടെ പ്രാധാന്യം തിരിച്ചറിയുന്നിടത്ത് വിജയം നേടാനാകുമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
കെഎംഎ പ്രസിഡന്റ് കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. കെഎംഎ മാനേജ്മെന്റ് വാരാഘോഷ പരിപാടികളെക്കുറിച്ച് ഡോ. അനിൽ ജോസഫ് വിശദീകരിച്ചു.
ബി. ബാലഗോപാൽ സ്വാഗതവും അനിൽ വർമ നന്ദിയും പറഞ്ഞു.
District News
തൃശൂർ: അക്ഷരങ്ങൾകൊണ്ട് വിസ്മയംതീർക്കുന്ന കഥാപ്രതിഭകൾ മാറ്റുരച്ചപ്പോൾ, മലയാളം കഥാരചനയിൽ ഹാട്രിക് വിജയവുമായി സായ് മാധവ്. ഹയർ സെക്കൻഡറി വിഭാഗം മലയാളം കഥാരചനയിലാണ് സായ് മാധവ് തുടർച്ചയായ മൂന്നാം വർഷവും വിജയക്കൊടി പാറിച്ചത്.
ആലത്തൂർ ബിഎസ്എസ് ഗുരുകുലത്തിലെ പ്ലസ് ടു വിദ്യാർഥിയായ സായ്, വായനയോടുള്ള അഭിനിവേശമാണ് എഴുത്തിൽ കരുത്താക്കുന്നത്. സ്കൂളിലെ അധ്യാപകർ നൽകുന്ന കൃത്യമായ മാർഗനിർദേശങ്ങളും ചിട്ടയായ പരിശീലനവുമാണ് ഈ വലിയ നേട്ടം സമ്മാനിച്ചതെന്നു സായ് മാധവ് പറഞ്ഞു.തരൂർ വിഷ്ണുതീർഥം വീട്ടിൽ സി. ഹരികൃഷ്ണൻ - ദീപ ദമ്പതികളുടെ മകനാണ്.
SUNDAY DEEPIKA
സമ്മിശ്രകൃഷിയിൽ വിജയഗാഥയുമായി ഇതാ ഒരു യുവകർഷകൻ. വിളവെടുപ്പിലും ലാഭക്കൊയ്ത്തിലും പ്രതികരണം സമ്മിശ്രമല്ല, അഭിമാനകരം!
പാലക്കാട് ശ്രീകൃഷ്ണപുരം എലന്പുലാശേരി ആയത്തുപാടത്ത് വീട്ടിൽ സജി മാത്യു എന്ന 44കാരൻ തന്റെ സമ്മിശ്രകൃഷിയിൽ ഹാപ്പിയാണ്. കോവിഡ് കാലത്തിനുശേഷം ജോലി ഉപേക്ഷിച്ച് മുഴുവൻകാല കർഷകനായതിൽ തെല്ലു പരിഭവം പോലുമില്ല. മനമറിഞ്ഞു സ്നേഹിച്ചപ്പോൾ മണ്ണ് കനിഞ്ഞുനൽകിയ സൗഭാഗ്യങ്ങളിൽ ഏറെ തൃപ്തനാണ് സജി ഇപ്പോൾ.
വീടിനോടു ചേർന്ന പറന്പിലും കുറച്ചുമാറി കൃഷിയിടത്തിലുമായി ഇല്ലാത്ത കൃഷികളില്ല. അത്യപൂർവയിനം വിളകൾ വരെ ഇവിടെ സമൃദ്ധമായി വളരും. വീട്ടിലേക്കുള്ള പച്ചക്കറിയുണ്ടാക്കുന്നതും ഇവിടെത്തന്നെ. സവാളയും ഉള്ളിയും മാത്രമേ പുറമേനിന്നും വാങ്ങാറുള്ളൂവെന്ന് സജി പറയുന്നു.
മൂന്നേക്കറിലെ സ്വപ്നങ്ങൾ
മൂന്നേക്കറോളം വരുന്ന കൃഷിയിടത്തിലാണ് സജിയുടെ സമ്മിശ്രകൃഷി. തെങ്ങ്, റബർ, കമുക്, ജാതി, കുരുമുളക് തുടങ്ങിയ പ്രധാന വിളകൾക്കൊപ്പം ഇടവിളയായി സീസണ് അനുസരിച്ച് മറ്റുള്ളവയും കൃഷിചെയ്തുവരുന്നു. ഈ ഓണക്കാലത്ത് നേന്ത്രക്കായ ബിസിനസ് ലാഭകരമായിരുന്നെന്നും സജി പറഞ്ഞു.
പാലക്കാട് ജില്ലയിൽതന്നെ വിരളമായ കൂവകൃഷിയിലും സജി അപൂർവനേട്ടം കൊയ്യുകയാണ്. വാഴ, വഴുതന, ചേന, ചേന്പ്, ഇഞ്ചി, കാച്ചിൽ, മഞ്ഞൾ, കപ്പ എന്നിവയെല്ലാം ഇവിടെ സമൃദ്ധമായി വിളയുന്നു. ഇടക്കാലത്തു നിർത്തിവച്ച പശുവളർത്തലും ഇപ്പോൾ തുടങ്ങിയിട്ടുണ്ട്.
ഇതിനു പുറമെയാണ് മത്സ്യകൃഷിയും തേനീച്ച വളർത്തലും. കട്ല രോഹു, മൃഗാൾ, വാള, സിൽവർ ആവോലി, തിലോപ്പിയ എന്നിവയാണ് വളർത്തുന്നത്. ചെറുതേൻകൃഷിക്കായി ശ്രമം തുടങ്ങിയതായി സജി പറഞ്ഞു.
നാരകത്തിന്റെ വിവിധയിനങ്ങളും അങ്ങിങ്ങായി വളർത്തിയിട്ടുണ്ട്, കന്പിളി നാരങ്ങ, ചൈനീസ് ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയവയെല്ലാം സമ്മിശ്രകൃഷിയുടെ മാറ്റുകൂട്ടുന്നു. ചീനിമുളകു മുതൽ പയർ, വെണ്ട, മറ്റു പച്ചക്കറികൾ എന്നിവയെല്ലാം വീട്ടാവശ്യത്തിനും വില്പനയ്ക്കും തയാറാണ്.
വിജയത്തിന് വെള്ളം
നഷ്ടമില്ലാത്ത കൃഷിയെന്ന വിജയമന്ത്രവുമായാണ് സജിയിലെ കർഷകൻ മുന്നോട്ടുനീങ്ങുന്നത്. പുറമെ നിന്നുള്ള പണിക്കാർ വിരളം. കിളയ്ക്കൽപണിയുണ്ടെങ്കിൽ മാത്രം പുറമെനിന്നും ആളെവയ്ക്കും.
അച്ഛൻ നോക്കിനടത്തിയിരുന്ന കൃഷിയിൽ കോവിഡ്കാലത്തിനു ശേഷമാണ് സജി സജീവമായത്. പിന്നീട് പറന്പിൽ വലിയൊരു കുളം കുത്തി. സ്പ്രിംഗ്ളർ ഉപയോഗിച്ചു വെള്ളം എല്ലായിടത്തും എത്തിച്ചു.
പറന്പിലാകെയുള്ള രണ്ടു കുളത്തിലെ വെള്ളം മാത്രമാണ് കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്. സമൃദ്ധമായ വെള്ളം കൃഷിവിജയത്തിന്റെ പ്രധാന ഘടകമാണെന്നും സജി പറഞ്ഞു. കാട്ടുപന്നിയുടെ ശല്യമായിരുന്നു പ്രധാനപ്രശ്നം. ഫെൻസിംഗ് സ്ഥാപിച്ചതോടെ ശല്യം ഒഴിവായിട്ടുണ്ട്.
തുള്ളിനന ലക്ഷ്യമിട്ടു പറന്പിലൊട്ടാകെ സ്പ്രിംഗ്ളർ സ്ഥാപിച്ചതും ഫെൻസിംഗ് സ്ഥാപിച്ചതുമെല്ലാം സജി ഒറ്റയ്ക്കുതന്നെ. തുണയായത് പഠനകാല അനുഭവങ്ങൾ. കോട്ടയം കടുത്തുരുത്തി മേരിമാതാ ഐടിസിയിലെ പൂർവ വിദ്യാർഥിയായ സജി പഠനശേഷം കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്ലംബറായിരുന്നു. പിന്നീട് കോട്ടയത്തുതന്നെ സാനിറ്ററിവെയർ കന്പനിയിലും ജോലിചെയ്തു. ഇതിനിടെയാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടതും ജോലി ഉപേക്ഷിച്ചതും.
കൃഷിയറിവുകളുടെ തുടർച്ച
കാലങ്ങളായുള്ള കുടുംബത്തിന്റെ കൃഷി സുമനസോടെ സജി ഏറ്റെടുക്കുന്പോൾ തുണയായത് അച്ഛൻ എ.വി. മാത്യുവുന്റെയും അമ്മ മേഴ്സി മാത്യുവിന്റെയും കൃഷിയറിവുകളും പ്രാർഥനകളുമായിരുന്നു. എണ്‍പത്തിരണ്ടുകാരനായ അച്ഛനും എഴുപത്തിരണ്ടുകാരിയ അമ്മയും ഇപ്പോഴും സജിക്കൊപ്പം കൃഷിയെ താലോലിച്ചുവരുന്നു. പറന്പിലെ സമ്മിശ്രകൃഷിയെക്കുറിച്ചു പറയുന്പോൾ ഇരുവർക്കുമിപ്പോഴും നൂറുനാവാണ്. ഭാര്യ നീനുവും മക്കളായ ഷാൻ, സിയാൻ, ജോഹാൻ എന്നിവരും സജിയുടെ കൃഷിവട്ടങ്ങളിൽ കൂടെയുണ്ട്.
മണ്ണിനും മനസിനും വിശ്രമമില്ല, അതാണ് വിജയരഹസ്യമെന്ന് സജി പറയുന്നു. മണ്ണിനെ അറിഞ്ഞുള്ള വളപ്രയോഗമാണ് നടത്തുന്നത്. ഭൂരിഭാഗവും ജൈവവളമാണ്. ചാണകപ്പൊടിയും പച്ചിലവളവും എപ്പോഴും തയാർ. നേന്ത്രവാഴകൃഷിക്കു മാത്രമാണ് ചെറിയതോതിൽ രാസവളം ഉപയോഗിച്ചതെന്നും സജി പറയുന്നു.
എവിടെപ്പോയാലും അവിടെനിന്നു പ്രത്യേകത തോന്നുന്ന എന്തും നട്ടുവളർത്താനായി വീട്ടിൽ കൊണ്ടുവരും. അതാണ് സമ്മിശ്രകൃഷിയുടെ വലിപ്പം കൂട്ടുന്നതെന്ന് സജി പറയുന്നു. ഇതിനു പുറമെയാണ് നാടൻ മുട്ടക്കോഴി വളർത്തൽ. പ്രത്യേകം തയാറാക്കിയ കൂട്ടിൽ വളർത്തുന്ന കോഴികളെ വില്പനയ്ക്കായി കച്ചവടക്കാർക്ക് ഓർഡറനുസരിച്ച് നൽകാറുണ്ട്. ബ്രോയിലർ ഇറച്ചിക്കോഴികളെ വളർത്താറില്ലെന്നും സജി പറയുന്നു.
റംബുട്ടാൻ, മാംഗോസ്റ്റിൻ, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിവയിൽ പുത്തൻ പരീക്ഷണത്തിനു തയാറായി തന്നെയാണ് സജിയിപ്പോൾ. പ്രദേശത്ത് അപൂർവമായ കൂവകൃഷിയുടെ വിജയഗാഥ തന്നെയാണ് ഈ കൃഷികളിലും സജി പ്രതീക്ഷിക്കുന്നത്. മണ്ണിനൊപ്പം ചേർന്നുനിന്നാൽ വൈറ്റ്കോളർ ജോലിയില്ലാതെതന്നെ ജീവിതം ധന്യമാക്കാമെന്നാണ് പുതുതലമുറയ്ക്കു സജി നൽകുന്ന സന്ദേശം.