പ്രതീകാത്മക ചിത്രം
മനാമ: ബഹ്റിനിലെ അൽ റാംലി ഹൗസിംഗ് മേഖലയിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 27 വയസുള്ള അമ്മയും മൂന്ന് പിഞ്ചുമക്കളും ദാരുണമായി മരിച്ചു. അഞ്ച്, മൂന്ന്, ഒന്ന് വയസുള്ള കുട്ടികളാണ് അമ്മയ്ക്കൊപ്പം ദുരന്തത്തിൽ മരിച്ചത്.
ബ്ലോക്ക് 714-ലെ താമസകെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഫ്ലാറ്റ് നമ്പർ 14-ലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
അഞ്ചുവയസ്സുള്ള കുട്ടിയെ രക്ഷാപ്രവർത്തകർ നേരിയ ഹൃദയമിടിപ്പോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. അമ്മയും മറ്റു രണ്ട് കുട്ടികളും തീപിടിത്തത്തിൽ മരിച്ചു.
തീപിടിത്തമുണ്ടായ സമയത്ത് ഭർത്താവ് ഹസൻ അബ്ദുൽഅൽ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മൂന്ന് മക്കളെയും നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
ഒരു കുടുംബത്തിലെ അമ്മയുടെയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവൻ ഒരുമിച്ച് കവർന്ന ദുരന്തം ബഹ്റിൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Tags : Bahrain FireTragedy Death