പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: സന്നദ്ധസംഘടനകള്‍ വിദേശസംഭാവന സ്വീകരിക്കുന്നതു നിയന്ത്രിക്കുന്നതിനുള്ള എഫ്സിആര്‍എ ബില്ലിൽ (ഫോറിന് കോൺട്രിബ്യൂഷണ് റെഗുലേഷന് ആക്ട്) അന്തിമ തീരുമാനത്തിനായി രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ (ജെപിസി) കേരളത്തില്‍നിന്ന് ആന്റോ ആന്റണിയും (കോണ്‍ഗ്രസ്) ഇ.ടി. മുഹമ്മദ് ബഷീറും( മുസ്ലിം ലീഗ്) സി. സദാനന്ദനും (ബിജെപി) ഇടംപിടിച്ചു.
ബിജെപിയുടെ സഞ്ജയ് ജയ്സ്വാള്‍ ആണ് 31 അംഗ സമിതിയുടെ തലവന്‍. ലോക്സഭയില്‍നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍നിന്ന് പത്തുപേരും സമിതിയിലുണ്ട്.
ബിജെപിയുടെ 14 പേരെയാണ് സമിതിയിൽ ഉൾപ്പെടുത്തിയത്. കോണ്‍ഗ്രസ് (അഞ്ച്) ജെഡിയു, ടിഎംസി, ഡിഎംകെ (രണ്ട് അംഗങ്ങള്‍ വീതം) എസ്പി, മുസ്ലിം ലീഗ്, ശിവസേന, എന്‍സിപി (എസ്പി) എന്‍സിപി, ടിഡിപി (ഓരോ അംഗങ്ങള്‍ വീതം) എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ അംഗങ്ങൾ.
ബിജെപിയിൽനിന്ന് ചെയർമാനു പുറമേ ഭര്‍തൃഹരി മഹ്താബ്, തേജസ്വി സൂര്യ, കമലേഷ് ജംഗ്ഡെ, മുകേഷ്കുമാര്‍ ചന്ദ്രകാന്ത് ദലാല്‍, നിഷികാന്ത് ദുബെ, വിഷ്ണു ദയാല്‍ റാം, അനന്ത നായക്, അരവിന്ദ് ധര്‍മപുരി എന്നിവരാണ് ലോക്സഭയില്‍ നിന്നുള്ള പ്രതിനിധികൾ.
ആന്റോ ആന്റണിക്കു പുറമേ ക്യാപ്റ്റന്‍ വിരിയാറ്റോ ഫെര്‍ണാണ്ടസ്, മുഹമ്മദ് ഹംദുള്ള സയീദ്, കാളി ചരണ്‍ മുണ്ട എന്നിവരാണ് കോൺഗ്രസ് അംഗങ്ങൾ. സിയ ഉര് റഹ്മാന് (എസ്പി), കല്യാണ്‍ ബാനര്‍ജി (തൃണമൂല്‍), എ രാജ (ഡിഎംകെ), ലവു ശ്രീകൃഷ്ണ ദേവരായലു (ടിഡിപി), നരേഷ് ഗണ്‍പത് മഹസ്കെ (ശിവസേന), കൗശലേന്ദ്ര കുമാര്‍ (ജെഡിയു), സുപ്രിയ സുലെ (എന്‍സിപിഎസ്പി), ഇ.ടി. മുഹമ്മദ് ബഷീര്‍ (മുസ്ലിം ലീഗ്) എന്നിവരാണ് മറ്റ് ലോക്സഭയിൽ നിന്നുള്ള മറ്റ് അംഗങ്ങൾ.
രാജ്യസഭയില്‍നിന്ന് ബിജെപിയുടെ സി. സദാനന്ദന് മാസ്റ്റര്‍, ഹര്‍ഷ് വര്ധന് ശ്രിംഗ്ല, ഉജ്ജ്വല്‍ ദിയോറാവു നികം, അല്‍ക ഗുര്‍ജാര്‍, സത് പോള്‍ ശര്‍മ എന്നിവരും ജെപിസിയിൽ ഇടംപിടിച്ചു.
പ്രഫുല്‍ പട്ടേല്‍ (എന്‍സിപി), സഞ്ജയ് കുമാര്‍ ഝാ (ജെഡിയു), ക്രിസ്റ്റഫര്‍ മാണിക്കം (കോണ്‍ഗ്രസ്), മേനക ഗുരുസ്വാമി (ടിഎംസി), പി. വില്‍സണ്‍ (ഡിഎംകെ) എന്നിവരാണ് രാജ്യസഭയില്‍നിന്നുള്ള മറ്റ് അംഗങ്ങള്‍.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ തുടക്കത്തിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) വിടാനുള്ള പ്രമേയം കഴിഞ്ഞമാസം 12നു ലോക്സഭ പാസാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെയും സന്നദ്ധ സംഘടനകളെയും ലക്ഷ്യം വയ്ക്കുന്നു എന്നതിന്റെ പേരില്‍ കടുത്ത എതിർപ്പുയർന്നതോടെയാണ് വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്‍ (2026) ജെപിസിക്കു വിടാന്‍ തീരുമാനിച്ചത്.
Tags : JPCMembers FCRABill AntoAntony MuhammedBasheer CSadanadan