Kerala
കേരളം ആകാംക്ഷയോടെയും ആശങ്കയോടെയും കാത്തിരുന്ന രാഷ്ട്രീയ നാടകത്തിന്റെ അവസാനരംഗത്തിലെ ജനാഭിലാഷ മാറ്റത്തിനു പിന്നിൽ പതിവുരീതികളിൽനിന്നു മാറാനും പൊതുവികാരം ഉൾക്കൊള്ളാനുമുള്ള രാഹുൽ ഗാന്ധിയുടെ മികവും. ഒപ്പം യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന്റെ കനത്ത സമ്മർദവും കേരളത്തിലെ പൊതുവികാരത്തെക്കുറിച്ച് മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ കൃത്യമായ ഫീഡ്ബാക്കും നേരത്തേ നിശ്ചയിച്ച കെ.സി. വേണുഗോപാലിനു പകരം വി.ഡി. സതീശനെ നായകനാക്കുന്നതില്‍ നിർണായകമായി.
നിയമസഭാകക്ഷിയിൽ ഭൂരിപക്ഷമുള്ള വേണുഗോപാലിനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തിരുന്നു. തീരുമാനം മാറ്റാൻ തയാറാകാതിരുന്ന രാഹുലും ഖാർഗെയും ബുധനാഴ്ച ഉച്ചകഴിഞ്ഞാണു മാറിച്ചിന്തിച്ചത്. കെപിസിസി മുൻ പ്രസിഡന്റുമാരായ വി.എം. സുധീരനും കെ. മുരളീധരനും ഡൽഹിയിലെത്തി രാഹുലുമായി നടത്തിയ വിശദമായ ചർച്ചയിൽ വേണുഗോപാലിനെതിരേ ഒരു വിഭാഗം പ്രവർത്തകർക്കുള്ള എതിർപ്പും സതീശനുള്ള വലിയ ജനപിന്തുണയും ബോധ്യപ്പെടുത്തി. മുസ്ലിം ലീഗിന്റെ സമ്മർദത്തെ തുടർന്ന് രാഹുലുമായി പ്രിയങ്ക ഗാന്ധി നടത്തിയ കൂടിയാലോചനയും സതീശന്റെ ഭാഗ്യമായി. സോണിയാ ഗാന്ധിയും അനുകൂലിച്ചു.
യുഡിഎഫിന് വന്പൻ ജയം സമ്മാനിച്ച കേരള ജനതയുടെ പൊതുവികാരവും പിന്തുണയും സതീശനാണെന്ന തിരിച്ചറിവ് രാഹുലിന് ഉണ്ടായതായിരുന്നു പ്രധാനം. കോണ്‍ഗ്രസ് അനുകൂലികൾക്കു പുറമെ സതീശനു ലഭിച്ച സ്വീകാര്യത ഹൈക്കമാൻഡിനെ വിസ്മയിപ്പിച്ചു.
ജാതി, മത ശക്തികളുടെ സമ്മർദങ്ങൾക്കെതിരേ സ്വീകരിച്ച കർശന നിലപാടുകളും കേരള നിർമിതിക്കായുള്ള ദീർഘവീക്ഷണവും പുതിയ കാഴ്ചപ്പാടും പദ്ധതികളും അടക്കമുള്ള മികച്ച പ്രതിച്ഛായ സതീശന് അനുകൂലമായി. സിപിഎമ്മിനും ബിജെപിക്കുമെതിരേയുള്ള കരുത്തനായ പോരാളിയെന്നതും സതീശനു നേട്ടമായി. സംസ്ഥാനത്താകെ ന്യൂനപക്ഷ വോട്ടർമാർ യുഡിഎഫിനു നൽകിയ പിന്തുണയുടെ പശ്ചാത്തലത്തിൽ, സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ലീഗിന്റെ നിലപാടിനു സാധുതയേറി.
കോണ്‍ഗ്രസ് നിയമസഭാകക്ഷിയിലെ എംഎൽഎമാരുടെ പിന്തുണയെ മറികടന്നുള്ള രാഹുൽ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും തീരുമാനം, കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയത്തിലെ ദീർഘകാല രാഷ്ട്രീയ സന്ദേശമുള്ള ഗെയിം ചേഞ്ചറായി.
പതിനൊന്നു ദിവസമായി കേരളത്തിലും ഡൽഹിയിലും തുടർന്ന നാടകീയ രാഷ്ട്രീയ നീക്കങ്ങളുടെ അവസാന രണ്ടു ദിവസമാണ് അട്ടിമറിയായ സുപ്രധാന തീരുമാനത്തിലെത്തിച്ചത്. ഭൂരിപക്ഷം എംഎൽഎമാരുടെപിന്തുണയും എഐസിസി, കെപിസിസി, ഡിസിസി തലങ്ങളില്‍ വ്യക്തമായ മേൽക്കൈയുമുണ്ടായിരുന്ന രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ വേണുഗോപാലിന് കൈയകലം എത്തിയ മുഖ്യമന്ത്രി പദവിയാണു മലവെള്ളം പോലെ കുതിച്ചെത്തിയ ജനവികാരത്തിൽ ഒലിച്ചുപോയത്.
കേരളത്തിലുണ്ടായ പൊതുവികാരം ഭാവിയിലെ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനു ഗുണകരമാകുമെന്ന് രാഹുൽ കണക്കുകൂട്ടി. താഴെത്തട്ടിൽ വരെ സതീശനുള്ള പിന്തുണ, സഖ്യകക്ഷികളുടെ നിലപാട്, പൊതുജനാഭിപ്രായം എന്നിവയുടെ സംയോജനം സതീശന് അനുകൂലമായി.
പതിവു രീതികൾ തിരുത്തിയില്ലെങ്കിൽ ജനം തിരുത്തിക്കുമെന്ന് രാഹുലിന് ബോധ്യപ്പെട്ടു. ഹൈക്കമാൻഡ് പ്രതിനിധിയെ അടിച്ചേൽപിക്കുന്നതിനെതിരേ കോണ്‍ഗ്രസ് പ്രവർത്തകർക്കുള്ള അമർഷവും വൈകാരിക പ്രതിഷേധവും പൊട്ടിത്തെറിയിലേക്കും പാർട്ടിയുടെ തകർച്ചയിലേക്കും വഴിതെളിക്കുമെന്നതു രാഹുലിനെ മാറിച്ചിന്തിപ്പിച്ചു. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ പാർലമെന്റിലേക്കും നിയമസഭയിലേക്കും ഉപതെരഞ്ഞെടുപ്പുകൾ അടിച്ചേൽപിക്കേണ്ടി വരുമെന്നതു തീരുമാനത്തെ സ്വാധീനിച്ചു. ജനകീയനായ സതീശനെ ഒഴിവാക്കിയാലുണ്ടാകാവുന്ന ജനരോഷം ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുകളും പ്രധാനമായി.
ലോക്സഭാംഗമായ വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനെ ഒരു വിഭാഗം പ്രവർത്തകർ എതിർത്തതു ഹൈക്കമാൻഡിനു അപ്രതീക്ഷിത തിരിച്ചടിയായി. മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തിൽ തന്നെ മൈനസ് ചെയ്തേക്കാൻ വേണുഗോപാൽ നടത്തിയ പ്രസ്താവനയും തിരിച്ചടിച്ചു.
ദിവസം കഴിയുന്തോറും സതീശന്റെ ജനപ്രീതി കൂടിയതും അദ്ദേഹത്തിന്റെ സ്വീകാര്യത സംസ്ഥാനത്താകെ അലയടിച്ചതും പ്രയോജനപ്പെടുത്തണമെന്ന് എഐസിസി നേതൃത്വം കണക്കുകൂട്ടി. കേരളത്തിലെ ഏറ്റവും അംഗീകരിക്കപ്പെട്ട ബഹുജന നേതാവായി സതീശൻ ഉയർന്നതിനു ലഭിച്ച അംഗീകാരം കൂടിയായി ഹൈക്കമാൻഡ് തീരുമാനം.
Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ 26നു നടക്കേണ്ട മത്സരത്തിന്റെ വേദി മാറ്റി.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വേദി മാറ്റുകയായിരുന്നു. ഏപ്രില്‍ 26നാണ് തെരഞ്ഞെടുപ്പ്.
ഏപ്രില്‍ 26നുള്ള മത്സരം ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ വൈകുന്നേരം 3.30നു നടക്കും. മേയ് 21ന് ചെന്നൈയില്‍ നടക്കേണ്ടിയിരുന്ന ഇരുടീമിന്റെയും റിവേഴ്സ് ഫിക്സ്ചര്‍, അമ്മദാബാദിലേക്കും മാറ്റി. രാത്രി 7.30നായിരുന്നു അന്നത്തെ മത്സരം. ബിസിസിഐയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Kerala
കണ്ണൂർ: ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ. തലശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യപേപ്പർ മാറി നൽകിയത്.
ഇന്ന് നടക്കുന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറിനു പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിതരണത്തിനെത്തിച്ചത്.
കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബിആർസിയുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ചോദ്യപേപ്പർ എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഇതോടെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്.
ചോദ്യപേപ്പർ മാറിയത് മനസിലാക്കിയതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷനേതാവിനു സംസാരിക്കാൻ അനുമതി നൽകിയില്ലെങ്കിൽ പ്രധാനമന്ത്രിയെ സഭയിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് പ്രതിപക്ഷ എംപിമാർ. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇന്നലെ വൈകുന്നേരം അഞ്ചിനു നിശ്ചയിച്ചിരുന്നെങ്കിലും പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി സഭയിലെത്തിയില്ല. പ്രതിപക്ഷവുമായി സമവായത്തിലെത്തിയാൽ അദ്ദേഹത്തിന്റെ നന്ദിപ്രസംഗം ഇന്നുണ്ടായേക്കും. കഴിഞ്ഞ രണ്ടു ദിവസമായി ലോക്സഭയിൽ തുടരുന്ന പ്രതിഷേധം ഇന്നലെ പ്രധാനമന്ത്രിയുടെ ലോക്സഭയിലെ ഇരിപ്പിടം വരെയെത്തി.
കോണ്‍ഗ്രസ് വനിതാ എംപിമാരായ വർഷ ഗെയ്ക്വാദ്, ആർ. സുധ, പ്രതിഭ ധാനോർക്കർ, ജ്യോതിമണി തുടങ്ങിയവർ ‘നിങ്ങൾക്ക് എന്താണോ തോന്നുന്നത് അതു ചെയ്യുക’ (ഡൂ വാട്ട് യു തിങ്ക് അപ്രോപ്രിയേറ്റ്) എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ബാനർ പിടിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഇരിപ്പിടം വളഞ്ഞു. ചൈനീസ് ആക്രമണം അറിയിച്ചപ്പോൾ പ്രധാനമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നുവെന്ന കരസേന മുൻ മേധാവിയുടെ ഓർമക്കുറിപ്പിലെ വാചകമാണ് ബാനറിൽ അംഗങ്ങൾ പ്രദർശിപ്പിച്ചത്. മോദി പ്രസംഗിക്കാനെത്തിയാൽ അദ്ദേഹത്തിന്റെ മുഖം മറയ്ക്കുന്ന തരത്തിലാണ് വനിതാ എംപിമാർ ബാനറുമായി അണിനിരന്നത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനാൽ പ്രധാനമന്ത്രി സഭയിലേക്കെത്തിയില്ല. വനിതാ എംപിമാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
രാവിലെ 11ന് സഭ സമ്മേളിച്ചപ്പോൾത്തന്നെ ബഹളത്തെത്തുടർന്ന് സ്പീക്കർ ഓം ബിർള ഉച്ചയ്ക്ക് 12 വരെ സഭാ നടപടികൾ നിർത്തിവച്ചു. പിന്നീട് ചേർന്നപ്പോൾ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ സംബന്ധിച്ച് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വിശദീകരണം നൽകി. അപ്പോഴും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നുണ്ടായിരുന്നു. മോദിയെയും രാജ്നാഥ് സിംഗിനെയും പരിഹസിച്ചുകൊണ്ടുള്ള ബാനർ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ബഹളം. ബഹളത്തെത്തുടർന്ന് രണ്ടാമതും നിർത്തിവച്ച സഭ ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും ചേർന്നപ്പോൾ ബിജെപി അംഗം നിഷികാന്ത് ദുബെ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ഉദ്ധരിക്കുകയും ചെയ്തത് സഭ കൂടുതൽ സംഘർഷഭരിതമാക്കി.
സ്പീക്കറുടെ ചെയറിലുണ്ടായിരുന്നു കൃഷ്ണ പ്രസാദ് ടെന്നട്ടി പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും മൈക്ക് ഓഫ് ചെയ്യാതിരുന്നത് പ്രതിപക്ഷാംഗങ്ങളെ കൂടുതൽ ചൊടിപ്പിച്ചു. രാഹുൽ ഗാന്ധി പുസ്തകത്തെ ഉദ്ധരിക്കുന്പോൾ സഭാചട്ടം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി മൈക്ക് ഓഫ് ചെയ്യുന്ന സ്പീക്കർ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്ന് പ്രതിപക്ഷം പിന്നീട് ആരോപിച്ചു.
ചട്ടം ലംഘിച്ച് ലോക്സഭയിൽ പുസ്തകം പ്രദർശിപ്പിച്ച ദുബെയെ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷം സ്പീക്കറുടെ ചേംബറിലെത്തി ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് രാഹുലിന്റെ പ്രസംഗം പൂർത്തിയാക്കാതെ പ്രധാനമന്ത്രിയെ ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലേക്ക് പ്രതിപക്ഷമെത്തിയത്. ഇരുകൂട്ടരും സമവായത്തിലെത്തിയില്ലെങ്കിൽ വരും ദിവസവും ലോക്സഭ കൂടുതൽ സംഘർഷഭരിതമാകും.
മുൻ സൈനികമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെ ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വരുത്തിയ വീഴ്ച പാർലമെന്റിൽ ചൂണ്ടിക്കാട്ടാൻ രാഹുലിനെ അനുവദിക്കാത്തതാണു സംഭവവികാസങ്ങൾക്കു കാരണം.
District News
കണ്ണൂർ: ഹാൾ ടിക്കറ്റ് തയാറാക്കി നൽകിയതിലെ തെറ്റിനെത്തുടർന്ന് നിരവധി വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനായില്ല. അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ എൻജിനിയറിംഗ് പ്രവേശ പരീക്ഷ എഴുതാനെത്തിയവരാണ് ദുരിതത്തിലായത്. പയ്യന്നൂർ കോറോം എസ്എൻജി കോളജായിരുന്നു പരീക്ഷാകേന്ദ്രം.
എന്നാൽ 45 ഓളം വിദ്യാർഥികൾക്ക് ലഭിച്ച ഹാൾ ടിക്കറ്റിൽ പരീക്ഷാ കേന്ദ്രം കണ്ണൂർ എസ്എൻ കോളജ് എന്നാണ് രേഖപ്പെടുത്തിയത്. ഇതു പ്രകാരം ഇന്നലെ രാവിലെ തോട്ടടയിലെ കണ്ണൂർ എസ്എൻ കോളജിൽ എത്തിയ വിദ്യാർഥികളോട് കോളജിൽ ഇത്തരമൊരു പരീക്ഷ നടക്കുന്നില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
എസ്എൻ കോളജ് അധികൃതർ കോറോത്തെ എസ്എൻജി കോളജുമായി ബന്ധപ്പെട്ടതോടെയാണ് ഹാൾ ടിക്കറ്റ് തയാറാക്കിയതിലെ അബദ്ധം വ്യക്തമാകുന്നത്. കോളജ് മാറി എത്തിയതു കാരണം ഇന്നലെയും ഇന്നും മൂന്നു സമയങ്ങളിലായി നടക്കുന്ന പരീക്ഷയുടെ ആദ്യ ബാച്ചുകാർക്ക് പരീക്ഷയെഴുതാനായില്ല. ഇതിനിടെ വിദ്യാർഥികളും രക്ഷിതാക്കളും അമൃത വിശ്വപീഠം യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടതോടെയാണ് യൂണിവേഴ്സിറ്റി അധികൃതർ ഹാൾ ടിക്കറ്റിലെ പാളിച്ച മനസിലാക്കുന്നത്. ഹാൾ ടിക്കറ്റിലെ തെറ്റുകാരണം പരീക്ഷയെഴുതാനാകാത്തവർക്ക് അവസരം നൽകുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഹയർസെക്കൻഡറി വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന ലാബ് ഫീസ് സർക്കാർ വകമാറ്റാതെ അതേ വിദ്യാർഥിയുടെ ലാബ് സൗകര്യത്തിനായി ഉപയോഗിക്കുന്ന വിധത്തിൽ മാറ്റം വരുത്തണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. അരുണ്‍കുമാറും ജനറൽ സെക്രട്ടറി എസ്. മനോജും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രവേശന സമയത്ത് പ്രാക്ടിക്കലുള്ള ഓരോ വിഷയത്തിനും 50 രൂപ നിരക്കിൽ ലാബ് ഫീസ് ഈടാക്കുന്നുണ്ട്.
എന്നാൽ, തുക വിദ്യാർഥികളുടെ ലാബ് സൗകര്യത്തിനായി വിനിയോഗിക്കാൻ കഴിയുന്നില്ല. പകരം സർക്കാരിന്റെ ജനറൽ റവന്യു ഹെഡിലാണ് അടയ്ക്കേണ്ടത്.
സർക്കാരിന്റെ പൊതു ഫണ്ടിലേക്കു പോകുന്നതിനാൽ ഇതു വിദ്യാർഥികളുടെ ലാബ് സൗകര്യത്തിനായി ഉപയോഗിക്കാനാകുന്നില്ല. പകരം സ്കൂളിന്റെ പിഡി അക്കൗണ്ടിലേക്ക് അടച്ചാൽ കുട്ടികളുടെ ലാബ് സൗകര്യത്തിനായി വിനിയോഗിക്കാനാകും. ഹയർസെക്കൻഡറി പ്രവേശന സമയത്ത് വിദ്യാർഥികളിൽ നിന്ന് കോഷൻ ഡിപ്പോസിറ്റ് പിരിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലി സമയം അഞ്ചു ദിവസമായി നിജപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.