ബിഷപ് ഡോ. ജെറോം മരിയ ഫെര്‍ണാണ്ടസ്
ഇന്ത്യയിലെ ആദ്യ കത്തോലിക്ക രൂപയാണു കൊല്ലം. കൊല്ലം ബിഷപ് എന്ന നിലയില്‍ കേരളത്തിലെ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ഡോ. ജെറോം മരിയ ഫെര്‍ണാണ്ടസ്. കൊല്ലം രൂപതയിലെ ആദ്യത്തെ ഇന്ത്യന്‍ ബിഷപ്പെന്നനിലയില് അദ്ദേഹം കേരളത്തിലെ ലാറ്റിന്‍ കത്തോലിക്കാ സമൂഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു.
'എളിയവരുടെ പിതാവ്' എന്ന വിശേഷണത്തിന് അര്‍ഹനായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും വിശ്വാസം, വിദ്യാഭ്യാസം, സാമൂഹിക സേവനം, സ്ഥാപനനിര്മാണം എന്നിവ ചേര്‍ന്ന ഒരു ദീര്‍ഘമായ പൈതൃകമായി ഇന്നും ഓര്‍മിക്കപ്പെടുന്നു.
സാധാരണക്കാരുടെ ഉന്നമനത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് വിശ്വസിച്ചിരുന്ന ഡോ. ജെറോം മരിയ ഫെര്‍ണാണ്ടസ്, കൊല്ലം രൂപതയെ കേരളത്തിലെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
ആരംഭകാല ജീവിതം
ജെറോം മരിയ ഫെര്‍ണാണ്ടസ് 1901 സെപ്റ്റംബര്‍ എട്ടിന് കൊല്ലം ജില്ലയിലെ കോയിവിളയില്‍ ജനിച്ചു. മതപരമായും വിദ്യാഭ്യാസപരമായും മുന്നോട്ടുപോകാന്‍ സഹായിക്കുന്ന ഒരു കുടുംബപരിസരത്തിലാണ് അദ്ദേഹം വളര്‍ന്നത്. കുട്ടിക്കാലം മുതലേ അദ്ദേഹം സഭാ ജീവിതത്തോടും പഠനത്തോടും പ്രത്യേക താത്പര്യം കാണിച്ചു.
അതിന്റെ ഫലമായി വൈദികജീവിതം അദ്ദേഹം ചെറുപ്പത്തിലേ തെരഞ്ഞെടുത്തു. പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാള്‍ ദിനത്തിലാണ് പിറന്നതെന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം മരിയഭക്തിക്ക് പ്രചോദനമായി. പിന്നീട് ബിഷപ് ആയപ്പോള്‍ "മരിയ' എന്ന നാമം തന്റെ പേരിനോട് ചേര്‍ത്തതും ഈ ഭക്തിയുടെ പ്രതിഫലനമായിരുന്നു.
അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും രൂപീകരണവും സഭയുടെ അന്നത്തെ ആവശ്യങ്ങള്‍ക്കനുസൃതമായി വളര്‍ന്നു. 1915-ല്‍ സെന്റ് റാഫേല്‍സ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം, സെന്റ് അലോഷ്യസ് സ്കൂളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
തുടര്‍ന്ന് സെന്റ് തെരേസാസ് മേജര്‍ സെമിനാരിയില്‍ (ഇന്നത്തെ ഫാത്തിമ കോളജിന്റെ പടിഞ്ഞാറേ വിഭാഗം) ഉപരിപഠനം നടത്തി. ഈ സെമിനാരി കെട്ടിടം നിര്‍മിച്ചത് 1905 മുതല്‍ 1931 വരെ കൊല്ലം ബിഷപ്പായിരുന്ന ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍ ആയിരുന്നു. മലയാളത്തിനോടും കേരളത്തിന്റെ പ്രാദേശിക സംസ്കാരത്തോടും ചേര്‍ന്നുനിന്ന ഒരു വ്യക്തിയായി പിന്നീട് അദ്ദേഹം രൂപപ്പെട്ടു. ഇതാണ് അദ്ദേഹത്തെ വൈദികനെന്നതിനപ്പുറം, ജനങ്ങളോട് അടുത്തുനിന്ന ഒരു സഭാനേതാവായി ഉയര്‍ത്തിയത്.
വൈദിക ജീവിതത്തിലേക്കുള്ള പ്രവേശനം
ജെറോം ഫെര്‍ണാണ്ടസ് വൈദിക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം സഭയുടെ സേവനത്തിലേക്ക് പ്രവേശിച്ചു. 1928 മാര്‍ച്ച് 24-ന് ബിഷപ്പ് അലോഷ്യസ് മരിയ ബെന്സിഗറില്നിന്ന് പൗരോഹിത്യം സ്വീകരിച്ച ജെറോം ഫെര്‍ണാണ്ടസ്, ലാറ്റിനിലും ദൈവശാസ്ത്രത്തിലും അധ്യാപകനായി നിയമിതനായി.
അന്നത്തെ കാലത്ത് നാട്ടുവേരുകളില്നിന്നുള്ള യുവാക്കള്‍ക്ക് സഭയിലെ ഉന്നതസ്ഥാനങ്ങളിലേക്ക് എത്തുക അത്ര സാധാരണമല്ലായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ ഉയര്‍ച്ചതന്നെ ഒരു ചരിത്രമായി. സ്വന്തമായ ഭാഷ, സംസ്കാരം, ജനജീവിതം എന്നിവ മനസിലാക്കിയ ഒരാള്‍ സഭയെ നയിക്കാന്‍ എത്തിയതില്‍ വലിയ പ്രതീകാത്മകതയുണ്ടായിരുന്നു.
1936-ല്‍ സെന്റ് തെരേസാസ് മേജര്‍ സെമിനാരിയിലെ പ്രഫസറായിരുന്ന ഫാ. വിന്‍സെന്റ് ദെരേരെ ഒസിഡി കൊല്ലം ബിഷപ്പായി നിയമിതനായപ്പോള്‍, ഫാ. ജെറോമിനെ തന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ബിഷപ്പായി നിയമനം
ഒരു വര്‍ഷത്തിനുശേഷം, 1937 സെപ്റ്റംബര്‍ 25-ന് മാര്‍പാപ്പ പയസ് പതിനൊന്നാമന്‍ ഫാ. ജെറോം ഫെര്‍ണാണ്ടസിനെ കൊല്ലം രൂപതയുടെ ബിഷപ്പായി നിയമിച്ചു. കൊല്ലം രൂപത വിഭജിച്ച് തിരുവനന്തപുരം രൂപത രൂപീകൃതമായപ്പോള്‍ ബിഷപ്പ് ദെരേരെ തിരുവനന്തപുരം ബിഷപ്പായി നിയമിതനായ ഒഴിവിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം.
1937 ഡിസംബര്‍ 12-ന് ആര്‍ച്ച് ബിഷപ് ജോസഫ് ആറ്റിപ്പേറ്റിയില്നിന്ന് അഭിഷേകം സ്വീകരിച്ച അദ്ദേഹം, ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ രൂപതയായ കൊല്ലത്തിന്റെ ആദ്യ തദ്ദേശീയ ബിഷപ്പായി. അന്ന് കേവലം 36 വയസുമാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം, ലോകത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പുമാരില്‍ ഒരാളായിരുന്നു എന്നത് ശ്രദ്ധേയമാണ്.
1978 വരെ, ഏകദേശം നാല്പത് വര്‍ഷത്തോളം, അദ്ദേഹം ഈ സ്ഥാനത്ത് സേവനം ചെയ്തു. ഈ കാലാവധി രൂപതയുടെ ചരിത്രത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നായി മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൊല്ലം രൂപത ഒരു പരമ്പരാഗത സഭാ ഘടനയായി മാത്രം നിലനില്ക്കാതെ, വിദ്യാഭ്യാസ - ആരോഗ്യ-സാമൂഹിക സേവനങ്ങളുടെ കേന്ദ്രമായി മാറി.

വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍
ബിഷപ് ജെറോമിന്റെ ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നായി വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളെ കാണാം. വിദ്യാഭ്യാസം ഒരു സമൂഹത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിനാല്‍, വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള പഠനം ലഭ്യമാക്കാന്‍ സഹായിക്കുന്ന സ്ഥാപനങ്ങള്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സമൂഹത്തിലെ സാധാരണക്കാരായ കുട്ടികള്‍ക്കും, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
മുന്‍ഗാമികള്‍ തുടങ്ങിവച്ച നവീന വിദ്യാഭ്യാസ സമ്പ്രദായത്തെ കാലത്തിനനുസരിച്ച് വളര്‍ത്തിയും പുതിയ സ്ഥാപനങ്ങള്‍ക്കു നാന്ദികുറിച്ചും കൊല്ലത്തിന്റെ വിദ്യാഭ്യാസ നഭസില്‍ പുതുചരിത്രം സൃഷ്ടിച്ച യുഗപ്രഭാവനാണു ബിഷപ് ജെറോം എന്നു വിശേഷിപ്പിച്ചാലും അതില്‍ അതില്‍ അതിശയോക്തിയില്ല.
ഏറെ പ്രതിബന്ധങ്ങളും പ്രതിസന്ധികളും തരണം ചെയ്താണ് ബിഷപ് ജെറോം, ഫാത്തിമ മാതാ നാഷണല്‍ കോളജിനെ വളര്‍ത്തിയെടുത്തത്. അതിനായി അദ്ദേഹം നാനാജാതി മതസ്ഥരായ പൗരപ്രമുഖരുമായി നിരന്തരം ചര്‍ച്ചകളും സംവാദങ്ങളും നടത്തി. ഇന്നു കേരളത്തിലെതന്നെ മികച്ച കോളജുകളുടെ പട്ടികയില്‍ ഇടംനേടാന്‍ ഫാത്തിമ മാതാ നാഷണല്‍ കോളജിനായി.
സമൂഹത്തില്‍ അധ്യാപകരുടെ പങ്ക് എത്രമാത്രം വലുതാണെന്നു തിരിച്ചറിഞ്ഞ ബിഷപ് ജെറോം, ഭാവിയില്‍ നല്ല അധ്യാപകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാര്‍മല റാണി ട്രെയിനിംഗ് കോളജ് തുടങ്ങിയത്. ഈ സ്ഥാപനങ്ങള്‍ കൊല്ലത്തെയും സമീപപ്രദേശങ്ങളിലെയും യുവാക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങള്‍ തുറന്നു. ഇവയ്ക്കു പുറമെ ഭാരത മാതാ ഐടിഐ, ജ്യോതി നികേതന്‍ വിമന്‍സ് കോളജ്. കൂടാതെ കൊല്ലം രൂപതയിലെ നിരവധി ഹൈസ്കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും ബിഷപ് ജെറോമിന്റെ നേതൃത്വത്തില്‍ ആരംഭിക്കുകയുണ്ടായി.
ആരോഗ്യ സേവനങ്ങളിലെ പങ്ക്
വിദ്യാഭ്യാസത്തിനൊപ്പം ആരോഗ്യരംഗവും ബിഷപ് ജെറോമിന്റെ പ്രധാന ശ്രദ്ധാവിഷയമായിരുന്നു. ഒരു പ്രദേശത്തിന്റെ സാമൂഹ്യവികസനത്തിന് ആശുപത്രികളും പരിശീലന സ്ഥാപനങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം മനസിലാക്കി. കൊല്ലം നഗരത്തിന്റെ മധ്യത്തില്‍ ബീച്ച് റോഡില്‍ 1948-ലാണ് ബിഷപ് ജെറോമിന്റെ നേതൃത്വത്തില്‍ ബിഷപ് ബെന്‍സിഗര്‍ ആശുപത്രി ആശുപത്രി സ്ഥാപിതമായത്.
കൊല്ലം നഗരത്തിലെ ആദ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഒന്നാണിത്. ബിഷപ് ബെന്‍സിഗര്‍ ആശുപത്രിയുടെയും നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വളര്‍ച്ചയ്ക്ക് അദ്ദേഹം നല്കിയ പിന്തുണ നിസിതുലമാണ്. തന്റെ മുന്‍ഗാമിയായിരുന്ന അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവിന്റെ സ്മരണാര്‍ഥമാണ് ഡോ. ജെറോം മരിയ ഫെര്‍ണാണ്ടസ് ഈ ആശുപത്രിക്ക് തുടക്കമിട്ടത്.
സന്യാസിനി സമൂഹത്തിന്റെ സ്ഥാപനം
ബിഷപ് ജെറോമിന്റെ മറ്റൊരു പ്രധാന സംഭാവനയാണ് മിഷണറി സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ ഓഫ് ഇന്‍ഫന്റ് ജീസസ് (എഎസ്എസ്ടി) എന്ന സന്യാസിനി സമൂഹത്തിന്റെ സ്ഥാപനം. ഈ സ്ഥാപനം വഴി സഭയ്ക്ക് കൂടുതല്‍ വനിതാ ആത്മീയ-സാമൂഹിക പ്രവര്‍ത്തകരെ ലഭിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കാരുണ്യ സേവനം, ദരിദ്രസഹായം എന്നിവയില്‍ ഈ സമൂഹം വലിയ പങ്കുവഹിച്ചു. സഭയില്‍ സ്ത്രീകളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും അവര്‍ക്കു സേവനത്തിനുള്ള വേദി ഒരുക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശിത്വത്തിന്റെ ഭാഗമായിരുന്നു.
ആത്മീയ നേതൃത്വവും ജനസമ്പര്‍ക്കവും
ജെറോം ഫെര്‍ണാണ്ടസ് ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച് വിശ്വാസജീവിതത്തെ സജീവമാക്കാനും ജനങ്ങളെ സഭയോട് അടുത്തുകൊണ്ടുവരാനും ശ്രമിച്ചു. പള്ളികളിലും ഇടവകകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കി.
അദ്ദേഹം സഭയെ കര്‍ശനമായ ഭരണസംവിധാനമായി മാത്രം കണ്ടില്ല. മറിച്ച് കരുണ, വിദ്യാഭ്യാസം, സേവനം, മനുഷ്യാഭിമാനം എന്നിവയെ ഉള്‍ക്കൊള്ളുന്ന ഒരു ജീവിക്കുന്ന സമൂഹമായിട്ടാണ് കണ്ടത്. ഇതാണ് അദ്ദേഹത്തിന്റെ നേതൃത്വത്തെ സാധാരണ ഭരണനേതൃത്വങ്ങളില്‍നിന്ന് വേറിട്ടതാക്കിയത്.
വിശുദ്ധജീവിതത്തിന്റെ അംഗീകാരം
2019 ഫെബ്രുവരി 24-ന് ജെറോം ഫെര്‍ണാണ്ടസിനെ ദൈവദാസന് ആയി പ്രഖ്യാപിച്ചു. ഇതിലൂടെ സഭ അദ്ദേഹത്തിന്റെ വിശുദ്ധജീവിതവും സദാചാരപരമായ പൈതൃകവും ഔദ്യോഗികമായി അംഗീകരിക്കുന്ന ഒരു പ്രക്രിയ ആരംഭിച്ചു.
ഇത് സാധാരണയായി ഒരു വ്യക്തിയുടെ ജീവിതം വിശുദ്ധപദവിയിലേക്ക് പരിശോധിക്കുന്ന ആദ്യഘട്ടങ്ങളില്‍ ഒന്നാണ്. ഈ അംഗീകാരം അദ്ദേഹത്തിന്റെ വ്യക്തിത്വം പൊതുവില്‍ എത്രമാത്രം സ്വാധീനമുണ്ടാക്കി എന്നതിന് തെളിവാണ്. സഭ ഒരു ആത്മീയ മാതൃകയായും അദ്ദേഹത്തെ കാണുന്നു.
ചരിത്രപരമായ പ്രാധാന്യം
ജെറോം ഫെര്‍ണാണ്ടസിന്റെ ജീവിതം കേരളത്തിലെ ലാറ്റിന്‍ കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രത്തിലൊരു വഴിത്തിരിവാണ്. കോളനിക്കാലത്ത് വിദേശ മിഷണറിമാര്‍ പ്രധാന സ്ഥാനങ്ങളിലുണ്ടായിരുന്ന സഭാസാഹചര്യത്തില്‍ നാട്ടുകാരനായ ഒരു ബിഷപ് ഉയര്‍ന്നത് വലിയ മാറ്റമായിരുന്നു. ഇത് പ്രാദേശിക നേതൃത്വത്തിനുള്ള വിശ്വാസവും സാധ്യതയും വര്‍ധിപ്പിച്ചു.
അദ്ദേഹത്തിന്റെ കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്നും രൂപതയുടെ വിവിധ സ്ഥാപനങ്ങളില്‍ നിലനില്ക്കുന്നു. ഈ സ്ഥാപനങ്ങള്‍ വഴി അദ്ദേഹത്തിന്റെ ദര്‍ശനം ഇപ്പോഴും സമൂഹത്തെ സേവിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ബിഷപ് ജെറോം ഫെര്‍ണാണ്ടസ് കൊല്ലം രൂപതയുടെ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായി എന്നും നിലനില്ക്കും.
ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസിന്റെ സ്മരണാര്‍ഥം കൊല്ലത്ത് നിരവധി സ്ഥാപനങ്ങള്‍ ഇന്നും നിലനില്ക്കുന്നു. ബിഷപ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട് (വാസ്തുവിദ്യാ കോളജ്), ബിഷപ് ജെറോം നഗര്‍ ഷോപ്പിംഗ് കോംപ്ലക്സ്, ഫാത്തിമ മാതാ നാഷണല്‍ കോളജ് എന്നിവ അവയില്‍ ചിലതു മാത്രം.
അവസാനകാലത്തും പ്രവര്ത്തനനിരതന്
41 വര്‍ഷത്തെ സേവനത്തിനുശേഷം, 1978 ജനുവരി 30-ന് ബിഷപ് ജെറോം രൂപതയുടെ ഭരണച്ചുമതല തന്റെ പിന്‍ഗാമിയായ ജോസഫ് ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന് കൈമാറി. തുടര്‍ന്ന് കൊട്ടിയത്തുള്ള സെന്റ് ജോസഫ്സ് പ്രീസ്റ്റ്സ് ഹോമില്‍ വിശ്രമജീവിതം നയിച്ച അദ്ദേഹം, മരണത്തിനു മൂന്നു വര്‍ഷം മുന്‍പ്വരെ കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ സജീവമായി തുടര്‍ന്നു. 1992 ഫെബ്രുവരി 26-ന് ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസ് നിര്യാതനായി. തങ്കശേരിയിലെ ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു.
തീര്‍ഥാടന കേന്ദ്രമായി കൊട്ടിയം പ്രീസ്റ്റ് ഹോമില്‍ ബിഷപ് ജെറോം താമസിച്ച മുറി
വൈ.എസ്. ജയകുമാര്‍
കൊല്ലം: ദൈവ ദാസന് ബിഷപ് ജെറോം വിരമിച്ചശേഷം ദീര്‍ഘകാലം താമസിച്ച കൊട്ടിയം പ്രീസ്റ്റ് ഹോലെ മുറി ഇപ്പോള്‍ തീര്‍ഥാടന കേന്ദ്രവും സന്ദര്‍ശരുടെ പ്രാര്ഥനാലയവുമാണ്. ദിവസേന തീര്‍ഥാടകര്‍ ഇവിടെയെത്തി രോഗശമനങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പ്രാര്‍ഥിക്കുന്നു.
കൊട്ടിയം ഹോളിക്രോസ് ആശുപത്രിയോട് ചേര്‍ന്നാണ് പ്രീസ്റ്റ് ഹോം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ അവിടെയെത്തുന്ന രോഗികളാണ് കൂടുതലായി ബിഷപ് ജെറോമിന്റെ മുറിയിലെത്തി രോഗശാന്തിക്കായി പ്രാര്‍ഥിക്കുന്നത്. ബിഷപ് ജെറോം ഉപയോഗിച്ച കട്ടില്, കൈതോലപ്പായ, തലയണ, ഊന്നുവടികള്‍, കത്തിച്ചശേഷം പാതിയായ മെഴുകുതിരി, പൂക്കള്‍, പുസ്തകങ്ങള്‍, ബുക്കുകള്‍ എന്നിവ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. രൂപക്കൂട്ടില്‍ മാതാവിന്റെ പ്രതിമയുമുണ്ട്.

എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ ദിവ്യകാരുണ്യ ആരാധനയോടെ കരിസ്മാറ്റിക് പ്രാര്‍ഥന നടത്തുന്നു. വൈദികന് ബിഷപ് ജറോമിനെക്കുറിച്ച് ചെറുപ്രസംഗം നടത്തും. ഔദ്യോഗിക സ്ഥാനത്തു നിന്നു വിരമിക്കുന്ന വൈദികര്‍ക്കായി കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയോട് ചേര്‍ന്ന് സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോം സ്ഥാപിച്ചത് ബിഷപ് ജറോമാണ്.
ബിഷപ് സ്ഥാനത്തു നിന്നു വിരമിച്ചശേഷം അദ്ദേഹം പ്രീസ്റ്റ് ഹോമിലെ അന്തേവാസിയായി. ബിഷപ് സ്ഥാനത്തു നിന്നു വിരമിച്ചശേഷം കാവിവസ്ത്രമാണ് അദ്ദേഹം സ്വീകരിച്ചത്. കരിസ്മാറ്റിക് പ്രസ്ഥാനവുമായി ബന്ധപ്പെട്ട്
അദ്ദേഹം നിരന്തമായി യാത്ര ചെയ്തു. കാര്‍ ഉപേക്ഷിച്ച് ബസിലും ഓട്ടോയിലും സംസ്ഥാനത്തുടനീളം സഞ്ചരിച്ചു. കൊട്ടിയത്തു നിന്ന് തങ്കശേരി ബിഷപ്സ് ഹൗസിലേക്ക് സ്വകാര്യ ബസില്‍ കയറി സഞ്ചരിക്കും.
സ്വന്തം ബാഗും തൂക്കി മുന്‍ ബിഷപ് ബസില്‍ നിന്നിറങ്ങി ബിഷപ്സ് ഹൗസിലേക്ക് പലപ്പോഴും നടന്നുപോകും. ചിലപ്പോള്‍ ഓട്ടോയില്‍ കയറും. മറ്റുള്ളവരെ കഴിയന്നത്ര ബുദ്ധിമുട്ടിക്കാതെ സഞ്ചരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്ന് പ്രീസ്റ്റ് ഹോമിലെ അന്തേവാസിയും കൊട്ടിയം ഐടിഐ മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ജോര്‍ജ് മാത്യു പറഞ്ഞു.
സ്വന്തം വസ്ത്രങ്ങള്‍ കഴിയന്നത്രയും അദ്ദേഹം സ്വന്തമായിതന്നെ അലക്കി ഉണക്കിയിരുന്നു. അവസാന നാളുകളില്‍ ദീര്‍ഘ യാത്രകള്‍ ഒഴിവാക്കി. ആ സമയങ്ങളില്‍ പ്രാര്‍ഥനാ നിയോഗങ്ങള്‍ക്കായി പലരും എത്തുമായിരുന്നു, പഠനം, ജോലി, രോഗം എന്നിവയ്ക്കായി പ്രാര്‍ഥന തേടിയാണ് സന്ദര്‍ശകര്‍ എത്തിയിരുന്നത്.
രോഗബാധിതനായി കിടക്കുമ്പോള്‍ പട്ടത്താനം സിസ്റ്റേഴ്സ് പരിചരിച്ച കാര്യം ഫാ. ജോര്‍ജ് മാത്യു ഓര്‍ത്തെടുത്തു. അവസാന നാളുകളില്‍ രാത്രികളില്‍ ബിഷപ് ജറോമിനൊപ്പം രാത്രികളില്‍ കഴിഞ്ഞ കാര്യവും അദ്ദേഹം വിവരിച്ചു.