പെരുമ്പാവൂരിലെ ഗോഡൗണിൽ എക്സൈസ് റെയ്ഡ് നടത്തുന്നു
കൊച്ചി: കാലിത്തീറ്റ ഗോഡൗൺ എന്ന വ്യാജേന ഹാൻസ് ശേഖരം സൂക്ഷിച്ച പെരുമ്പാവൂരിലെ ഗോഡൗണിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 26.5 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി. കോട്ടയത്ത് നിന്നും ഒരു കോടി 30 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വൻ ഹാൻസ് ശേഖരം പിടികൂടിയത്.
എക്സൈസ് കമ്മീഷണറുടെ സ്ക്വാഡും, എക്സൈസ് ഇന്റലിജൻസ് ടീമും, പെരുമ്പാവൂർ എക്സൈസ് റേഞ്ച് ടീമും നടത്തിയ സംയുക്ത റെയ്ഡിലാണ് 26,250 പാക്കറ്റ് ഹാൻസ് പിടികൂടിയത്. ഇതിന് ഉദ്ദേശം 26.5 ലക്ഷം രൂപ വിപണി വില വരും.
പെരുമ്പാവൂരിന് സമീപമുള്ള ലോറി സ്റ്റാൻഡിനോട് അനുബന്ധിച്ചുള്ള പൂട്ടിയ നിലയിൽ കാണപ്പെട്ട രണ്ട് വൻ ഗോഡൗണുകളിൽ നിന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്. കാലിത്തീറ്റ എന്ന വ്യാജേന ഹാൻസ് ചാക്കുകളിൽ ആക്കി രാത്രികാലങ്ങളിൽ ലോറിയിലും മറ്റുമായി ഗോഡൗണിൽ എത്തിച്ച് സൂക്ഷിച്ചുവരികയായിരുന്നു.
ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ വാടകയ്ക്ക് നൽകിയിരുന്ന ഗോഡൗൺ കെട്ടിടത്തിന്റെ താഴ് പൊട്ടിച്ച് നടത്തിയ പരിശോധനയിൽ ആണ് ഇത്രയും അധികം ഹാൻസ് ശേഖരം പിടികൂടിയത്. പ്രതികളായി സംശയിക്കുന്ന കോട്ടയം, കൊല്ലം സ്വദേശികളെ കണ്ടെത്തുന്നതിനായി എക്സൈസ് ഊർജിത അന്വേഷണം ആരംഭിച്ചു
Tags : Operation Thunder Hans seized Excise Raid