പ്രതീകാത്മക ചിത്രം
ജൂലൈ 27ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം പുറപ്പെടുവിച്ച ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരേ ആക്ഷേപങ്ങളും പരാതികളും അറിയിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. ജനങ്ങളുടെ കിടപ്പാടങ്ങളും കൃഷിഭൂമികളും അന്തിമ വിജ്ഞാപനത്തിലൂടെ വനഭൂമിയുടെ ഭാഗമായി മാറുകയോ ഇഎസ്എയിൽ പെടുകയോ ചെയ്താൽ കർഷകരുടെ ഭൂമിയിൽ വനനിയമം ബാധകമാകുന്ന വിധത്തിൽ സംഭവിക്കാവുന്ന അപകടങ്ങൾ ഒഴിവാക്കിയെടുക്കുന്നതിന് അടിയന്തര ഇടപെടലുകൾ ആവശ്യമാണ്. കരട് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ളതുപോലെ തിരുത്തലുകളും വിശദീകരണങ്ങളും ആക്ഷേപങ്ങളും 25നു മുമ്പ് പോസ്റ്റൽ ആയിട്ടോ മെയിൽ വഴിയോ സമർപ്പിക്കണം.
ഗുരുതര വീഴ്ചകളും വേണ്ട തിരുത്തലുകളും
ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി സംസ്ഥാന സർക്കാർ നൽകിയ ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 131 വില്ലേജുകളിലെ വനമായി, കരടിൽ രേഖപ്പെടുത്തിയിരിക്കുന്ന 9993.7 ചതുരശ്രകിലോമീറ്റർ (9107 വനവും 886.7 വനേതരവും) എന്ന വനവിസ്തൃതിയിലെ തെറ്റ് അടിയന്തരമായി തിരുത്തണം. വനംവകുപ്പിന്റെ ഔദ്യോഗിക രേഖ അനുസരിച്ച്, കേരളത്തിലെ ആകെ വനംവിസ്തൃതി 9107ചതുരശ്ര കിലോമീറ്ററാണ്. എന്നാൽ ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ ഈ ആകെ വനവിസ്തൃതി ഇഎസ്എയിൽ ഉൾപ്പെട്ട 123 (ഇപ്പോൾ 131) വില്ലേജുകളിലെ വിസ്തൃതിയായി രേഖപ്പെടുത്തിയിരിക്കുന്നു. യഥാർഥത്തിൽ ഈ 123 വില്ലേജുകളിലെ വനവിസ്തൃതി 7595.67 ചതുരശ്രകിലോമീറ്റർ മാത്രമാണ്. ഈ അടിസ്ഥാനപരമായ തെറ്റ് അടിയന്തരമായി തിരുത്തി നൽകണമെന്നതാണ് കേരളത്തിലെ മലയോരജനതയുടെ പ്രധാന ആവശ്യം. ഉമ്മൻ കമ്മിറ്റിക്ക് പറ്റിയ ഈ തെറ്റ്, കേരളത്തിലെ വനം വകുപ്പും പരിസ്ഥിതി മന്ത്രാലയവും വ്യക്തമായി മനസിലാക്കിയിട്ടും സമ്മതിച്ചിട്ടും തിരുത്തപ്പെടുന്നില്ല. ഈ തെറ്റായ വന വിസ്തീർണത്തിന്റെ (9993.7 ചതുരശ്ര കിലോമീറ്റർ എന്ന തെറ്റ്) ചുവടുപിടിച്ച് വീണ്ടും കേരളം പുതിയ പുതിയ റിപ്പോർട്ടുകൾ ഉണ്ടാക്കി കേന്ദ്രത്തിന് അയച്ചു കൊടുത്തുകൊണ്ടിരിക്കുകയാണ്.
കേരളവും ഇഎസ്എയിലെ റവന്യു വില്ലേജുകളും
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ റവന്യു വില്ലേജ് ഇഎസ്എ പ്രഖ്യാപനത്തിൽ അടിസ്ഥാന ഘടകമായി പരിഗണിക്കാൻ പാടില്ല. മുഴുവൻ വില്ലേജുകളിലെയും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എപരിധിയിൽനിന്ന് ഒഴിവാക്കണം. റവന്യു വില്ലേജിന്റെ പേരിൽ ഇഎസ്എ അറിയപ്പെടരുത്. അഥവാ സൗകര്യത്തിനു വേണ്ടി റവന്യു വില്ലേജിന്റെ പേരിലാണ് ഇഎസ്എ അന്തിമ വിജ്ഞാപനത്തിൽ അറിയപ്പെടുന്നതെങ്കിൽ, ആ വില്ലേജിലെ റവന്യു ഭൂമിയിൽ ഇഎസ്എ നിയമങ്ങൾ ബാധകമല്ല, മറിച്ച് വനമേഖലയിലും സംരക്ഷിത മേഖലയിലും മാത്രമേ നിയമങ്ങൾ ബാധകമായിട്ടുള്ളൂ എന്ന് കൃത്യമായി അന്തിമ വിജ്ഞാപനത്തിൽ രേഖപ്പെടുത്തണം.
അന്തിമ വിജ്ഞാപനത്തിൽ പെടുത്തേണ്ട വനമേഖലയുടെയും സംരക്ഷിത മേഖലയുടെയും കൃത്യമായ ജിയോ കോർഡിനേറ്റ് മാപ്പ്, ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കി, അടിയന്തരമായി തയാറാക്കി സംസ്ഥാനം കേന്ദ്ര വനം-പരിസ്ഥിതിവകുപ്പിന് നൽകണം, ഒപ്പം പരാതികൾ അയയ്ക്കാൻ ഈ മാപ്പ് , ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ജനങ്ങൾക്ക് ലഭ്യമാക്കണം. 12 വർഷമായിട്ടും ഇഎസ്എ ഏരിയയുടെ കൃത്യമായ മാപ്പ് കേന്ദ്രത്തിന് സമർപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്. മറ്റു സംസ്ഥാനങ്ങളുടെ മാപ്പുകളും അനുബന്ധ രേഖകളും കരടുവിജ്ഞാപനത്തിൽ ചേർക്കുമ്പോൾ എന്തുകൊണ്ട് കേരളത്തിന്റേതില്ല . ഉത്തരവാദപ്പെട്ടവർ മറുപടി പറയണം.
ഇനിയും ലഭ്യമാക്കാത്ത റിപ്പോർട്ടിന്റെ നിഗൂഢത
ഇക്കാര്യങ്ങളൊക്കെ ഇപ്പോഴത്തെ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ അതിനെ ലാഘവബുദ്ധിയോടെ കാണുകയും കഴിഞ്ഞ സർക്കാരിന്റെ 98 വില്ലേജുകളും 8590 ചതുരശ്ര കിലോമീറ്റർ ഇഎസ്എ ഏരിയയും എന്ന തെറ്റായ റിപ്പോർട്ട് ഇപ്പോഴത്തെ സർക്കാരിന്റെയും റിപ്പോർട്ട് ആക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയവും വനംവകുപ്പും തുറന്നു സമ്മതിക്കുന്ന ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ തെറ്റ് തിരുത്താൻ അല്ല കഴിഞ്ഞ സർക്കാരുകളെപ്പോലെ ഈ സർക്കാരും ശ്രമിക്കുന്നത്. പകരം ചില അവിശുദ്ധ കൂട്ടുകെട്ട് വഴി ,123 വില്ലേജുകളിലെ 7590 ചതുരശ്രകിലോമീറ്റർ യഥാർഥ ഫോറസ്റ്റ് വിസ്തീർണം എന്നത്, 98 വില്ലേജുകളിലെ 8590 ചതുരശ്ര കിലോമീറ്റര് എന്ന റിപ്പോർട്ട്തന്നെ അംഗീകരിച്ച് നൽകി ഈ വില്ലേജുകളിലെ ജനങ്ങളെ മാത്രം ബലിയാടാക്കാനുള്ള ശ്രമം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ലോകരാജ്യങ്ങൾ ഡി ലിസ്റ്റ് ചെയ്യുമ്പോൾ...
വേൾഡ് ഹെറിറ്റേജ് സൈറ്റ് പ്രഖ്യാപനം വഴി വന്ന ഇഎസ്എ നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധിയെ മനസിലാക്കി ജർമനി, യുകെ തുടങ്ങിയ പല രാജ്യങ്ങളും ലോക പൈതൃക പദവിയിൽനിന്നുതന്നെ തങ്ങളുടെ പ്രദേശങ്ങളെ ഡിലിസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് (ഉദാ: ഡ്രെസ്ഡൺ എൽബി വാലി ജർമനി, ലിവർപൂൾ മാരിടൈം മാർക്കന്റൈൽ സിറ്റി യുകെ) ഇവിടെ പശ്ചിമഘട്ടം സംരക്ഷിക്കാൻ എന്ന വ്യാജേന കേരളത്തിലെ പശ്ചിമഘട്ടത്തിൽ പെടുന്ന വനം ഉൾപ്പെടുന്ന 443 വില്ലേജുകളിൽനിന്ന് കേവലം 98 വില്ലേജുകളെ മാത്രം തെരഞ്ഞെടുത്ത്, അവിടത്തെ 25 ലക്ഷത്തിലധികം വരുന്ന ജനങ്ങളെ ഇഎസ്എ യുടെ പേരിൽ ബലി കൊടുക്കുന്നത്.
കസ്തൂരി രംഗനും ഉമ്മൻ കമ്മിറ്റിയും ശിപാർശ ചെയ്ത 123 വില്ലേജുകളുടെ ആകെ വിസ്തൃതി 12,915.67 കിലോമീറ്റർ ആണ് എന്നോർക്കണം. അതിൽപെടുന്ന 9993.6 ചതുരശ്ര കിലോമീറ്ററും കരട് വിജ്ഞാപനം വഴി ഇഎസ്എയിൽ പെടുത്തിയിരിക്കുകയാണ്. ബാക്കി കേവലം 2923 കിലോമീറ്റർ ആണ് അതിൽനിന്ന് ഒഴിവ് നൽകിയിട്ടുള്ളത്. അവിടെയാണത്രേ ഈ 123 വില്ലേജുകളിലെ 25 ലക്ഷം ജനങ്ങളും വസിക്കുന്നത്. എന്തൊരു വിരോധാഭാസമാണിത്.
കരട് വിജ്ഞാപനത്തിലെ കരട്
ഒരുപക്ഷേ അതുകൊണ്ടാവാം ഉമ്മൻ കമ്മിറ്റിയെ വച്ച് നടത്തിയ ഫിസിക്കൽ വെരിഫിക്കേഷൻ റിപ്പോർട്ട് അനുസരിച്ചുള്ള ഇഎസ്എ ഏരിയയും 2024 മുതൽ 123 വില്ലേജുകളിൽ വിഭജിക്കപ്പെട്ട എട്ടു വില്ലേജുകളുടെ എണ്ണം കൂട്ടിച്ചേർത്ത് 131 വില്ലേജുകൾ എന്ന ഇപ്പോഴത്തെ വില്ലേജുകളും കേന്ദ്ര സർക്കാർ 2026ലെ കരടിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുബന്ധമായ മറ്റു വിശദീകരണങ്ങളോ, രേഖകളോ, മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തിൽ ചെയ്തിരിക്കുന്നതുപോലെ, കേരളത്തിന്റെ കാര്യത്തിൽ, കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്താതെ പോയതും കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകളിലെ വൈരുധ്യം കാരണമാകാം. തെറ്റ് മനുഷ്യസഹജമാണ്. എന്നാൽ തെറ്റ് തിരുത്തുന്നതാണ് വിവേകം. സംസ്ഥാന സർക്കാർ ഈ വിവേകം കാട്ടുമെന്നു പ്രതീക്ഷിക്കാം.
കൃത്യമായ ഇഎസ്എ മാപ്പും മേൽപ്പറഞ്ഞ തിരുത്തലുകൾക്ക് ആവശ്യമായ സർക്കാർ കമന്റുകളും ഉൾച്ചേർത്ത സംസ്ഥാനസർക്കാരിന്റെ അന്തിമറിപ്പോർട്ട് ചീഫ് സെക്രട്ടറി വഴി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ എത്തിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ അടിയന്തരമായി നിറവേറ്റണം. അല്ലെങ്കിൽ അത് വലിയ ജനവഞ്ചനയാകും. കരട് വിജ്ഞാപനം എത്രയും പെട്ടെന്ന് മലയാളത്തിൽ ലഭ്യമാക്കുകയും വേണം.
അടിസ്ഥാനപരമായി 9107 ചതുരശ്ര കിലോമീറ്റര് ഫോറസ്റ്റ് 123 വില്ലേജുകളിൽ ഇല്ല. അത് കേവലം 7590 ചതുരശ്ര കിലോമീറ്ററാണ്. 98 വില്ലേജുകളിൽ തന്നെ 8560 ചതുരശ്ര കിലോമീറ്റർ ഇഎസ്എയിൽ ഉൾപ്പെടുത്താവുന്ന വനമേഖലകളും സംരക്ഷിത മേഖലകളും ഉണ്ടെന്ന സർക്കാരിന്റെ കണ്ടെത്തൽ വിചിത്രമാണ്. അത് വീണ്ടും ദുരന്തത്തിലേക്ക് നയിക്കും. ഉമ്മൻ കമ്മിറ്റിക്ക് പറ്റിയ തെറ്റ് തിരുത്തിക്കൊണ്ടു വേണം സർക്കാർ പുതിയ റിപ്പോർട്ട് നൽകാൻ.
മുൻ സർക്കാരിന്റെ റിപ്പോർട്ട് എടുത്ത് ‘പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ’ ആക്കാൻ നോക്കരുത്. 38,863 ചതുരശ്രകിലോമീറ്റർ കേരളത്തിന്റെ ആകെ വിസ്തൃതിയാണ്. അതിൽ 29651 ചതുരശ്ര കിലോമീറ്റർ പശ്ചിമഘട്ട താലൂക്കുകളിൽ പെടുന്നതാണ്. അതിനാൽതന്നെ 443 ഫോറസ്റ്റ് വില്ലേജുകൾ ഉൾപ്പെടുന്ന പശ്ചിമഘട്ട മേഖലയിൽനിന്ന് 98 വില്ലേജുകളെ മാത്രം പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ എന്ന പേരിൽ ഇതിൽ ഉൾപ്പെടുത്തുന്നതിലെ സാംഗത്യം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. അതുകൊണ്ടുതന്നെ ആവശ്യമെങ്കിൽ 443 വില്ലേജുകളിലെയും വനം മാത്രം ഇഎസ്എയിൽ പെടുത്തണമെങ്കിൽ, ഉൾപ്പെടുത്തി നൽകാനാണ് സർക്കാർ റിപ്പോർട്ട് തയാറാക്കേണ്ടത്.
2014-2026 കാലഘട്ടങ്ങളിലെ ഇഎസ്എ വിഷയത്തിൽ കേരള സർക്കാരിന്റെ റിപ്പോർട്ടുകളിലെ വൈരുദ്ധ്യം അത്ഭുതപ്പെടുത്തുന്നതാണ്. ഇഎസ്എ പരിധിയിൽ വരുന്ന, ഇഎസ്എ ഏരിയയുടെ വിസ്തീർണത്തിലുംവില്ലേജുകളുടെ എണ്ണത്തിലും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ വിവിധ റിപ്പോർട്ടുകളിൽ കാണുന്ന അവ്യക്തത ചൂണ്ടിക്കാണിക്കുന്നത് സംസ്ഥാന സർക്കാരിന്റെ വീഴ്ചകളാണ്.
അതായത് സംസ്ഥാന സർക്കാരിൽനിന്ന് വിവിധ ഘട്ടങ്ങളിൽ നൽകിയിരിക്കുന്ന റിപ്പോർട്ടുകളിൽ എല്ലാംതന്നെ വ്യത്യസ്ത വില്ലേജുകളും ഇഎസ്എ വിസ്തീർണവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരിടത്തും ഉമ്മൻ കമ്മിറ്റിക്ക് പറ്റിയ തെറ്റ് തിരുത്താൻ തയാറായിട്ടില്ല.
Tags : ESA Government Correct Mistake Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash