ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മി വിളക്ക്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം എന്ന കൊച്ചു ഗ്രാമത്തില്‍ അദ്ഭുതങ്ങള്‍ വിരിയുകയാണ്. നൂറ്റാണ്ടുകളിലൂടെ കൈമാറി വന്ന ശില്പനിര്മാണ പൈതൃകം മങ്ങലേല്ക്കാതെ കാത്തുസൂക്ഷിക്കുന്നവരുടെ ഈറ്റില്ലമായ ഈ നാട്ടിലെ മൂശാരിമാരുടെ കരവിരുതാണ് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്.
കുഞ്ഞിമംഗലത്തെ കരകൗശല കലാകാരന്മാരുടെ കൂട്ടായ്മയായ ബെല്‍ മെറ്റല്‍ ക്ലസ്റ്ററിലെത്തിയാല് കരവിരുതുകളുടെ കമനീയ ഭാവങ്ങള്‍ കാണാം.
ഇവിടെ സൂക്ഷിച്ചിരിക്കുന്ന പുസ്തകത്തില്‍ ഇവരുടെ കരവിരുതിനെ വാനോളം പുകഴ്ത്തിയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ടൂറിസ്റ്റുകള്‍ എഴുതിവച്ചിരിക്കുന്ന സന്ദര്‍ശക കുറിപ്പുകള്‍ വായിച്ചാല്‍ ഇവര്‍ക്ക് കൈമാറിക്കിട്ടിയ പൈതൃകത്തിന്റെ തിളക്കങ്ങളും കാണാം.
ഒരുവര്‍ഷം മൂവായിരത്തോളം സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്. ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ഥികള്‍ പ്രോജക്ട് വര്‍ക്കുകള്‍ ചെയ്യാനായി എത്തുന്നതും ഇവിടെയാണ്.
പത്തുവര്‍ഷം മുമ്പ് സര്‍ക്കാര്‍ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചതോടെയാണ് കുഞ്ഞിമംഗലത്തെ ഈ വെങ്കല കലാകാരന്മാരുടെ കൂട്ടായ്മ കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള പൈതൃകം
കുഞ്ഞിമംഗലത്ത് നിന്ന് പിറവിയെടുത്ത അഴീക്കോട് പാലോട്ട് കാവിലെ വിളക്കിന് 1200 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് വിളക്കില്‍ ആലേഖനം ചെയ്തിരിക്കുന്ന തീയതി ഓര്‍മിപ്പിക്കുന്നു.
കുഞ്ഞിമംഗലത്തെ മൂശാരിമാരെ വിളിച്ചുവരുത്തി ചാലില്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ താമസിപ്പിച്ച് അവിടെ നിര്‍മിച്ച പള്ളിമണികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയതിന്റെ ചരിത്രവും ഈ നാടിന് പറയാനുണ്ട്.
അയോദ്ധ്യ രാമക്ഷേത്രത്തിലെ ശ്രീരാമ വിളക്ക്, ഗുരുവായൂരിലെ അസ്തലക്ഷ്മി കണ്ണാടി എന്നിവ ശില്പശാസ്ത്ര പ്രകാരം കുഞ്ഞിമംഗലത്തെ മൂശാരിമാര്‍ നിര്‍മിച്ചു നല്‍കിയതാണ്.
പഞ്ചലോക വിഗ്രഹങ്ങള്‍, തെയ്യത്തിന്റെ ആടയാഭരണങ്ങള്‍, തിരുവാഭരണങ്ങള്‍, താഴികക്കുടം, ചന്ദ്രക്കല, പള്ളിമണികള്‍, ജൈന തീര്‍ഥങ്കര വിഗ്രഹങ്ങള്‍, ബുദ്ധപ്രതിമ, വട്ടളങ്ങള്‍, ഉരുളി, ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മി വിളക്ക്, ചങ്ങലവട്ട, ഗുരുവായൂരപ്പന് വിളക്ക് തുടങ്ങി അന്പതില്പരം വിളക്കുകള്‍ എന്നിവയുള്‍പ്പെടെ ആറുനൂറോളം നിര്‍മിതികളാണ് കുഞ്ഞിമംഗലത്തിന്റെ സംഭാവനയായി ഉള്ളത്.
കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലേക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിച്ചുനല്‍കിയ ടെറാമാരീസ് ശില്പം പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും ഇവര്‍ തയാറാണെന്ന വെളിപ്പെടുത്തലായിരുന്നു.
ശില്പങ്ങള് രൂപപ്പെടുന്നതിങ്ങനെ
പന്ത്രണ്ടിലധികം നിര്‍മാണ ഘട്ടങ്ങളിലൂടെയാണ് ഒരു ശില്പം രൂപപ്പെടുന്നത്. ഓരോ നിര്‍മിതിക്കു പിന്നിലും ദിവസങ്ങളുടെ കഠിനാധ്വാനവും ആത്മസമര്പ്പണവുമാവശ്യമാണ്. കളിമണ്ണ്, ഓല, കരി എന്നീ അസംസ്കൃത വസ്തുക്കള്‍ നാട്ടുപ്രദേശങ്ങലിൽനിന്നാണ് ശേഖരിക്കുന്നത്.
കളിമണ്ണും പുഴമണലും ചാക്ക് നൂലും കൃത്യമായ അളവില്‍ ചാലിച്ചെടുത്താണ് ശില്പത്തിന്റെ അടിസ്ഥാനം രൂപപ്പെടുത്തുന്നത്. ഇതിനു മുകളില്‍ മെഴുകും കുന്തിരിക്കവും എണ്ണയും ചേര്‍ത്ത മിശ്രിതം തേച്ചുപിടിപ്പിച്ച് അതിലാണ് കൊത്തുപണികളും സുക്ഷ്മഭാവങ്ങളും കരവിരുതില്‍ ചെയ്തെടുക്കുന്നത്.
അതിനു മുകളില്‍ വീണ്ടും പ്രത്യേക തരം കളിമണ്ണ് തേച്ചുപിടിപ്പിച്ച് ശക്തമായ ഒരു പുറംകവചം തീര്‍ക്കും. ഈ അച്ചില്‍ ഒരു ചെറിയ ദ്വാരവും ഉണ്ടാക്കും. ഇതിനെ ചൂളയില്‍ വച്ച് ചുട്ടെടുക്കുമ്പോള്‍ ഉള്ളിലെ മെഴുക് ദ്വാരത്തിലൂടെ ഉരുകി പുറത്തേക്ക് ഒഴുകിപോകുന്നു.
ഇതോടെ അച്ചിനുള്ളിലുണ്ടാകുന്ന ശൂന്യമായ അറയിലേക്ക് ചെമ്പും ഈയവും സിങ്കും ചേര്‍ത്ത് ചൂടാക്കി തിളച്ചുമറിയുന്ന രൂപത്തിലുള്ള വെങ്കലക്കൂട്ട് ഒഴിക്കുന്നു. തണുക്കുമ്പോള്‍ പുറമെയുള്ള കളിമണ്‍ കവചം തല്ലിയുടച്ച് ഉള്ളിലെ രൂപം പുറത്തെടുക്കുന്നു. അതിനുശേഷം അരം ഉപയോഗിച്ച് മിനുക്കി അതിന് പൂര്‍ണത നല്കുന്നു.
ഇവയെല്ലാം ഈ ആലകളില്‍ തന്നെയാണ് ഇന്നും പിറവിയെടുക്കുന്നത്. ലോഹപരിശുദ്ധി, രൂപഗുണം, ആകൃതി, ശില്പചാരുത എന്നിവ കുഞ്ഞിമംഗലത്തെ ശില്പങ്ങളുടെ പകരം വയ്ക്കാനില്ലാത്ത പ്രത്യേകതയാണ്.

വെല്ലുവിളികളേറെ, സര്‍ക്കാര്‍ കനിയുമോ..?
കാലം മാറിയപ്പോള്‍ വിപണിയില്‍ വിലകുറഞ്ഞ മെഷീന് നിര്‍മിത വ്യാജന്മാര് കളംപിടിച്ചതോടെ ഈ കുലത്തൊഴില്‍ വലിയ വെല്ലുവിളികളെ നേരിടുകയാണ്. 1990 കളില്‍ നൂറോളം കുടുംബങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് മുപ്പതോളം കുടുംബങ്ങള്‍ മാത്രമാണ് ഈ പാരമ്പര്യം മുറുകെപ്പിടിച്ച് ജീവിക്കുന്നത്.
ഇവരില്‍ പതിനഞ്ചോളം തൊഴിലാളികള്‍ ചേര്‍ന്ന് രൂപീകരിച്ച ട്രസ്റ്റ് വാടക സ്ഥലത്ത് നിര്‍മിച്ച പണിപ്പുരയിലാണ് ഇപ്പോള്‍ ശില്പനിര്മാണം നടക്കുന്നത്. മുമ്പ് റിവര്‍ ക്രൂയിസ് പദ്ധതിയുമായി ബന്ധപ്പെടുത്തി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പദ്ധതിയിട്ടിരുന്നു.
എന്നാല്‍, ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന് പിന്നിട് നടപടികളൊന്നും കണ്ടില്ല. മുമ്പ് ജില്ലാ കളക്ടര്‍ ഇടപെട്ട് മുന്‍ ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ നിരവധി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. അന്നു മുതലാണ് വിദൂരങ്ങളില്‍നിന്ന് വിനോദ സഞ്ചാരികളെത്താന്‍ തുടങ്ങിയത്.
ഇപ്പോള്‍ സാംസ്കാരിക വകുപ്പിന് കീഴില്‍ റൂറല്‍ ആര്‍ട് ഹബ് പദ്ധതിയിലുള്‍പ്പെടുത്തി വിഗ്രഹ സ്വാശ്രയ സംഘമുണ്ടാക്കിയാണ് ഈ തൊഴിലാളികളുടെ പ്രവര്‍ത്തനം.
ടി. പദ്മനാഭന് (പ്രസിഡന്റ്), പി. വത്സന്സ (സെക്രട്ടറി) എന്നിവരാണ് ഈ സംഘത്തിന്റെ ഭാരവാഹികള്‍. നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് കൈമാറ്റം ചെയ്യുന്നതിനാല്‍ ഇവിടെയെത്തുന്നവര്‍ക്ക് കാണുന്നതിനോ വാങ്ങുന്നതിനോ ഇവിടുത്തെ സൃഷ്ടികള്‍ കാണിച്ച് പുതിയ ഓര്ഡറുകളെടുക്കാനോ സാധിക്കുന്നില്ല.
ഈ പോരായ്മ പരിഹരിക്കുന്നതിന് ഒരു മ്യൂസിയമുണ്ടാക്കിയാല് പ്രശ്നപരിഹാരമാകുമെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നു. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞവരാണെങ്കിലും പലപ്പോഴും ജീവിതം മുന്നോട്ടു തള്ളിനീക്കാനാകാതെ ബുദ്ധിമുട്ടുകയാണിവര്‍.
അതിനാല്‍ത്തന്നെ പുതുതലമുറകള്‍ ഈ തൊഴില്‍ മേഖലയോട് മുഖംതിരിച്ചാണ് നില്‍ക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രോത്സാഹനമില്ലെങ്കില്‍ നമ്മുടെ നാടിന്റെ പൈതൃകങ്ങളിലൊന്നായ ഈ തൊഴില്‍ മേഖലയും താമസിയാതെ നിശ്ചലമാകുമെന്നതാണവസ്ഥ.
Tags : SpecialNews