x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രിയേഷ് സാറിന് വെളിച്ചം കണ്ണിലല്ല അറിവിലാണ്

ജെറി എം. തോമസ്
Published: September 5, 2026 02:52 PM IST | Updated: September 5, 2026 02:52 PM IST

ഡോ. സി.യു. പ്രിയേഷ്

കൊച്ചി: കാഴ്ചയില്ലായ്മയുടെ പരിമിതികള്‍ അതിജിവിച്ച് അറിവിന്‍റെ വഴിയില്‍ വിദ്യാര്‍ഥികള്‍ക്ക് വെളിച്ചമാവുകയാണ് പ്രിയേഷ് സാര്‍. എറണാകുളം മഹാരാജാസ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. സി.യു. പ്രിയേഷ് പ്രതിസന്ധികളെ അതിജീവിച്ച് അധ്യാപന വഴിയല്‍ 16 വര്‍ഷം പിന്നിടുമ്പോള്‍ കോളജ് അധ്യാപകനാകണമെന്ന അമ്മയുടെ ആഗ്രഹം സഫലമാക്കിയതിന്‍റെ തിളക്കം കൂടി ഉണ്ട് ആ കണ്ണുകളില്‍. കാഴ്ച ഇല്ലാത്തത് കുറവായി കണ്ട് പിന്നോട്ട് നടക്കാനല്ല, പുതിയ കാലത്തിന്‍റെ മാറ്റങ്ങളടക്കം ഉള്‍ക്കൊണ്ട് ജെന്‍സിക്കൊപ്പം മുന്നോട്ട് നടക്കാനാണ് പ്രിയേഷിന് ഇഷ്ടം.

വെല്ലുവിളി നിറഞ്ഞ അധ്യാപന ജോലി മറ്റാരെക്കാളും ആസ്വദിച്ചാണ് പ്രിയേഷ് ചെയ്യുന്നത്. ക്ലാസെടുക്കും മുമ്പ് ലാപ്ടോപ്പില്‍ സ്‌ക്രീന്‍ റീഡര്‍ ഉപയോഗിച്ച് പാഠഭാഗങ്ങള്‍ വായിച്ച് മുന്നൊരുക്കം നടത്തും. വിദ്യാര്‍ഥികളിലൊരാള്‍ എന്നപോലെ അവരുടെ പള്‍സ് അറിഞ്ഞ് ക്ലാസ് മുറിയിലെത്തുന്നതോടെ മറ്റെല്ലാവരെപ്പോലെയുള്ള അംഗീകാരം തനിക്കും കിട്ടുന്നുണ്ടെന്ന് പ്രിയേഷ് പറയുന്നു. അധ്യാപന ജീവിതത്തില്‍ തന്‍റെ പരിമിതിയെ പരിഹസിക്കുന്ന തരത്തില്‍ ഏതാനും ചില വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടായ മോശം പ്രവര്‍ത്തനം വിവാദമായതോടെ തന്‍റെ വിദ്യാര്‍ഥികളുടെ കണ്ണുതുറക്കാനായി അവര്‍ക്ക് മാപ്പ് നല്‍കുന്ന സമീപനവും പ്രിയേഷിനെ വ്യത്യസ്തനാക്കിയിട്ടുണ്ട്. നിലവില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഗവേഷക വിദ്യാര്‍ഥികളുടെ ഗൈഡായും എംജി യൂണിവേഴ്സിറ്റി അംഗീകരിച്ചിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ചുരുക്കം ചില അധ്യാപകരില്‍ ഒരാളാണ് പ്രിയേഷ്.

നാലാം വയസില്‍ പനി മൂലം കാഴ്ച നഷ്ടപ്പെട്ട പ്രിയേഷ് 2003ല്‍ മഹാരാജാസ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് ബിഎ പാസായത്. 2003-04 കാലഘട്ടത്തില്‍ കോളജ് യൂണിയന്‍ ചെയർമാനായിരുന്നു. 2005ല്‍ രണ്ടാം റാങ്കോടെ എംഎ പാസായി. 2010ല്‍ തൃശൂര്‍ കേരള വര്‍മ കോളജില്‍ അധ്യാപകനായി ചേര്‍ന്ന പ്രിയേഷ് 2011ല്‍ ആണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. കൊയിലാണ്ടി, ചാലക്കുടി കോളജുകളില്‍ സേവനത്തിനു ശേഷം 2013ലാണു മഹാരാജാസില്‍ അധ്യാപകനായി എത്തുന്നത്. 2016 ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷി ഉദ്യോഗസ്ഥനുള്ള സാമൂഹിക ക്ഷേമ വകുപ്പിന്‍റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കാഴ്ചയില്ലാമയുടെ പരിമിതികള്‍ മറികടന്ന് 2020ല്‍ പിഎച്ച്ഡിയും നേടി. നോണ്‍ ഗവണ്‍മെന്‍റൽ ഓര്‍ഗനൈസേഷന്‍സ്, സോഷ്യല്‍ ജസ്റ്റീസ് ആന്‍ഡെസ്റ്റിറ്റിയൂഡ് ചില്‍ഡ്രന്‍ ഇന്‍ കേരള എന്ന വിഷയത്തിലാണ് എംജി സര്‍വകലാശാല പിഎച്ച്ഡി നല്‍കിയത്.

അധ്യാപന വഴിയില്‍ വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയായ പ്രിയേഷിന് ഇന്ന് സമൂഹത്തിന്‍റെ വിവിധ മേഖലകളിലടക്കം നൂറുകണക്കിന് ശിഷ്യ സമ്പത്തുണ്ട്. വൈപ്പിന്‍ പനമ്പുകാട് സ്വദേശിയാണ. ഭാര്യ: കെ.ടി. അശ്വനി. മക്കള്‍: തീര്‍ത്ഥ പ്രിയേഷ്, പാര്‍ത്ഥിപ് പ്രിയേഷ്.

Tags : Priyesh Knowledge. Teacher College Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up